കഴിക്കുന്ന ഭക്ഷണത്തിന്റെ മുഴുവന്‍ ഗുണവും പിടിച്ചെടുക്കാം; ഏഴ് ടിപ്‌സ്
എങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ മുഴുവന്‍ ഗുണവും ലഭിക്കാതെ പോകാം. ഇത് കഴിക്കാനായി തെരഞ്ഞെടുക്കുന്ന ഭക്ഷണത്തിന്റെ പോരായ്കയോ, അളവിലെ വ്യത്യാസമോ, കഴിക്കുന്ന രീതിയിലെ പ്രശ്‌നമോ ഒക്കെയാകാം. ഇവിടെയാണ് 'മൈന്‍ഡ്ഫുള്‍ ഈറ്റിംഗ്' എന്ന രീതിയുടെ പ്രാധാന്യം വരുന്നത്
നമ്മള്‍ എന്താണോ കഴിക്കുന്നത് അതുതന്നെയാണ് നമ്മള്‍ എന്നാണ് ഭക്ഷണത്തെ കുറിച്ച് ഏറ്റവും ലളിതമായി വിദഗ്ധര്‍ വിശേഷിപ്പിക്കാറ്. നൂറ് ശതമാനവും വസ്തുതാപരമായ വിലയിരുത്തലാണിത്. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വലിയ രീതിയില്‍ നിര്‍ണയിക്കുന്നത് ഡയറ്റ് തന്നെയാണ്.
എങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ മുഴുവന്‍ ഗുണവും ലഭിക്കാതെ പോകാം. ഇത് കഴിക്കാനായി തെരഞ്ഞെടുക്കുന്ന ഭക്ഷണത്തിന്റെ പോരായ്കയോ, അളവിലെ വ്യത്യാസമോ, കഴിക്കുന്ന രീതിയിലെ പ്രശ്‌നമോ ഒക്കെയാകാം. ഇവിടെയാണ് 'മൈന്‍ഡ്ഫുള്‍ ഈറ്റിംഗ്' എന്ന രീതിയുടെ പ്രാധാന്യം വരുന്നത്.
മനസറിഞ്ഞ് ഭക്ഷണം കഴിക്കുക എന്ന നാടന്‍ പ്രയോഗത്തിനെ മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ 'മൈന്‍ഡ്ഫുള്‍ ഈറ്റിംഗ്' ആയി. ഇത്തരത്തില്‍ മനസിനെ കൂടി അര്‍പ്പിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ അത് ആരോഗ്യത്തിന് ഇരട്ടിഗുണം ഏകുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ അവകാശപ്പെടുന്നത്. ഇതിന് സഹായകമായ ഏഴ് ടിപ്‌സ് ആണ് ഇനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
നിശ്ചിത സമയത്തിനുള്ളില്‍ കൃത്യമായി ഭക്ഷണം കഴിക്കുക. ഉദാഹരണത്തിന് ദിവസത്തില്‍ പത്ത് മണിക്കൂര്‍ സമയത്തിനുള്ളില്‍ മാത്രം ഭക്ഷണം കഴിപ്പ് ഒതുക്കാം. ഇതുതന്നെ ഇടവിട്ട് കഴിക്കുമ്പോള്‍ ചെറിയ അളവിലായി വേണം കഴിക്കാന്‍.
ടൈപ്പ്-2 പ്രമേഹം, ഹൃദ്രോഗം, കരള്‍രോഗം, സൈനസൈറ്റിസ്, അള്‍സര്‍, ടിബി, ആസ്ത്മ തുടങ്ങി പല രോഗങ്ങളാല്‍ വലയുന്നവര്‍ക്കും അനുയോജ്യമായ ഡയറ്റ് രീതിയാണിത്.
രണ്ട്...
കുടിവെള്ളം ഏറെ പ്രധാനമാണെന്ന് മനസിലാക്കുക. ദാഹം തോന്നുമ്പോഴും ചിലര്‍ അത് വിശപ്പായി തെറ്റിദ്ധരിച്ച് ഭക്ഷണം കഴിക്കാറുണ്ട്. ഇതൊരു സാധാരണ ഡയറ്റ് മിസ്റ്റേക്ക് ആണെന്നാണ് ന്യൂട്രിഷ്യനിസ്റ്റുകള്‍ അവകാശപ്പെടുന്നത്. അതായത് ഒട്ടുമിക്കയാളുകളും വരുത്തുന്നൊരു തെറ്റ്. അതിനാല്‍ തന്നെ ഇടവിട്ട് വെള്ളം കുടിച്ചുകൊണ്ടിരിക്കുക. ശരീരത്തില്‍ ജലാംശം എപ്പോഴും നിലനിര്‍ത്തുക. അങ്ങനെയാകുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കുന്ന രീതി ഒഴിവാക്കാം.
