'ലാവ ഇഡ്ഡലി'; ഭക്ഷണപ്രേമികളുടെ വിമര്‍ശനം നേടി ഫുഡ് വീഡിയോ
ഇഡ്ഡലിയും ഗോല്‍ഗപ്പയും സാമ്പാറുമെല്ലാം ചേര്‍ത്താണ് ഐറ്റം തയ്യാറാക്കുന്നത്. കാണാൻ ശരിക്കും കൗതുകം തോന്നിക്കുന്നതാണ് സംഭവമെങ്കിലും വിമര്‍ശനങ്ങളാണ് കാര്യമായും നേരിടുന്നത്.
ഭക്ഷണങ്ങളെ കുറിച്ചുള്ള നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. പരിചിതമോ അല്ലാത്തതോ ആയ റെസിപികള്‍ പങ്കുവയ്ക്കുന്നത് മുതല്‍ വിഭവങ്ങളിലെ പുതിയ പരീക്ഷണങ്ങളും അവയെ കുറിച്ചുള്ള രസകരമായ വിവരങ്ങളുമെല്ലാം ഇത്തരത്തിലുള്ള ഫുഡ് വീഡിയോകളില്‍ ഉള്ളടക്കമായി വരാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഇവയെ കുറിച്ചെല്ലാം സജീവമായ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും ഒപ്പം തന്നെ ഉയരാറുമുണ്ട്. ഇപ്പോഴിതാ ഏറെ ആരാധകരുള്ള ദക്ഷിണേന്ത്യൻ വിഭവമായ ഇഡ്ഡലിയില്‍ നടത്തിയിരിക്കുന്ന ഒരു പരീക്ഷണത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഒരു സംഘം ഭക്ഷണപ്രേമികള്‍ ചര്‍ച്ച ചെയ്യുന്നത്.
ഇഡ്ഡലിയും ഗോല്‍ഗപ്പയും സാമ്പാറുമെല്ലാം ചേര്‍ത്താണ് ഐറ്റം തയ്യാറാക്കുന്നത്. കാണാൻ ശരിക്കും കൗതുകം തോന്നിക്കുന്നതാണ് സംഭവമെങ്കിലും വിമര്‍ശനങ്ങളാണ് കാര്യമായും നേരിടുന്നത്.
മാവ് തയ്യാറാക്കിയ ശേഷം ഇത് എണ്ണ പുരട്ടിയ മോള്‍ഡിലോ ബൗളിലോ ഒഴിച്ച് ഇതിലേക്ക് ഗോല്‍ഗപ്പയില്‍ സാമ്പാര്‍ പകര്‍ന്ന് വയ്ക്കുകയാണ് ചെയ്യുന്നത്. ശേഷം വീണ്ടും മാവൊഴിച്ച് ഇത് ആവിയില്‍ വേവിച്ചെടുക്കുന്നു.
ഇങ്ങനെ ചെയ്യുമ്പോള്‍ വേവിച്ചുകഴിഞ്ഞ ശേഷം ഇഡലിയില്‍ ഫില്ലിംഗ് പോലെ സാമ്പാറും ഗോല്‍ഗപ്പയും വരും.'ലാവ ഇഡ്ഡലി'യെന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. അതേസമയം ഇങ്ങനെയൊരു പരീക്ഷണം വേണ്ടായിരുന്നു എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ധാരാളം പേരുടെ ഇഷ്ടവിഭവമാണ് ഇഡ്ഡലിയെന്നത് തന്നെയാണ് ഈ വിമര്‍ശനത്തിന് കാരണമായി വരുന്നത്.
എന്തായാലും ചര്‍ച്ചകളിലൂടെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചെറിയൊരു വിഭാഗമൊഴികെ മറ്റെല്ലാവരും തന്നെ ഇഡ്ഡലിയിലെ പുത്തൻ പരീക്ഷണത്തെ വിമര്‍ശിക്കുകയാണ്.
നേരത്തെ ഒരു പൂവില്‍ നിന്നെടുത്ത നീല നിറമുപയോഗിച്ച് 'ബ്ലൂ ഇഡ്ഡലി' തയ്യാറാക്കിയ ഒരു ഫുഡ് വ്ളോഗര്‍ക്കും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നു.
Also Read:- ഇതാണ് ഭീമന്‍ പിസ; 68,000 പിസ കഷ്ണങ്ങള്‍, 1310 ചതുരശ്ര മീറ്റര്‍ വലുപ്പം! വീഡിയോ