നല്ലതാണോ ഈ നല്ലെണ്ണ?

ആവശ്യക്കാർ കൂടിയതും ഉയർന്ന വിലയുമാണ് എള്ളെണ്ണയിലെ വ്യാപകമായ മായം ചേർക്കലിനു കാരണം. പരുത്തിക്കുരു എണ്ണ, സോയാബീൻ എണ്ണ, തോട്ടണ്ടി എണ്ണ, ആർജിമോൺ (പൊന്നുമ്മം/mexican poppy) ഓയിൽ തുടങ്ങി വിലയും ഗുണവും കുറഞ്ഞ മറ്റ് എണ്ണകളാണ് നല്ലെണ്ണയിൽ ചേർക്കുന്ന പ്രധാന മായങ്ങൾ

Sesame oil mostly adulterated with cheaper oils

മലയാളികൾ ധാരാളം ഉപയോഗിക്കുന്ന ഒന്നാണ് നല്ലെണ്ണ എന്നറിയപ്പെടുന്ന എള്ളെണ്ണ. വിളക്കു കത്തിക്കാനും പാചകത്തിനും മരുന്നിനുമൊക്കെയായി വ്യാപകമായ ഉപയോഗമാണ് എള്ളെണ്ണക്കുള്ളത്. എള്ളെണ്ണയുടെ ആരോഗ്യ/ഔഷധ ഗുണങ്ങളാണ് ഇത്രയേറെ ഉപയോഗങ്ങളുള്ള ഒന്നാക്കി അതിനെ മാറ്റുന്നത്.

എന്നാൽ ഇന്ന് വിപണിയിൽ പല പേരുകളിൽ, ബ്രാൻ്റുകളിൽ നമുക്ക് ലഭിക്കുന്ന നല്ലെണ്ണ/എള്ളെണ്ണ യഥാർത്ഥത്തിൽ അതുതന്നെയാണോ? പരിശോധനകൾ തെളിയിക്കുന്നത് അവ ബഹുഭൂരിപക്ഷവും ഉപയോഗയോഗ്യമേയല്ലെന്നാണെന്ന് ഭക്ഷ്യോപയോഗവസ്തുക്കളുടെ ഗുണനിലവാരനിർണ്ണയരംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി സർവ്വീസിലെ എ. എം. ഗിരിജ പറയുന്നു. ആരോഗ്യത്തിനു പകരം അനാരോഗ്യവും ഔഷധത്തിനു പകരം വിഷവും ആകുന്നവയാണ് പല 'നല്ലെണ്ണ'ക്കുപ്പികളും.

എന്തുകൊണ്ട് എള്ളെണ്ണ?

കേരളത്തിൽ അധികവും വിളക്കു കത്തിക്കാനും ഔഷധകൂട്ടായുമാണ് എള്ളെണ്ണ ഉപയോഗിക്കുന്നതെങ്കിലും ഏറെ ആരോഗ്യപ്രദമായ ഒരു ഭക്ഷ്യഎണ്ണ കൂടിയാണ് എള്ളെണ്ണ. 885 കലോറി ഊർജ്ജമാണ് എള്ളെണ്ണ പ്രദാനം ചെയ്യുന്നത്. കൊളസ്ട്രോൾ ദോഷങ്ങൾ ഇല്ലാത്ത എള്ളെണ്ണയിൽ 85% അൺസാചുറേറ്റഡ് ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു.ഉയർന്ന തോതിലുള്ള ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയ എള്ളെണ്ണയുടെ ഉപയോഗം ഉയർന്ന രക്തസമ്മർദ്ദം, ഹൃദയസംബന്ധിയായ അസുഖങ്ങൾ, കൊളസ്ട്രോൾ പ്രശ്നങ്ങൾ, നാഡീ സംബന്ധമായ അസുഖങ്ങൾ, അൾഷിമേഴ്സ്, മാനസിക സമ്മർദ്ദം, ക്യാൻസർ തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങളെ ലഘൂകരിക്കുന്ന ഒന്നാണ്. ഹോർമോൺ അസന്തുലിതാവസ്ഥ പരിഹരിക്കാനും എള്ളെണ്ണ ഗുണകരമാണ്. എള്ളെണ്ണ വിളക്കിലൊഴിച്ച് കത്തിക്കുമ്പോഴുണ്ടാകുന്ന പുകയും ആരോഗ്യകരമാണെന്ന് ആയുർവേദം പറയുന്നു. ആയുർവേദതൈലങ്ങളെല്ലാം എള്ളെണ്ണയിൽ വിവിധമരുന്നുകൾ ചേർത്ത് കാച്ചിയെടുക്കുന്നതാണ്.

Sesame oil mostly adulterated with cheaper oils

എന്തൊക്കെ മായം?

