Onam 2024 : ഓണത്തിന് രുചികരമായ ഓറഞ്ച് പായസം എളുപ്പം തയ്യാറാക്കാം
ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിൽ ഓണം പായസ റെസിപ്പിയിൽ ഇന്ന് സിമി ഫൈസൽ തയ്യാറാക്കിയ പാചകക്കുറിപ്പ്.
ഇത്തവണ ഓണസദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ പായസ റെസിപ്പി ആയാലോ?. നിങ്ങളുടെ പ്രിയപ്പെട്ടതും വ്യത്യസ്തവുമായ പായസ റെസിപ്പികൾ ഞങ്ങൾക്ക് അയക്കൂ. ruchikalamrecipes@gmail.com എന്ന വിലാസത്തിലേക്കാണ് ഓണം സ്പെഷ്യൽ പായസ റെസിപ്പികൾ അയക്കേണ്ടത്. അവസാന തീയതി - സെപ്റ്റംബർ 10.
ഓണത്തിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ഈ ഓണത്തിന് നിങ്ങൾ എന്ത് പായസമാണ് തയ്യാറാക്കാൻ പോകുന്നത്. വ്യത്യസ്തമായൊരു പായസം ഉണ്ടാക്കിയാലോ ?.. ഇത്തവണ സദ്യയ്ക്കൊപ്പം വിളമ്പാൻ ഓറഞ്ച് കൊണ്ട് സ്പെഷ്യൽ പായസം തയ്യാറാക്കിയാലോ?..
വേണ്ട ചേരുവകൾ
- ഓറഞ്ച് ജ്യൂസ് 2 കപ്പ്
- പഞ്ചസാര 1 കപ്പ്
- അവൽ അരക്കപ്പ്
- ചക്കക്കുരു വേവിച്ച് ഉടച്ചത് കാൽകപ്പ്
- ഏലക്കാപ്പൊടി ഒരു നുള്ള്
- ബദാം നുറുക്കിയത് 2 ടേബിൾ സ്പൂൺ
- വെണ്ണ ഒരു ടേബിൾ സ്പൂൺ
- പാൽ അര ലിറ്റർ
തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് ഓറഞ്ച് ജ്യൂസും പഞ്ചസാരയും ചേർത്ത് തിളപ്പിച്ച് വറ്റിച്ചെടുക്കുക. ശേഷം ചുവടുകട്ടിയുള്ള ഉരുളിയിൽ വെണ്ണ ചൂടാക്കി അവൽ ചേർത്ത് വറുക്കുക. ഇതിലേക്ക് ചക്കക്കുരു ഉടച്ചതും ചേർത്ത് വഴറ്റിയെടുക്കുക. അതിനുശേഷം പാൽ ചേർത്ത് ചെറിയ തീയിൽ തിളപ്പിച്ച് കുറുക്കുക. ഏലക്കാപ്പൊടിയും ചേർത്ത് അടുപ്പിൽ നിന്നും വാങ്ങാം. നന്നായി ചൂടാറിയശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ ഓറഞ്ച് ജ്യൂസ് മിശ്രിതം ചേർത്ത് യോജിപ്പിക്കുക. ബദാം അരിഞ്ഞത് പായസത്തിന് മുകളിൽ വിതറി അലങ്കരിച്ച് വിളമ്പാം. ഓറഞ്ച് പായസം തയ്യാർ...