Jamun Pickle Recipe : ഞാവൽ പഴം കൊണ്ടൊരു കിടിലൻ അച്ചാർ ; റെസിപ്പി
ഞാവൽ പഴം കൊണ്ട് എന്തൊക്കെ വിഭവങ്ങൾ തയ്യാറാക്കാം എന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. അതിലൊന്നാണ് അച്ചാർ..ഞാവൽ പഴം കൊണ്ട് നല്ല രുചികരമായ അച്ചാർ തയ്യാറാക്കിയാലോ...
ബ്ലൂബെറി (Blue Berry) അഥവാ ഞാവൽപ്പഴം വെറുതെ പഴമായി കഴിക്കാനും പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താനും ബേക്ക് ചെയ്ത വിഭവങ്ങളിലും ജാം ഉണ്ടാക്കാനുമെല്ലാം ഉപയോഗപ്പെടുത്താറുണ്ട്. ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ ഈ പഴം രക്തസമ്മർദം കുറയ്ക്കാനും പ്രമേഹത്തെ ചെറുക്കാനും ഹൃദ്രോഗ സാധ്യത ഇല്ലാതാക്കാനുമെല്ലാം സഹായിക്കുമെന്ന് പറയപ്പെടുന്നു. കലോറി മൂല്യം കുറവും പോഷകങ്ങളുടെ അളവ് കൂടുതലുമാണ്.
രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിൽ ഞാവൽ പഴത്തിന്റെ കുരു സഹായിക്കുന്നു. മഗ്നീഷ്യം, വൈറ്റമിൻ B1, B6, സി, കാത്സ്യം എന്നിവ കുട്ടികളിലെയും മുതിർന്നവരിലെയും ഓർമ ശക്തി വർധിപ്പിക്കുന്നതിനാൽ പ്രായഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ്. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മർദം നിയന്ത്രിക്കാൻ ഒരു പരിധി വരെ സഹായിക്കുന്നു. കാത്സ്യം, ഫോസ്‌ഫറസ്, അയൺ എന്നിവ അസ്ഥിക്ഷയത്തെ ചെറുക്കുന്നു.
ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് കാൻസറിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഞാവൽ പഴം കൊണ്ട് എന്തൊക്കെ വിഭവങ്ങൾ തയ്യാറാക്കാം എന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. അതിലൊന്നാണ് അച്ചാർ..ഞാവൽ പഴം കൊണ്ട് നല്ല രുചികരമായ അച്ചാർ തയ്യാറാക്കിയാലോ...
വേണ്ട ചേരുവകൾ...
ഞാവൽ പഴം 1/2 കിലോ
ഇഞ്ചി 2 സ്പൂൺ
വെളുത്തുള്ളി 2 സ്പൂൺ
ഉലുവ 1/2 സ്പൂൺ
നല്ലെണ്ണ 4 സ്പൂൺ
കടുക് 1 സ്പൂൺ
ചുവന്ന മുളക് 4 എണ്ണം
കറിവേപ്പില 2 തണ്ട്
മുളക് പൊടി 2 സ്പൂൺ
കാശ്മീരി ചില്ലി 2 സ്പൂൺ
ഉപ്പ് 1 സ്പൂൺ
മഞ്ഞൾ പൊടി 1/2 സ്പൂൺ
കായപ്പൊടി 1/2 സ്പൂൺ
തയ്യാറാകുന്ന വിധം...
ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കടുക് ചേർത്ത് പൊട്ടി കഴിയുമ്പോൾ, ചുവന്ന മുളക്, കറി വേപ്പില, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, ചേർത്ത് നന്നായി വഴറ്റി ഒപ്പം മഞ്ഞൾ പൊടി, കാശ്മീരി മുളക് പൊടി, ചേർത്ത് ഇളക്കി യോജിപ്പിച്ചു, അതിലേക്ക് ഞാവൽ പഴം ചേർത്ത്, എരിവുള്ള മുളക് പൊടി ചേർത്ത്, ഉപ്പും കായ പൊടിയും ചേർത്ത് ചെറിയ തീയിൽ 5 മിനുട്ട് വച്ചതിനു ശേഷം വായു കടക്കാത്ത ഒരു കുപ്പിയിൽ ആക്കി സൂക്ഷിക്കാവുന്നതാണ്.
തയ്യാറാക്കിയത്:
ആശ രാജനാരായണൻ