Asthma: ആസ്‍ത്മ രോഗികള്‍ക്ക് കഴിക്കാം ഈ ഒമ്പത് ഭക്ഷണങ്ങള്‍...

ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ സി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുളള ഭക്ഷണമാണ് ആപ്പിള്‍. അതിനാല്‍ ശ്വാസകോശരോഗങ്ങള്‍ ഉളളവരും പ്രത്യേകിച്ച് ആസ്ത്മ രോഗികളും ആപ്പിള്‍ ധാരാളം കഴിക്കുക. 

Nine Foods that may help relieve Asthma Symptoms

ലോകത്ത് സര്‍വസാധാരണമായ രോഗങ്ങളില്‍ ഒന്നാണ് ആസ്‍ത്മ. ആസ്ത്മയെ പൂര്‍ണമായി ചികിത്സിച്ച് മാറ്റാനായില്ലെങ്കിലും മരുന്നുകള്‍ കൊണ്ടും മുന്‍കരുതലുകള്‍ കൊണ്ടും നിയന്ത്രിച്ച് നിര്‍ത്താവുന്നതാണ്.

ആസ്‍ത്മ രോഗികള്‍ക്ക് കഴിക്കാവുന്ന ഏതാനും ഭക്ഷണങ്ങള്‍ നോക്കാം... 

ഒന്ന്...

ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റാം എന്നുപറയുന്നത് വെറുതേയല്ല. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ.  ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ സി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുളള ഭക്ഷണമാണ് ആപ്പിള്‍. അതിനാല്‍ ശ്വാസകോശരോഗങ്ങള്‍ ഉളളവരും പ്രത്യേകിച്ച് ആസ്ത്മ രോഗികളും ആപ്പിള്‍ ധാരാളം കഴിക്കുക. 

രണ്ട്...

ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇഞ്ചി ശ്വാസകോശ രോഗങ്ങള്‍ക്ക് വളരെ നല്ലതാണ്. ആസ്ത്മ രോഗികള്‍ ഇഞ്ചി ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമുള്ള ഇഞ്ചി ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. തിളപ്പിച്ച വെള്ളത്തിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നതും നല്ലതാണ്. 

മൂന്ന്...

വെളുത്തുള്ളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി ചെറിയ കഷ്ണങ്ങളായി നുറുക്കി ദിവസത്തിലൊരു തവണ ഒരു ഗ്ലാസ് വെള്ളത്തിനൊപ്പം കഴിക്കാവുന്നതാണ്. മൂന്നോ നാലോ വെളുത്തുള്ളിയുടെ അല്ലി അരക്കപ്പ്​ പാലിൽ ഇട്ട് തിളപ്പിച്ച്​ കുടിക്കുന്നതും നല്ലതാണ്.

നാല്...

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍റെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കും. ആസ്ത്മ രോഗികള്‍ക്കും ഇത്  മികച്ചതാണ്.

അഞ്ച്...

വിറ്റാമിനും ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയതാണ് ചീര. ആസ്ത്മ രോഗികള്‍ക്ക് പൊട്ടാസ്യത്തിന്‍റെയും മഗ്നീഷ്യത്തിന്‍റെയും കുറവുണ്ട്. അതിനാല്‍ ആസ്ത്മ രോഗികള്‍ ചീര കഴിക്കുന്നത്  നല്ലതാണെന്ന് വിദഗ്ദര്‍ പറയുന്നു. 

ആറ്...

ഒമേഗ-3 ഫാറ്റി ആസിഡുകളുടെ കലവറയാണ് വാള്‍നട്ട്. ഇവയ്ക്ക് ആസ്ത്മയെ ചെറുത്തുനിര്‍ത്താനുളള കഴിവുമുണ്ട്. 

ഏഴ്...

തേൻ ആസ്​ത്മയെ ചികിത്സിക്കുന്നതിനായി പാരമ്പര്യമായി ഉപയോഗിച്ചുവരുന്ന സിദ്ധൗഷധമാണ്​. കിടക്കുന്നതിന്​ മുമ്പ്​ ഒരു ടീസ്​പൂൺ തേനിൽ ഒരു നുള്ള്​ കറുവാപ്പട്ടയുടെ പൊടി ചേർത്തുകഴിക്കാം. ഇത്​ കഫം ഇല്ലാതാക്കാന്‍ സഹായിക്കും. 

എട്ട്...

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീയും ശരീരത്തിലെ അണുബാധയെ ചെറുക്കും. ഇതിനാല്‍ ആസ്ത്മ രോഗികള്‍ക്ക് ഗ്രീന്‍ ടീയും കുടിക്കാവുന്നവയാണ്. 

ഒമ്പത്...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് നെല്ലിക്ക. ഇത് പ്രതിരോധശേഷിയില്‍ നിര്‍ണായകമാണ്. ഇതിനാല്‍ ആസ്ത്മ രോഗികള്‍ നെല്ലിക്ക ഭക്ഷണക്രമത്തില്‍ ഉള്‍‌പ്പെടുത്താം. 

Also Read: ലഞ്ച് ബോക്‌സിലെ ദുർ​ഗന്ധം അകറ്റാന്‍ ഇതാ നാല് വഴികള്‍...

Latest Videos
Follow Us:
Download App:
  • android
  • ios