മലയാളികൾ എന്ത് കൊണ്ട് ചോറിനെ ഇത്രയധികം ഇഷ്ടപ്പെടുന്നു? വെെറലായി കുറിപ്പ്
ചോറിന് പകരം എന്ത് കഴിക്കും? എൻ്റെ അറിവ് വച്ച് ചോറ് നിങ്ങളുടെ ശാരീരിക അധ്വാനം അനുസരിച്ച് ആവശ്യത്തിന് മാത്രം ഉൾപ്പെടുത്തി, കൂടെ പച്ചക്കറി , മത്സ്യം, പഴവർഗങ്ങൾ തുടങ്ങി ബാലൻസ് ഭക്ഷണം ആവശ്യത്തിന് മാത്രം കഴിക്കുക.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് ചോറ്. ശരിക്കും ചോറ് ആരോഗ്യത്തിന് നല്ലതാണോ? മലയാളികളുടെ ചോറ് തീറ്റയെക്കുറിച്ച് ചില സത്യങ്ങൾ വെളിപ്പെടുത്തികൊണ്ട് നസീർ ഹുസൈൻ കിഴക്കേടത്ത് പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. അമിതമായി ചോറ് കഴിച്ചാൽ ഉണ്ടാകാവുന്ന ദോഷങ്ങളെ കുറിച്ചാണ് പോസ്റ്റിൽ അദ്ദേഹം പറയുന്നത്.
ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നടത്തിയ പഠനപ്രകാരം കേരളത്തിൽ ഏതാണ്ട് ഇരുപത്തി അഞ്ച് ശതമാനം മുതൽ മുതൽ മുപ്പത് ശതമാനം വരെ ആളുകൾക്ക് പ്രമേഹം, അധിക രക്തസമ്മർദ്ധം, അമിതവണ്ണം,അമിത കൊളസ്ട്രൊൾ തുടങ്ങിയ രോഗങ്ങൾ ഉൾപ്പെടുന്ന മെറ്റബോളിക് സിൻഡ്രോം ഉണ്ടെന്ന് വ്യക്തമാക്കുന്നു. നമ്മൾ കരുതുന്നതിൽ നിന്ന് വ്യത്യസ്തമായി ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരേക്കാൾ ഉയർന്ന തോതിൽ ഈ രോഗങ്ങൾ ഉണ്ടെന്ന് നസീർ പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം
ചോറ് തിന്നു "മരിക്കുന്ന" മലയാളികൾ...
ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നടത്തിയ പഠനപ്രകാരം കേരളത്തിൽ ഏതാണ്ട് ഇരുപത്തി അഞ്ച് ശതമാനം മുതൽ മുതൽ മുപ്പത് ശതമാനം വരെ ആളുകൾക്ക് പ്രമേഹം, അധിക രക്തസമ്മർദ്ധം, അമിതവണ്ണം , അമിത കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾ ഉൾപ്പെടുന്ന മെറ്റബോളിക് സിൻഡ്രോം ഉണ്ട്. അതും നമ്മൾ കരുതുന്നതിൽ നിന്ന് വ്യത്യസ്തമായി, ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരേക്കാൾ ഉയർന്ന തോതിൽ ഈ രോഗങ്ങൾ ഉണ്ട് താനും.
ഇത് ലോകത്തിലെ തന്നെ ഉയർന്ന നിരക്കുകളിൽ ഒന്നാണ്. (അമേരിക്കയിലും ഇത് വളരെ കൂടുതലാണ് , ഫാസ്റ്റ് ഫുഡ് കഴിക്കുന്ന സാമൂഹിക സാമ്പത്തിക നിലയിൽ താഴെയുള്ള വിഭാഗങ്ങളിലാണ് ഇത് ഇവിടെ കൂടുതൽ കണ്ടുവരുന്നത്)
നാട്ടിൽ വരുമ്പോൾ ഹോട്ടലുകളിലും , വിവാഹ സദ്യകളിലും, മീൻ കറി ഉള്ള സമയത്ത് വീട്ടിലും നമ്മൾ കഴിക്കുന്ന ചോറിന്റെ അളവ് കാണുമ്പോൾ ഇതിൽ എനിക്ക് വലിയ അത്ഭുതം തോന്നാറില്ല.
ഇവിടെ ഒരു സമയത്ത് ഞാൻ കഴിക്കുന്ന ചോറിന്റെ ഇരട്ടിയാണ് പലപ്പോഴും നാട്ടിൽ കഴിക്കാൻ ആദ്യം ഇടുന്നത് തന്നെ, ഹോട്ടലിലും കല്യാണത്തിനും വീണ്ടും ചോറ് വാങ്ങി കഴിക്കുന്നത് കാണുമ്പോൾ, ഇപ്പോൾ എന്റെ വയറു പൊട്ടിപോകുന്നത് പോലെ തോന്നാറുണ്ട്. പക്ഷെ നാട്ടിലുള്ള സമയത്ത് ഞാനും ഇതുപോലെ കഴിച്ചിരുന്ന ഒരാളാണ്.
