എല്ലുകള്‍ പൊട്ടുക, പേശി ബലഹീനത, ചര്‍മ്മത്തിന്‍റെ ദൃഢത നഷ്ടപ്പെടുക; ഈ പോഷകത്തിന്‍റെ കുറവാകാം...
പേശികളുടെ വളര്‍ച്ചയ്ക്കും രോഗ പ്രതിരോധശേഷിക്കുമെല്ലാം പ്രോട്ടീനുകള്‍ ആവശ്യമാണ്. പ്രോട്ടീന്റെ കുറവ് ഉണ്ടായാൽ ഹോർമോൺ വ്യതിയാനം, മസിലുകൾക്ക് പ്രശ്നങ്ങൾ, വിളർച്ച, ത്വക്ക് രോഗങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകും.
ശരീരത്തിന്റെ പല പ്രവർത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കുന്ന ഒരു പോഷകമാണ് പ്രോട്ടീൻ. പേശികളുടെ വളര്‍ച്ചയ്ക്കും രോഗ പ്രതിരോധശേഷിക്കുമെല്ലാം പ്രോട്ടീനുകള്‍ ആവശ്യമാണ്. പ്രോട്ടീന്റെ കുറവ് ഉണ്ടായാൽ ഹോർമോൺ വ്യതിയാനം, മസിലുകൾക്ക് പ്രശ്നങ്ങൾ, വിളർച്ച, ത്വക്ക് രോഗങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകും.
ശരീരത്തിന് ആവശ്യത്തിന് പ്രോട്ടീനുകള്‍ ലഭിച്ചില്ലെങ്കില്‍ ശരീരം കാണിക്കുന്ന ചില സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
പ്രോട്ടീനിന്‍റെ കുറവു മൂലം പേശി ബലഹീനത ഉണ്ടാകാം. അതിനാല്‍ മസില്‍ കുറവിലേക്ക് ശരീരം പോയാല്‍, അത് ചിലപ്പോള്‍ പ്രോട്ടീനിന്‍റെ കുറവു കൊണ്ടാകാം.
രണ്ട്...
തലമുടി കൊഴിച്ചിലും പ്രോട്ടീനിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ഒരു ലക്ഷണമാണ്. അതിനാല്‍ അകാരണമായി തലമുടി കൊഴിയുന്നതിനെ നിസാരമായി കാണേണ്ട.
മൂന്ന്...
പ്രോട്ടീൻ കുറയുമ്പോള്‍ അത് നഖത്തിന്‍റെ ആരോഗ്യത്തെയും മോശമായി ബാധിക്കാം. നഖം പൊട്ടുന്നതും പ്രോട്ടീൻ കുറവിന്‍റെ ലക്ഷണമാകാം.
നാല്...
എല്ലുകള്‍ ദുര്‍ബലമാവുക, എല്ലുകള്‍ പൊട്ടുക തുടങ്ങിയവയും പ്രോട്ടീൻ കുറവിന്‍റെ ലക്ഷണമാകാം. കാരണം എല്ലുകളുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന ഘടകമാണ് പ്രോട്ടീൻ.
അഞ്ച്...
നമ്മുടെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് പ്രോട്ടീൻ ആവശ്യമാണ്. അതിനാല്‍ പ്രോട്ടീൻ കുറയുന്നത് മൂലം രോഗ പ്രതിരോധശേഷി ദുര്‍ബലമാകാനും എപ്പോഴും രോഗങ്ങള്‍ വരാനുമുള്ള സാധ്യതയുണ്ട്.
ആറ്...
പ്രോട്ടീൻ കുറയുമ്പോള്‍ വിശപ്പ് കൂടാനും വണ്ണം കൂടാനും സാധ്യതയുണ്ട്. ശരീര ഭാരം കുറയ്ക്കാന്‍ കഴിയാതെ വരുന്നതും ഇതുമൂലമാകാം.
ഏഴ്...
അമിത ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും ശരീരത്തില്‍ പ്രോട്ടീൻ കുറയുമ്പോഴും ക്ഷീണം അനുഭവപ്പെടാം.
എട്ട്...
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പ്രോട്ടീന്‍ പ്രധാനമാണ്. അതിനാല്‍ പ്രോട്ടീൻ കുറയുമ്പോള്‍ ചര്‍മ്മം വരണ്ടതാകാനും ചര്‍മ്മത്തിന്‍റെ ദൃഢത നഷ്ടപ്പെടാനും കാരണമാകും.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പതിവായി കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...