Onam 2024: ഓണസദ്യക്കൊപ്പം വിളമ്പാം പൂവൻപഴം പായസം; റെസിപ്പി
വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് ഷമീമ സുബൈർ എഴുതിയ പാചകക്കുറിപ്പ്.
പൂവൻപഴം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. നമ്മുടെയൊക്കെ അടുക്കളകളില്‍ എപ്പോഴും കാണുന്ന ഒരു പഴം കൂടിയാണ് പൂവൻപഴം. എങ്കില്‍ ഇത്തവണത്തെ ഓണത്തിന് പൂവൻപഴം കൊണ്ടുള്ള പായസം തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
പൂവൻ പഴം (നന്നായി പഴുത്തത്)- 1 കിലോ
പഞ്ചസാര- 3 കപ്പ്
അണ്ടിപരിപ്പ്, ഉണക്ക മുന്തിരി- ഒരു പിടി
മിൽക്ക് മെയ്ഡ്- ആവശ്യത്തിന്
ചൗവരി- കാൽ കപ്പ്
പാൽ- 2 ലിറ്റർ
വെള്ളം- 1 കപ്പ്
നെയ്യ്- 4 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം അടുപ്പിൽ ഒരു കടായി വയ്ക്കുക. ഇനി അതിലേയ്ക്ക് മിക്സിയിൽ അടിച്ചെടുത്ത പൂവൻ പഴം ഒഴിക്കുക. ശേഷം നന്നായിട്ടൊന്ന് ഇളക്കി കൊടുക്കുക (തീ കുറച്ച്). രണ്ട്- മൂന്ന് മിനിറ്റിന് ശേഷം ഇതിലേയ്ക്ക് വേവിച്ചു വച്ച ചൗവരി ഇട്ട് കൊടുക്കുക. ഇനി രണ്ടും കൂടി ഒന്ന് ഇളക്കി മിക്‌സാക്കുക. ശേഷം ഇതിലേയ്ക്ക് തിളപ്പിച്ച പാൽ ചേർക്കുക. തുടര്‍ന്ന് അരക്കപ്പ് വെള്ളവും ചേർത്ത് മൂന്ന് മിനിറ്റ് നന്നായിട്ട് ഇളക്കുക. ഇനി എടുത്ത് വെച്ച പഞ്ചസാര കൂടിയിട്ട് കൊടുക്കുക. ശേഷം ഇതിലേക്ക് 5, 6 സ്പൂൺ മിൽക്ക് മെയ്ഡ് കൂടി ചേർത്ത് ഗ്യാസ് ഓഫ് ചെയ്യുക. ഇനി മറ്റൊരു പാത്രം അടുപ്പിൽ വയ്ക്കുക. അതിലേയ്ക്ക് നെയ്യ് ഒഴിച്ചു, അണ്ടിപരിപ്പും ഉണക്കമുന്തിരിയും വറുത്തെടുത്തിട്ട് നേരത്തെ തയ്യാറാക്കിയ കൂട്ടിലേയ്ക്ക് ചേർക്കുക. ഇതോടെ രുചികരമായ പൂവൻപഴം പായസം റെഡിയായി.
Also read: ഓണത്തിന് സ്പെഷ്യല്‍ മില്ലറ്റ് അട പായസം തയ്യാറാക്കാം; റെസിപ്പി