Paneer Recipe : പനീര്‍ തയ്യാറാക്കുമ്പോള്‍ ഇങ്ങനെ ചെയ്തുനോക്കൂ...

പനീര്‍ ഫ്രൈ ചെയ്തതിന് ശേഷം സോഫ്റ്റ് ആയി ലഭിക്കാൻ ചെയ്യേണ്ട ഒരു പൊടിക്കൈ ആണിനി പങ്കുവയ്ക്കുന്നത്. ഹോട്ടലുകളിലും ദാബകളിലുമെല്ലാം പതിവായി ചെയ്യാറുള്ളൊരു രീതി കൂടിയാണിത്.

paneer cubes will be soft after frying if you do this hack

ധാരാളം ആരാധകരുള്ളൊരു വിഭവമാണ് പനീര്‍. പനീര്‍ കൊണ്ട് വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ( Paneer Dishes )  നാം തയ്യാറാക്കാറുണ്ട്. പ്രത്യേകിച്ച് വെജിറ്റേറിയൻ ഭക്ഷണം മാത്രം ആശ്രയിച്ച് പോകുന്നവരാണ് പനീറിന്‍റെ ആരാധകരേറെയും. 

കടായ് പനീര്‍, പനീര്‍ മഖാനി, പനീര്‍ ടിക്ക, ഷാഹി പനീര്‍, മട്ടര്‍ പനീര്‍ എന്നിങ്ങനെയുള്ള നോര്‍ത്തിന്ത്യന്‍ വിഭവങ്ങളെല്ലാം ( Paneer Recipe ) തന്നെ ഇന്ന് നമ്മുടെ വീടുകളിലും തയ്യാറാക്കാറുണ്ട്. ബ്രേക്ക്ഫാസ്റ്റ് ആയോ ഡിന്നറായോ എല്ലാം പനീര്‍ തയ്യാറാക്കാവുന്നതാണ്. കുട്ടികള്‍ക്കും ഒരുപാടിഷ്ടപ്പെടുന്ന ഈ വിഭവത്തിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. 

എല്ലിന്‍റെയും പല്ലിന്‍റെയും ബലം കൂട്ടാനും, മികച്ച ദഹനത്തിനും, പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതും തൊട്ട് ക്യാന്‍സര്‍ പ്രതിരോധത്തിന് വരെ പനീര്‍ സഹായകമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

പനീര്‍ തയ്യാറാക്കുമ്പോള്‍, അത് ഏത് 'ഡിഷി'ന് വേണ്ടിയാണെങ്കിലും ആദ്യം ഫ്രൈ ചെയ്യാറുണ്ട്. ഇങ്ങനെ ഫ്രൈചെയ്യുമ്പോള്‍ മിക്കവരും നേരിടുന്നൊരു പ്രശ്നമാണ് പനീര്‍ റബര്‍ പരുവത്തിലാകുന്നത്. കടിക്കുമ്പോള്‍ വലിഞ്ഞുപോകുന്ന ഈ പരുവത്തിനെക്കാള്‍ ഏവര്‍ക്കുമിഷ്ടം 'സോഫ്റ്റ്' ആയി കിടക്കുന്ന പരുവം തന്നെയാണ്. 

പനീര്‍ ഇത്തരത്തില്‍ ഫ്രൈ ചെയ്തതിന് ശേഷം സോഫ്റ്റ് ആയി ലഭിക്കാൻ ചെയ്യേണ്ട ഒരു പൊടിക്കൈ ആണിനി പങ്കുവയ്ക്കുന്നത്. ഹോട്ടലുകളിലും ദാബകളിലുമെല്ലാം പതിവായി ചെയ്യാറുള്ളൊരു രീതി കൂടിയാണിത്.

പനീര്‍ ഫ്രൈ ( Paneer Recipe )  ചെയ്യാനായി ചട്ടി അടുപ്പത്ത് വയ്ക്കുമ്പോള്‍ അത് നല്ലതുപോലെ ചൂടാകണം, ഇതിലേക്ക് ഒഴിക്കുന്ന എണ്ണയും നന്നായി ചൂടാകണം. എന്നാല്‍ പനീര്‍ ചേര്‍ക്കുമ്പോള്‍ തീ ചെറുതാക്കുക. ശേഷം മാത്രം പനീര്‍ ചേര്‍ക്കുക. ഇത് ഇളക്കിക്കൊണ്ടേ ഇരുന്നാല്‍ പരസ്പരം ഒട്ടിപ്പിടിക്കുന്നതോ, ചട്ടിയില്‍ പിടിക്കുന്നതോ ഒഴിവാക്കാം. 

പനീര്‍ ഫ്രൈ ആയിക്കഴിഞ്ഞാല്‍ ഇത് നേരെ ഒരു പാത്രത്തിലെടുത്ത് വച്ചിരിക്കുന്ന തണുത്ത വെള്ളത്തിലേക്ക് മാറ്റുക. ഏഴോ എട്ടോ മിനുറ്റ് നേരം അത് അങ്ങനെ തന്നെ വയ്ക്കാം. ശേഷം ഓരോ പനീര്‍ ക്യൂബും പതുക്കെ പ്രസ് ചെയ്ത് ഇതില്‍ അധികമുള്ള ജലാംശം കളയാം. ഇനിയിത് തയ്യാറാക്കുന്ന വിഭവത്തിലേക്ക് ( Paneer Dishes )  ചേര്‍ക്കാം.

തണുത്ത വെള്ളത്തിലിട്ടാലും പനീര്‍ സോഫ്റ്റ് ആയി കിട്ടുന്നില്ല എങ്കില്‍ ഇതുതന്നെ ചൂടുവെള്ളത്തിലും പരീക്ഷിക്കാം. നല്ലതുപോലെ ചൂടുള്ള വെള്ളം വേണമെന്നില്ല. അല്‍പം ഉപ്പ് കൂടി ചേര്‍ത്ത ചൂടുവെള്ളത്തിലേക്കാണ് ഇത് മാറ്റേണ്ടത്. ഇനി പനീര്‍ തയ്യാറാക്കുമ്പോള്‍ തീര്‍ച്ചയായും ഈ പൊടിക്കൈ പരീക്ഷിക്കണേ. 

Also Read:- ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ വച്ചാല്‍ എന്ത് സംഭവിക്കും?

Latest Videos
Follow Us:
Download App:
  • android
  • ios