എന്റെ ബാപ്പ, ഉമ്മ , അവരുടെ മാതാപിതാക്കൾ എന്നിവർ വഴി എനിക്കും പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലായത് കൊണ്ട് കഴിഞ്ഞ ഒരു വർഷമായി ചോറിന്റെ അളവ് കുറച്ചതിനു ശേഷം മാത്രമാണ്, ഞാൻ വളരെ അധികം ചോറാണ് കഴിച്ചുകൊണ്ടിരുന്നത് എന്ന് എനിക്ക് ബോധ്യമായത്.
പക്ഷെ എന്തുകൊണ്ടായിരിക്കും മലയാളികൾ ഇത്രമാത്രം ചോറ് കഴിക്കാൻ കാരണം? അതിനു ചരിത്രപരമായി എന്തെങ്കിലും കാരണമുണ്ടാകാൻ സാധ്യതയുണ്ടോ? ഇതുപോലെ ഉയർന്ന മെറ്റബോളിക് സിൻഡ്രോം ഉള്ള വേറെ ഒരു രാജ്യത്തെ കുറച്ചു പേരുടെ കഥ നോക്കാം.
1944 മെയ് മാസത്തിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി ജർമനി ഹോളണ്ട് പിടിച്ചെടുത്തു. ജർമൻ പട്ടാളക്കാർക്ക് വേണ്ടി ഹോളണ്ടിലെ ഭക്ഷണം ജർമനിയിലേക്ക് കയറ്റുമതി ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. ഏതാണ്ട് ഇരുപത്തി രണ്ടായിരം പേരുടെ മരണത്തിനു കാരണമായ പട്ടിണിയിലേക്കാണ് ഹോളണ്ട് ചെന്നെത്തിയത്. 1945 ൽ ജർമനിയുടെ കീഴടങ്ങൽ വരെ ഈ പട്ടിണി നിലനിന്നു.
യുദ്ധം കഴിഞ്ഞു വളരെ നാൾ കഴിഞ്ഞപ്പോൾ ഡോക്ടർമാർ വിചിത്രമായ ഒരു സംഗതി കണ്ടെത്തി. ജർമനി ഹോളണ്ട് പിടിച്ചെടുക്കുന്ന സമയത്ത് ഗർഭാവസ്ഥയിൽ ഉണ്ടായിരുന്ന കുഞ്ഞുങ്ങൾ ജനിച്ച് മുതിർന്നവരായി കഴിഞ്ഞപ്പോൾ അവർക്ക് മേല്പറഞ്ഞ "മെറ്റബോളിക് സിൻഡ്രോം" മറ്റ് ഹോളണ്ടുകാരെക്കാൾ വളരെ കൂടുതലാണെന്ന് അവർ കണ്ടെത്തി. ഇതിന്റെ കാരണം തിരക്കി പോയ ഗവേഷകർ കണ്ടെത്തിയത് വളരെ രസകരമായി ഒരു കാര്യമായിരുന്നു.
ഒരു മനുഷ്യന്റെ ശരീരം ഗർഭാവസ്ഥയിൽ തന്നെ അതിനു പുറത്തുള്ള സാഹചര്യം മനസിലാക്കി അതിനു അനുകൂലമായി ശരീരത്തെ പ്രാപ്തമാക്കാൻ വേണ്ടി ചില ജീനുകൾ ഓൺ ചെയ്യുകയോ ഓഫ് ചെയ്യുകയോ ചെയ്യുന്നു എന്നതാണ് ആ കണ്ടെത്തൽ.
നമ്മുടെ ശരീരത്തിൽ ഇരുപതിനായിരത്തിൽ അധികം ജീനുകൾ ഉണ്ടെങ്കിലും എല്ലാം എപ്പോഴും പ്രവർത്തനക്ഷമം അല്ല, മറിച്ച് ചില ജീനുകൾ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം പ്രവർത്തിക്കാൻ പ്രാപ്തമായതോ , ചില സാഹചര്യങ്ങളി പ്രവർത്തനം നിർത്തി വയ്ക്കുന്നവയോ ആണ്. Epigenetics എന്നാണ് ജീനുകളുടെ ഈ സ്വഭാവം പഠിക്കുന്ന പഠനശാഖയെ പറയുന്നത്.
