'വിശപ്പ്' വണ്ണം കുറയ്ക്കാൻ സമ്മതിക്കുന്നില്ലേ? എങ്കില്‍ ചെയ്യാം ഈ ആറ് കാര്യങ്ങള്‍...
'മൈൻഡ്ഫുള്‍ ഈറ്റിംഗ്' എന്നൊരു രീതിയുണ്ട്. നാടൻ ശൈലിയില്‍ പറഞ്ഞാല്‍ മനസറിഞ്ഞ് കഴിക്കുക. ഭക്ഷണം ഒന്നിച്ച് പെട്ടെന്ന് കഴിച്ചുതീര്‍ക്കുക, ടിവിയോ കംപ്യൂട്ടറോ, ഫോണോ നോക്കിയിരുന്ന് കഴിച്ചുകൊണ്ടിരിക്കുക എന്നീ ശീലങ്ങളെല്ലാം മാറ്റിവച്ച്. മനസറിഞ്ഞ് കഴിക്കുക.
വണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഭക്ഷണത്തില്‍ കാര്യമായ നിയന്ത്രണങ്ങളും ഒപ്പം തന്നെ വര്‍ക്കൗട്ടുമെല്ലാം ഇതിന് വേണ്ടി ചെയ്യേണ്ടിവരാം. എന്നാല്‍ വണ്ണം കുറയ്ക്കുന്നതിന് വേണ്ടി ഡയറ്റ് പാലിക്കുമ്പോഴും വിശപ്പ് അമിതമാകുന്നത് മൂലം ഈ ശ്രമം ഉപേക്ഷിക്കേണ്ടിവരികയോ, പാളിപ്പോവുകയോ ചെയ്യുന്നവര്‍ ഏറെയാണ്.
എങ്ങനെയാണ് ഈ പ്രശ്നത്തെ ഒന്ന് മറികടക്കുകയെന്ന് ചിന്തിച്ച് വിഷമിച്ചെങ്കില്‍ ധൈര്യമായി ഈ ആറ് കാര്യങ്ങളൊന്ന് ചെയ്തുനോക്കൂ...
ഒന്ന്...
ഏതുതരം ഡയറ്റാണ് പിന്തുടരുന്നത് എങ്കിലും ഇതില്‍ നിന്ന് ഇടയ്ക്ക് ചെറിയ ഇടവേളയെടുക്കാം. ഗ്രെലിൻ- ലെപ്റ്റിൻ തുടങ്ങിയ വിശപ്പിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളെ സംവേദക്ഷമമാക്കാൻ ഇത് സഹായിക്കും. ഇത് വിശപ്പിന്‍റെ തോത് മനസിലാക്കുന്നതിനും പിന്നീട് സഹായകമായിരിക്കും. എന്നാല്‍ ഇടവേളയെടുക്കുമ്പോള്‍ ഡയറ്റുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങളെ പാടെ അട്ടിമറിക്കുന്നതിന് തുല്യമാകരുതെന്ന് മാത്രം.
രണ്ട്...
'മൈൻഡ്ഫുള്‍ ഈറ്റിംഗ്' എന്നൊരു രീതിയുണ്ട്. നാടൻ ശൈലിയില്‍ പറഞ്ഞാല്‍ മനസറിഞ്ഞ് കഴിക്കുക. ഭക്ഷണം ഒന്നിച്ച് പെട്ടെന്ന് കഴിച്ചുതീര്‍ക്കുക, ടിവിയോ കംപ്യൂട്ടറോ, ഫോണോ നോക്കിയിരുന്ന് കഴിച്ചുകൊണ്ടിരിക്കുക എന്നീ ശീലങ്ങളെല്ലാം മാറ്റിവച്ച്. മനസറിഞ്ഞ് കഴിക്കുക. ഇത് അമിതമായി കഴിക്കുന്നത് തടയാനും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമായി വരാനുമെല്ലാം സഹായിക്കും. വിശപ്പിനെ ശമിപ്പിക്കുന്നതിനും ഈ രീതി നല്ലതോതില്‍ സഹായകമാണ്.
മൂന്ന്...
ഭക്ഷണം കഴിക്കുമ്പോള്‍ സാവധാനവും നന്നായി ചവച്ചരച്ചും കഴിക്കാൻ ശ്രദ്ധിക്കുക. ഇതും അമിതമായി കഴിക്കുന്നത് തടയാനും വിശപ്പ് ശമിപ്പിക്കാനും സഹായിക്കും. അതുപോലെ തന്നെ ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുമ്പോള്‍ അതിന്‍റെ വിഘടനവും ദഹനവും എളുപ്പത്തിലാകും. ഇതും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്തും.
നാല്...
നമ്മള്‍ ഭക്ഷണം നിയന്ത്രിക്കുമ്പോള്‍ അതിനൊപ്പം നമ്മുടെ ശരീരത്തിലേക്ക് അവശ്യം എത്തേണ്ട പോഷകങ്ങള്‍ നിയന്ത്രിക്കപ്പെടരുത്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒരുദാഹരണമെടുത്താല്‍ വൈറ്റമിൻ-ഡി കുറയുമ്പോള്‍ അത് ലെപ്ടിൻ എന്ന ഹോര്‍മോണ്‍ കുറയുന്നതിന് കാരണമാകുന്നു. ഇതോടെ വിശപ്പ് അമിതമാകുന്നു.
അഞ്ച്...
ഡയറ്റിനും വര്‍ക്കൗട്ടിനുമൊപ്പം മറ്റ് ജീവിതരീതികളും നിയന്ത്രണത്തിലാക്കേണ്ടതുണ്ട്. ഇതിലൊന്നാണ് ഉറക്കം. ദിവസവും കൃത്യമായി ഏഴ് മണിക്കൂര്‍- എട്ട് മണിക്കൂര്‍ ഉറക്കം രാത്രിയില്‍ ഉറപ്പുവരുത്തുക. ഇത് തുടര്‍ച്ചയായും ആഴത്തിലും കിട്ടുകയും വേണം. ഉറക്കം ശരിയായില്ലെങ്കില്‍ അത് വിശപ്പ് വര്‍ധിപ്പിക്കും.
ആറ്...
ജീവിതരീതികള്‍ കൂടി മെച്ചപ്പെടുത്തണമെന്ന് മുകളില്‍ സൂചിപ്പിച്ചുവല്ലോ. ഇക്കൂട്ടത്തില്‍ വരുന്നൊരു ഘടകമാണ് മാനസികസമ്മര്‍ദ്ദങ്ങള്‍ അഥവാ സ്ട്രെസും. സ്ട്രെസ് നല്ലതുപോലെ നിയന്ത്രിച്ചില്ലെങ്കില്‍ അതും വിശപ്പിനെ വര്‍ധിപ്പിക്കും. ചിലരില്‍ 'സ്ട്രെസ് ഈറ്റിംഗ്' എന്ന സ്വഭാവം തന്നെ കാണാറുണ്ട്. സമയത്തിന് ഭക്ഷണം, കാര്യങ്ങളെ പോസിറ്റീവ് ആയി സമീപിക്കാനുള്ള മനസ്, വിനോദം, യോഗ പോലുള്ള പരിശീലനങ്ങള്‍, വ്യായാമം, കൃത്യമായ ഉറക്കം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം സ്ട്രെസ് കൈകാര്യം ചെയ്യുന്നതിന് ചെയ്തുനോക്കാം.
Also Read:- വണ്ണം കുറയ്ക്കാൻ പതിവായി നടന്നിട്ട് കാര്യമുണ്ടോ? നടപ്പിന്‍റെ ഗുണങ്ങളെന്തെല്ലാം?