മൂന്ന്...
ആദ്യമേ സൂചിപ്പിച്ചത് പോലെ ഭക്ഷണത്തിന്റെ അളവ് എപ്പോഴും ശ്രദ്ധിക്കുക. ഒരു നേരം തന്നെ ഒരുപാട് അളവില്‍ കഴിക്കാതിരിക്കുക. ഇടവേളയെടുത്ത് അല്‍പാല്‍പമായി കഴിക്കാം.
നാല്...
ഭക്ഷണം കഴിക്കുമ്പോള്‍ ടിവി കാണുക, വായിക്കുക, മറ്റ് ഗാഡ്‌ഗെറ്റുകളുടെ ഉപയോഗം എന്നിവ പരമാവധി ഒഴിവാക്കുക. കഴിക്കുമ്പോള്‍ ഭക്ഷണത്തിലേക്ക് മാത്രം ശ്രദ്ധ നല്‍കുക. അല്ലാത്ത പക്ഷം അമിതമായ അളവില്‍ ഭക്ഷണം കഴിക്കാനിടയാവുകയും ദഹനപ്രശ്‌നം നേരിടുകയും ആവശ്യത്തിന് പോഷകങ്ങള്‍ ഭക്ഷണത്തില്‍ വലിച്ചെടുക്കുന്നതില്‍ ശരീരം പരാജയപ്പെടുകയും ചെയ്‌തേക്കാം.
അഞ്ച്...
കഴിക്കുമ്പോള്‍ ഭക്ഷണം നന്നായി ചവച്ചരച്ച ശേഷം മാത്രമേ ഇറക്കാവൂ എന്ന് പറയുന്നത് കേട്ടിട്ടില്ലേ? ഇത് കൃത്യമായും പാലിക്കേണ്ട ഒന്നാണ്.
കാരണം ദഹനപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം വായ്ക്കകത്ത് വച്ച് തന്നെയാണ് സംഭവിക്കേണ്ടത്. ഇതിന് ഭക്ഷണം നല്ലത് പോലെ ചവച്ചരച്ച് വിഘടിപ്പിക്കേണ്ടതുണ്ട്. അതുപോലെ തന്നെ ഭക്ഷണത്തിന്റെ മുഴുവന്‍ ഗുണവും ശരീരത്തിന് ലഭിക്കാനും അമിതമായി കഴിക്കുന്നത് ഒഴിവാക്കാനുമെല്ലാം ഈ രീതിയ സഹായിക്കും.
ആറ്...
കഴിക്കാനായി തെരഞ്ഞെടുക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പിക്കുന്നതിനൊപ്പം തന്നെ കഴിക്കുമ്പോഴുള്ള മാനസികാവസ്ഥയും വളരെ പ്രധാനമാണ്. കഴിയുന്നതും സ്വസ്ഥവും സന്തോഷവും നിറഞ്ഞ മനസോടെ വേണം ഭക്ഷണം കഴിക്കാന്‍. എങ്കില്‍ മാത്രമേ ഭക്ഷണത്തിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ കൃത്യമായി ശരീരത്തിലെത്തൂ. എന്ന് മാത്രമല്ല, സമ്മര്‍ദ്ദത്തിലോ നിരാശയിലോ എല്ലാം ഇരിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണം ഒരുക്ഷേ ശരീരത്തിന് 'നെഗറ്റീവ്' ഫലവും ഉണ്ടാക്കാം. ഉദാഹരണത്തിന് നീണ്ടുനില്‍ക്കുന്ന ദഹനപ്രശ്‌നങ്ങള്‍.
ഏഴ്...
ഗുണമേന്മയില്ലാത്തതോ, ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതോ ആയ ഭക്ഷണങ്ങള്‍ പരമാവധി വാങ്ങി, വീട്ടില്‍ സൂക്ഷിക്കാതിരിക്കുക. ഇതും ന്യൂട്രീഷ്യനിസ്റ്റുകള്‍ സര്‍വസാധാരാണമായി നല്‍കാറുള്ളൊരു ടിപ് ആണ്. മോശം ഭക്ഷണപദാര്‍ത്ഥങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുകയാണെങ്കില്‍ അത് നമ്മള്‍ കഴിക്കാനുള്ള സാധ്യത കൂടുതലാണ്. എത്ര ശ്രമിച്ചാലും ചില സന്ദര്‍ഭങ്ങളില്‍ നിയന്ത്രിക്കാന്‍ കഴിയാതെയാകും. അതിനാല്‍ 'ഹെല്‍ത്തി' ആയി ഷോപ്പിംഗ് നടത്താന്‍ ശ്രമിക്കുക.
Also Read:- നിങ്ങൾ മധുരപ്രിയരാണോ? നല്ല ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങള്‍...