The Dutch Hunger Winter എന്നറിയപ്പെടുന്ന മുൻ സന്ദർഭത്തിൽ ആറു മാസം വരെ പ്രായമുണ്ടായിരുന്ന ഗർഭസ്ഥ ശിശുക്കൾ, പട്ടിണി മൂലം പെട്ടെന്നു ഭക്ഷണം ലഭിക്കാത്ത ഒരു സാഹചര്യം അഭിമുഖീരിച്ചു. ഈ അനുഭവം, ഗർഭസ്ഥ ശിശുക്കളുടെ ശരീരത്തിൽ ഭക്ഷണം ശേഖരിച്ചു വയ്കുന്നത് നിയന്ത്രിക്കുന്ന ചില ജീനുകളെ "സ്വിച്ച് ഓഫ്" ചെയ്തു വയ്ക്കാൻ ഇടയാക്കി. പുറത്തു അധികം ഭക്ഷണം കിട്ടാത്ത ഒരു ലോകത്തേക്കാണ് താൻ ജനിക്കാൻ പോകുന്നത് എന്നും കിട്ടുന്ന എല്ലാ കാർബോ ഹൈഡ്രേറ്റും കൊഴുപ്പും ശരീരത്തിൽ ശേഖരിച്ചു വയ്ക്കണം എന്ന രീതിയാണ് ഇത്തരം കുട്ടികളുടെ ശരീരത്തിൽ പ്രോഗ്രാം ചെയ്തു വയ്ക്കപ്പെട്ടത്.
പക്ഷെ ഈ കുട്ടികൾ ജനിച്ചു വളരാൻ തുടങ്ങിയ സമയത്ത് യുദ്ധം കഴിയുകയും ആവശ്യത്തിന് ഭക്ഷണം ലഭിക്കാൻ തുടങ്ങുകയും ചെയ്തു. പക്ഷെ ഇവരുടെ ശരീരത്തിലെ ജീനുകൾ കൂടുതൽ ഭക്ഷണം കഴിക്കാനും, കഴിക്കുന്ന ഭക്ഷണം കൊഴുപ്പ് ആയി ശേഖരിച്ചു വയ്ക്കാനും പ്രോഗ്രാം ചെയ്യപ്പെട്ടത് കൊണ്ട്, ഇത് അമിത വണ്ണത്തിനും പ്രേമേഹത്തിനും ഉയർന്ന രക്തസമ്മർദത്തിനും കാരണമായി. ഇവർ ഈ രോഗങ്ങൾ മൂലം നേരത്തെ മരണപ്പെടുകയും ചെയ്യുന്നു. ( ഇതിന്റെ പറ്റി ന്യൂ യോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു ലേഖനം കമന്റിൽ ചേർക്കാം).
ഇതും മലയാളികൾ ആവശ്യത്തിൽ കൂടുതൽ ചോറ് തിന്നുന്നതും തമ്മിൽ ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല, പക്ഷെ എന്റെ ഉമ്മയുടെ ഉമ്മ ജീവിച്ചിരുന്ന സമയത്ത് രണ്ടാം ലോകമഹായുദ്ധ കാലത്ത് കൊച്ചിയിൽ നേരിട്ട ദുരിത കഥ എന്നോട് പറയുണ്ടായിരുന്നു. ചോറ് മുതൽ സോപ്പ് വരെ ക്ഷാമം നേരിട്ട കാലത്ത് വല്ലപ്പോഴും കിട്ടുന്ന മരച്ചീനിയും ചേമ്പും മറ്റും കഴിച്ചു ജീവിച്ചതും, സോപ്പ് കിട്ടാത്തത് കൊണ്ട് ചാരം ഉപയോഗിച്ച് തുണി കഴുകിയതും എല്ലാം.
ഹോളണ്ടിലെ ഭക്ഷണം ജര്മനിയിലേക്കാണ് കയറ്റുമതി ചെയ്തത് എങ്കിൽ ഇന്ത്യയിലെ അരിയും ഗോതമ്പും ചർച്ചിലിന്റെ നിർദേശപ്രകാരം ഇംഗ്ലണ്ടിലേക്കാണ് കയറ്റുമതി ചെയ്യപ്പെട്ടത്. ഹോളണ്ടിൽ ഇരുപതിനായിരം പേരാണ് മരിച്ചതെങ്കിൽ ബംഗാളിലെ 1943 ക്ഷാമകാലത്ത് ഇരുപത് മുതൽ മുപ്പത് ലക്ഷം ആളുകളാണ് പട്ടിണി കിടന്നു മരിച്ചത്, അതും ആവശ്യത്തിനു മഴ കിട്ടിയ ഒരു വർഷം.
