Health Tips: ഗ്യാസും അസിഡിറ്റിയും അകറ്റാനും വണ്ണം കുറയ്ക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്താം അയമോദക വെള്ളം
അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
നമ്മുടെയൊക്കെ അടുക്കളയിൽ കാണപ്പെടുന്ന സുഗന്ധ വ്യജ്ഞനങ്ങളിലൊന്നാണ് അയമോദകം. വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങി നമുക്കാവശ്യമായിട്ടുള്ള പല സുപ്രധാന ഘടകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു. അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിങ്ങനെയുള്ള ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ അയമോദക വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗ പ്രതിരോധശേഷി കൂട്ടാനും ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളാനും അയമോദക വെള്ളം കുടിക്കുന്നത് നല്ലതാണ്. അതുപോലെ പ്രമേഹരോഗികള്‍ക്ക് പ്രമേഹം നിയന്ത്രിക്കുന്നതിനും അയമോദ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അയമോദക വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കലോറി കുറഞ്ഞ ഈ പാനീയം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ചര്‍മ്മത്തെ ആരോഗ്യമുള്ളതും അഴകുള്ളതും ആക്കിത്തീര്‍ക്കുന്നതിനും അയമോദക വെള്ളം പതിവാക്കുന്നത് നല്ലതാണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവ വേദന കുറയ്ക്കാനും സന്ധിവേദനയെ ലഘൂകരിക്കുന്നതിനും അയമോദക വെള്ളത്തെ ആശ്രയിക്കുന്നത് നല്ലതാണ്.
അയമോദക വെള്ളം വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാം. ഇതിനായി ആദ്യം ഒരു ടേബിൾസ്പൂൺ അയമോദക വിത്തുകൾ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കാന്‍ വയ്ക്കുക. രാവിലെ, ഈ മിശ്രിതം ഒന്ന് തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് ഈ വെള്ളം കുടിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.