Monsoon Diet : മഴക്കാലത്ത് ഭക്ഷണം കഴിക്കുമ്പോള്‍ ഈ അഞ്ച് കാര്യങ്ങള്‍ പരിഗണിക്കൂ...
ഭക്ഷണം തെരഞ്ഞെടുക്കുമ്പോള്‍ അതുമായി ബന്ധമുള്ള മറ്റ് കാര്യങ്ങള്‍ നാം അത്രമാത്രം ശ്രദ്ധിക്കാറില്ല. ഉദാഹരണത്തിന് നമ്മുടെ ആരോഗ്യാവസ്ഥ, അതുപോലെ സീസണല്‍ ഭക്ഷണങ്ങള്‍ ഇങ്ങനെ പോകുന്ന ഘടകങ്ങള്‍.
നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യകാര്യങ്ങളില്‍ ഭക്ഷണത്തിനുള്ള പ്രാധാന്യം എത്രമാത്രമാണെന്നത് പറഞ്ഞറിയിക്കേണ്ട കാര്യമില്ല. നാം കഴിക്കുന്നത് എന്തോ അതുതന്നെയാണ് വലിയൊരു പരിധി വരെ നാം എന്താണെന്ന് നിര്‍ണയിക്കുന്നതും. എന്നാല്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പലപ്പോഴും വേണ്ടത്ര ശ്രദ്ധയോ കരുതലോ നാം പുലര്‍ത്താറില്ല ( Diet Tips ) എന്നതാണ് സത്യം.
പ്രത്യേകിച്ച് ഭക്ഷണം തെരഞ്ഞെടുക്കുമ്പോള്‍ അതുമായി ബന്ധമുള്ള മറ്റ് കാര്യങ്ങള്‍ നാം അത്രമാത്രം ശ്രദ്ധിക്കാറില്ല. ഉദാഹരണത്തിന് നമ്മുടെ ആരോഗ്യാവസ്ഥ, അതുപോലെ സീസണല്‍ ഭക്ഷണങ്ങള്‍ ഇങ്ങനെ പോകുന്ന ഘടകങ്ങള്‍.
കാലാവസ്ഥ ഇക്കാര്യത്തില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. നാം കഴിക്കാനായി തെരഞ്ഞെടുക്കുന്ന ഭക്ഷണം നാം നിലവില്‍ കടന്നുപോകുന്ന കാലാവസ്ഥയുമായും ഏറെ ബന്ധപ്പെട്ടിരിക്കേണ്ടതുണ്ട്. ചൂട് കാലത്തിന് അനുയോജ്യമായ ഭക്ഷണം, മഞ്ഞുകാലത്തിന് അുനയോജ്യമായ ഭക്ഷണം, മഴക്കാലത്തിന് അനുയോജ്യമായ ഭക്ഷണമെല്ലാം ( Monsoon Diet ) തെരഞ്ഞെടുത്ത് കഴിക്കുന്നത് ആരോഗ്യത്തെ വളരെയധികം ( Diet Tips ) മെച്ചപ്പെടുത്തും.
ഇത്തരത്തില്‍ മഴക്കാലത്ത് ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ലളിതമായ അഞ്ച് കാര്യങ്ങളാണിനി ( Monsoon Diet ) പങ്കുവയ്ക്കുന്നത്.
ഒന്ന്...
മഴക്കാലമായാല്‍ വറുത്തതും പൊരിച്ചതും കഴിക്കാനുള്ള ആഗ്രഹം മിക്കവരിലും കൂടുതലായി കാണാറുണ്ട്. എന്നാലിത് അത്ര ഗുണകരമല്ല. പൊതുവേ ദഹനം മന്ദഗതിയിലായിരിക്കുന്ന കാലാവസ്ഥായണിത്. അതിന്‍റെ കൂടെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പതിവായോ അമിതമായോ കഴിക്കുന്നത് വയറിന് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കാം.
രണ്ട്...
