Onam 2024: കൊതിപ്പിക്കും രുചിയില്‍ മാങ്ങാ പേരയ്ക്കാ പായസം; റെസിപ്പി
വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് ഫൗസിയ മുസ്‌തഫ എഴുതിയ പാചകക്കുറിപ്പ്.
ഈ ഓണത്തിന് രുചിയൂറും മാങ്ങാ പേരയ്ക്കാ പായസം തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
മാങ്ങ- 2 എണ്ണം
പേരയ്ക്ക- 4 എണ്ണം
ചൗവ്വരി- 2 പിടി
നെയ്യ്- രണ്ട് ടേബിൾ സ്പൂൺ
കശുവണ്ടി-12 എണ്ണം
കിസ്മിസ്- 2 ടേബിൾ സ്പൂൺ
മിൽക്ക് മെയ്ഡ് - 1/2 ടിൻ
പഞ്ചസാര- ആവശ്യത്തിന്
പാൽ - 1 ലിറ്റർ
ഏലയ്ക്കാപ്പെടി - അരടീസ്പൂൺ
ഉപ്പ് - ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ആദ്യം രണ്ട് പിടി ചൗവ്വരി വേവിച്ചു വെക്കുക. ശേഷം ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് അതിൽ രണ്ട് ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് അണ്ടിപരിപ്പും മുന്തിരിയും വറുത്തു കോരുക. ശേഷം പകുതി മാങ്ങ പൊടിയായി അരിഞ്ഞതും രണ്ട് പേരയ്ക്ക പൊടിയായി അരിഞ്ഞതും നെയ്യിൽ വഴറ്റി അതിൽ രണ്ട് സ്പൂൺ പഞ്ചസാരയിട്ടു നന്നായി വഴറ്റി വരുമ്പോൾ കോരി മാറ്റി വെക്കുക. ഇനി ഒരു ഇടത്തരം മാങ്ങയും നാല് പേരയ്ക്ക കുരു കളഞ്ഞതും കുറച്ചു പാൽ ഒഴിച്ച് അരച്ചെടുക്കുക. ഇത് ഒരു ടേബിൾ സ്പൂൺ നെയ്യിൽ നന്നായി വഴറ്റുക. ശേഷം ഇതിൽ അര ടിൻ മിൽക് മൈഡ് കുറച്ചു ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക. ഒപ്പം വേവിച്ചു വെച്ച ചൗവ്വരിയും ഇട്ടു കൊടുക്കുക. പാൽ ഒഴിച്ച് കൈ എടുക്കാതെ ഇളക്കി കൊടുക്കുക. കുറുകി വരുമ്പോൾ വറുത്തു വെച്ച അണ്ടിപരിപ്പും മുന്തിരിയും വഴറ്റി വെച്ച മാങ്ങയും പേരക്കയും കുറച്ചു ഏലയ്ക്കാ പൊടിയും ഒരു നുള്ള് ഉപ്പും ഇട്ടു ഇളക്കി യോജിപ്പിച്ചു തീ ഓഫ് ചെയ്യുക. ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു കഴിക്കുക.
Also read: ഓണസദ്യക്കൊപ്പം വിളമ്പാം രുചിയൂറും കൂട്ടു പായസം; റെസിപ്പി