രണ്ടാം ലോകമഹായുദ്ധം ജയിച്ച ചർച്ചിൽ ഇന്ത്യയ്ക്ക് എന്നും ഒരു വില്ലനായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകുന്നതിനെ വളരെ എതിർത്തിരുന്ന ഒരാൾ കൂടിയായിരുന്നു ചർച്ചിൽ. ഭാഗ്യത്തിന് യുദ്ധം കഴിഞ്ഞു വന്ന തിരഞ്ഞെടുപ്പിൽ പുള്ളി തോറ്റു , ക്ലമന്റ് ആറ്റ്ലീ പ്രധാനമന്ത്രിയാവുകയും, സ്വാതന്ത്രിന് വേണ്ടി സമരം ചെയ്തിരുന്ന ഇന്ത്യ ഉൾപ്പെടെയുള്ള പല ബ്രിട്ടീഷ് കോളനികൾക്കും സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു.
ഒരു പക്ഷെ ആ പട്ടിണികാലവും നമ്മുടെ ഇന്നത്തെ ഭക്ഷണരീതിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടാകാം. ആരെങ്കിലും ഇതിനെക്കുറിച്ചു ഗവേഷണം നടത്തിയിട്ടുണ്ടോ എന്നെനിക്കറിയില്ല.
പക്ഷെ ഒരു കാര്യമുറപ്പാണ്, ഇതുപോലെ ചോറ് കഴിക്കാൻ ആണ് മലയാളിയുടെ തീരുമാനമെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ പ്രമേഹ, അധിക രക്തസമ്മര്ദം, കൊളസ്ട്രോൾ തുടങ്ങിയ ജീവിത ശൈലി രോഗനിരക്കുകളുടെ അവാർഡ് നമുക്ക് തന്നെ ആയിരിക്കും. ഇനിയുള്ള കാലം മലയാളികൾ മരിക്കാൻ പോകുന്നത് ചോറ് കിട്ടാതെ ആവില്ല, മറിച്ച് കൂടുതൽ ചോറ് കഴിച്ചു വരുന്ന രോഗങ്ങൾ കൊണ്ടാകും.
അനുബന്ധം : ഗർഭത്തിൽ ഇരിക്കുന്ന കുട്ടിയെ അമ്മയുടെ ദാരിദ്ര്യം സ്വാധീനിക്കുമെങ്കിൽ, അമ്മ അനുഭവിക്കുന്ന ടെൻഷൻ അവർ കടന്നു പോകുന്ന സാഹചര്യം എല്ലാം കുട്ടിയെ ബാധിക്കുമെന്ന് ഉറപ്പാണ്. ഇതിനെ കുറിച്ച് വിശദമായി പിന്നൊരിക്കൽ എഴുതാം. മലയാളികൾ കഴിക്കുന്ന ചോറും ബീഫും നമ്മുടെ പ്രകൃതിയെ എങ്ങിനെ മോശമായി ബാധിക്കുന്നു എന്നും വേറെ ഒരിക്കൽ എഴുതാം. പക്ഷെ മലയാളിയോട് ചോറും ബീഫ് കഴിക്കരുത് എന്ന് പറയാനുള്ള ധൈര്യമൊന്നും എനിക്കില്ല. എനിക്ക് ഇനിയും നാട്ടിലൊക്കെ വരേണ്ടതാണ്...
അനുബന്ധം 2 : ചോറിന് പകരം എന്ത് കഴിക്കും? എൻ്റെ അറിവ് വച്ച് ചോറ് നിങ്ങളുടെ ശാരീരിക അധ്വാനം അനുസരിച്ച് ആവശ്യത്തിന് മാത്രം ഉൾപ്പെടുത്തി, കൂടെ പച്ചക്കറി , മത്സ്യം, പഴവർഗങ്ങൾ തുടങ്ങി ബാലൻസ് ഭക്ഷണം ആവശ്യത്തിന് മാത്രം കഴിക്കുക. നമ്മൾ പലപ്പോഴും കുറെ ചോറും വളരെ കുറച്ച് കറിയും ആണ് കഴിക്കുന്നത്. കാർബോഹൈഡ്രേറ്റ് ആവശ്യത്തിന് മാത്രം കഴിക്കണം. വേറെ ഒന്ന് glycemic index കുറഞ്ഞ ഗോതമ്പ് - ചപ്പാത്തി അരി- ചോറിന് പകരം കഴിച്ചാൽ അത് പതുക്കെ മാത്രമേ ദേഹത്ത് ആഗിരണം ചെയ്യപ്പെടുകയുള്ളൂ. പക്ഷേ ചപ്പാത്തിയും ആവശ്യത്തിന് മാത്രം കഴിക്കണം. ചോറ് നിർത്തി പത്ത് ചപ്പാത്തി തിന്നിട്ട് കാര്യം ഇല്ല...