Onam 2024 : ഈ ഓണത്തിന് വെറെെറ്റി കുരുമുളക് പ്രഥമൻ ആയാലോ?
വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് സീമ രാജേന്ദ്രൻ എഴുതിയ പാചകക്കുറിപ്പ്.
ഈ ഓണത്തിന് കുരുമുളക് കൊണ്ടൊരു പ്രഥമൻ എളുപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകൾ
- തേങ്ങ ചിരകിയത് 4 കപ്പ്
- കുരുമുളക് 3 സ്പൂൺ
- ഉണക്കലരി അരക്കപ്പ്
- വാഴപ്പഴം പേസ്റ്റാക്കിയത് 2 എണ്ണം
- ശർക്കര ഉരുക്കിയത് 2 കപ്പ്
- പഞ്ചസാര 1 സ്പൂൺ
- നെയ്യ് 1 സ്പൂൺ
- അണ്ടിപ്പരിപ്പ്, മുന്തിരി ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ഉണക്കലരി 2 മണിക്കൂർ വെളളത്തിൽ ഇട്ടു വയ്ക്കുക. കുരുമുളക് മണികളിൽ നിന്നും കുറച്ചെടുത്ത് ഒരു ഗ്ലാസ് വെള്ളം ചേർത്ത് അരച്ചെടുക്കുക. ഈ വെള്ളം ഉപയോഗിച്ച് കുതിർത്ത അരിയും അരയ്ക്കുക. ഇതിലേയ്ക്ക് 1 സ്പൂൺ നെയ്യും പഞ്ചസാരയും ചേർത്ത് വാട്ടിയ വാഴയിലയിൽ പരത്തുക. ഇല രണ്ടറ്റവും കെട്ടി തിളയ്ക്കുന്ന വെള്ളത്തിലിട്ട് 5 മിനിട്ട് വേവിയ്ക്കുക. തണുത്ത വെള്ളത്തിലേയ്ക്ക് മാറ്റിയിടുക. ഇല തുറന്ന് അടകൾ എടുത്ത് ചെറുതായി മുറിച്ച് വയ്ക്കുക. ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യ് ചേർത്ത് അണ്ടിപ്പരിപ്പും കിസ്മിസും വറുത്തു മാറ്റിവയ്ക്കുക. ഒരു ടീസ്പൂൺ കുരുമുളക് മണികൾ ഒന്ന് ചതച്ച് നെയ്യിൽ അല്പം മൂപ്പിച്ച് മാറ്റിവെയ്ക്കുക. ബാക്കിയുള്ള നെയ്യിൽ ഉടച്ചു വെച്ച പഴം ചേർത്ത് ഇളക്കുക. ഇതിലേയ്ക്ക് ശർക്കര പാനി ചേർക്കുക.പഴം നല്ലതുപോലെ വരട്ടുക. എടുത്തു വെച്ചിരിയ്ക്കുന്ന മൂന്നാം പാൽ ചേർത്ത് തിളപ്പിയ്ക്കുക.കുറുകി വരുമ്പോൾ ഇതിലേയ്ക്ക് എടുത്തു വെച്ച രണ്ടാം പാൽ ഒഴിയ്ക്കുക. നല്ലതുപോലെ ഇളക്കുകപാൽകുറുകി തുടങ്ങുമ്പോൾ തയ്യാറാക്കി വെച്ച കുരുമുളക് അട ചേർക്കുക. തിളച്ചു തുടങ്ങിയാൽ ഒന്നാം പാൽ ചേർക്കുക. നല്ലതുപോലെ ഇളക്കി അടുപ്പിൽ നിന്നും മാറ്റി വയ്ക്കുക. വറുത്തു വെച്ചിട്ടുള്ള അണ്ടിപ്പരിപ്പ്, മുന്തിരി ,കുരുമുളക് എന്നിവ ചേർക്കുക. മധുരത്തോടൊപ്പം സ്വല്പം എരിവും അനുഭവപ്പെടുന്ന കുരുമുളക് പ്രഥമൻ റെഡി.
ഈ ഓണത്തിന് കരിക്ക് പായസം എളുപ്പത്തിൽ തയാറാക്കാം; റെസിപ്പി