കയറ്റുമതി ആരംഭിച്ചതോടെ സ്വതവേ ലഭ്യത കുറവായിട്ടുള്ള എള്ളിന് വില ഉയർന്നു. ആവശ്യക്കാർ കൂടിയതും ഉയർന്ന വിലയുമാണ് എള്ളെണ്ണയിലെ വ്യാപകമായ മായം ചേർക്കലിനു കാരണം. പരുത്തിക്കുരു എണ്ണ, സോയാബീൻ എണ്ണ, തോട്ടണ്ടി എണ്ണ, ആർജിമോൺ (പൊന്നുമ്മം/mexican poppy) ഓയിൽ തുടങ്ങി വിലയും ഗുണവും കുറഞ്ഞ മറ്റ് എണ്ണകളാണ് നല്ലെണ്ണയിൽ ചേർക്കുന്ന പ്രധാന മായങ്ങൾ. എള്ളെണ്ണയുടെ ഗുണമേന്മ ഉണ്ടാകില്ലെങ്കിലും മറ്റ് മായങ്ങളെ അപേക്ഷിച്ച് ആരോഗ്യപരമായ ഗുരുതരപ്രശ്നങ്ങൾ ഈ ജൈവ എണ്ണകൾ ഉണ്ടാക്കില്ല. ഇത് കൂടാതെ കൃത്രിമ നിറം ചേർത്തതും എള്ളെണ്ണ വിപണിയിൽ എത്തിക്കുന്നു. ആരോഗ്യത്തിന് ഏറ്റവും അപകടമാകുന്നത് പെട്രോളിയം സംസ്കരണത്തിലെ ഉപോത്പന്നങ്ങൾ ചേർക്കുന്നതാണ്. ഒരിക്കൽ ചൂടാക്കി ഉപയോഗിച്ച എണ്ണ പിന്നീട് ഉപയോഗയോഗ്യമല്ല. അങ്ങിനെ ഉപയോഗശൂന്യമായ എണ്ണയും പുതിയ എണ്ണക്കുപ്പികളിൽ മായമായി കലർത്തി വില്പനക്കെത്തുന്നുണ്ട്. ഇവയിൽ നിറവും കെമിക്കലുകളും മറ്റും കലർത്തി യഥാർത്ഥ എള്ളെണ്ണയുടെ രൂപഭാവങ്ങൾ വരുത്തി വില്പനക്കെത്തുന്നു.

മായം വിഷമാകുന്നതിങ്ങനെ!

വയറിളക്കവും ഛർദ്ദിയും തുടങ്ങി വൃക്കകളേയും ഹൃദയത്തേയും ബാധിക്കുന്ന രോഗങ്ങളും ക്യാൻസറും വരെ വരാവുന്ന മായമാണ് എള്ളെണ്ണയിൽ ചേർക്കുന്നത്. പെട്രോളിയം ഉപോത്പന്നങ്ങൾ ചേർക്കുന്നതാണ് ഇതിലെ ഏറ്റവും ഗുരുതരമായ പ്രശ്നം. മായം ചേർത്ത എണ്ണയിൽ കാണപ്പെടുന്ന ട്രൈക്രെസൈൽ ഫോസ്ഫേറ്റ് അങ്ങേയറ്റം വിഷമയമാണ്. നാഡീവ്യൂഹത്തേയും കോശവ്യവസ്ഥയേയും ഇത് തകരാറിലാക്കും. ഒരിക്കൽ ചൂടാക്കി ഉപയോഗിച്ച എണ്ണ പുതിയ എണ്ണയോടൊപ്പം ചേർത്തുപയോഗിക്കുന്നതും നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവക്കും. ഇത് ദേഹത്തും തലയിലും പുരട്ടുന്നതു പോലും ദോഷകരമാണ്. ഇങ്ങനെ മായം കലർന്ന എണ്ണയിൽ നിന്നുള്ള പുക ശ്വസിക്കുന്നതും അനാരോഗ്യകരമാണ്.

മായം എങ്ങനെ കണ്ടെത്താം?

സർക്കാർ തലത്തിൽ ഗുണമേന്മ ഉറപ്പുവരുത്തുന്ന സർട്ടിഫിക്കേഷനുകൾ നിങ്ങൾ വാങ്ങുന്ന എണ്ണയ്ക്ക് ഉണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് ഉപഭോക്താവിന് ആദ്യമായി ചെയ്യാവുന്നത്. കാർഷിക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്ന അഗ്മാർക് മുദ്രയാണ് ഇതിൽ ഒന്ന്. എണ്ണയിലെ ഫാറ്റിആസിഡുകളുടെ അളവ് നിർണ്ണയിച്ച് അതിലെ കലർപ്പുകൾ കണ്ടെത്താൻ സാധിക്കുന്ന ഗ്യാസ് ലിക്വിഡ് ക്രൊമാറ്റോഗ്രഫി (GLC) ടെസ്റ്റ് കൂടി പാസ്സായ എണ്ണയാണെങ്കിൽ ഗുണമേന്മ ഉറപ്പാക്കാം. ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിർദ്ദേശമനുസരിച്ച് കൃത്രിമ നിറം ചേർത്തിട്ടുണ്ടോ എന്നറിയാൻ എണ്ണയിൽ 5 മില്ലി ഹൈഡ്രോക്ലോറിക് ആസിഡ് ചേർത്ത് അല്പനേരം വച്ചാൽ മതി. മായമുണ്ടെങ്കിൽ നിറം വേറിട്ട് മുകളിൽ തെളിയും. എന്നാൽ ഇത്തരം മാർഗ്ഗങ്ങളിലൂടെയൊന്നും കണ്ടെത്താൻ ആവാത്ത തരത്തിൽ മായങ്ങൾ ചേർത്താണ് ഇന്ന് നല്ലെണ്ണ വിപണിയിൽ എത്തുന്നത്. എണ്ണയിലെ മായം കണ്ടെത്തുക താരതമ്യേന ബുദ്ധിമുട്ടായതിനാൽ ശാസ്ത്രീയമായ ലബോറട്ടറി പരീക്ഷണങ്ങളാണ് കൂടുതൽ ഫലപ്രദം.
 

Latest Videos
Follow Us:
Download App:
  • android
  • ios