മഴക്കാലത്ത് നോൺ വെജിറ്റേറിയൻ ഭക്ഷണത്തിനോട് കൂടുതല്‍ പ്രിയം വരാറുണ്ട്, അല്ലേ? എന്നാല്‍ മഴക്കാലത്ത് പച്ചക്കറികള്‍ കഴിക്കുന്നതാണ് കുറെക്കൂടി ആരോഗ്യകരം എന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം മഴക്കാലത്ത് ഈര്‍പ്പത്തിന്‍റെ അളവ് കൂടുതലായിരിക്കുന്നത് കൊണ്ട് തന്നെ നോണ്‍ വെജിറ്റേറിയൻ ഭക്ഷണങ്ങളില്‍ രോഗാണുക്കള്‍ വളരെയധികം വര്‍ധിക്കാൻ സാധ്യതയുണ്ട്. ഇത് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കും സാധ്യത കല്‍പിക്കുന്നു.
മൂന്ന്...
മാംസാഹാരത്തിന്‍റെ കാര്യം പറയുമ്പോള്‍ പ്രത്യേകം എടുത്ത് പറയേണ്ട ഒന്നാണ് ആവശ്യത്തിന് വേവിക്കണമെന്നത്. വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണമാകുമ്പോള്‍ ഇക്കാര്യം നമുക്ക് പ്രത്യേകം ശ്രദ്ധിക്കാം. എന്നാല്‍ പുറത്തുനിന്നുള്ള ഭക്ഷണമാകുമ്പോള്‍ വേവ് കൃത്യമാകണമെന്നില്ല. മഴക്കാലത്ത് നന്നായി വേവാത്ത ഭക്ഷണസാധനങ്ങളില്‍ നിന്ന് അണുബാധയുണ്ടാകാൻ സാധ്യതകളേറെയാണ് എന്നതിനാല്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
നാല്...
മഴക്കാലത്ത് കഴിയുന്നതും ഭക്ഷണം ചൂടോടെ തന്നെ കഴിക്കുക. ഇതും രോഗബാധകളെ തടയാൻ സഹായിക്കും. ഫ്രിഡ്ജില്‍ എടുത്തുവച്ച ഭക്ഷണങ്ങളെ കൂടുതല്‍ ആശ്രയിക്കാതെ ചെറിയ അളവില്‍ ആവശ്യമായ സമയത്ത് തയ്യാറാക്കുന്ന ഭക്ഷണം കൂടുതലായി കഴിക്കാം. കൂടുതല്‍ ഭക്ഷണം തയ്യാറാക്കി അത് ഫ്രിഡ്ജില്‍ ദിവസങ്ങളോളം സൂക്ഷിക്കുന്നതും ഒഴിവാക്കാം.
അഞ്ച്...
സ്ട്രീറ്റ് ഫുഡ് അഥവാ തെരുവോരങ്ങളിലെ ചെറിയ ഫുഡ് സ്റ്റാളുകളിലെ രുചിവൈവിധ്യങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ കുറവാണ്. എന്നാല്‍ മഴക്കാലത്ത് സ്ട്രീറ്റ് ഫുഡ് അല്‍പമൊന്ന് കുറയ്ക്കുന്നതാണ് നല്ലത്. സ്ട്രീറ്റ് ഫുഡ് മാത്രമല്ല, 100 ശതമാനവും ആത്മവിശ്വാസമില്ലാത്ത ഒരു റെസ്റ്റോറന്‍റില്‍ നിന്നും ഹോട്ടലില്‍ നിന്നും മഴക്കാലത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം നേരത്തേ സൂചിപ്പിച്ചത് പോലെ ഭക്ഷ്യവിഷബാധയ്ക്ക് മഴക്കാലത്ത് സാധ്യതളേറെയാണ്. സ്ട്രീറ്റ് ഫുഡ് ആകുമ്പോള്‍ എത്ര ശ്രദ്ധിച്ചാലും അണുബാധയ്ക്കുള്ള സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമാണെന്നതിനാലാണ് അത് പ്രധാനമായും ഒഴിവാക്കാൻ ആവശ്യപ്പെടുന്നത്.
Also Read:- 'ഭക്ഷണം കഴിച്ച് 45 മിനുറ്റിന് ശേഷം പാനീയങ്ങള്‍ കഴിക്കണമെന്ന് പറയുന്നത് എന്തിന്?'