ലേയിലെ 'ഇടുക്കി ഗോൾഡ്', പുട്ടും ഇടിയപ്പവും, കപ്പയും മീനും മുതൽ മെനുവിൽ ആവി പറക്കുന്ന കേരള വിഭവങ്ങൾ

ഒരു നല്ല ചായ കുടിക്കാൻ കിലോമീറ്ററുകൾ പോകാൻ മടിയില്ലാത്ത ഭക്ഷണ പ്രേമികൾ പോലും ലേ, ലഡാക്ക് പോലുള്ള സ്ഥലങ്ങളിൽ എത്തുമ്പോൾ മാഗി ന്യൂഡിൽസ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരാറുണ്ട്. 

Malayalee Shilpa s Idukki Gold Cafe in Leh Special story

ഒരു നല്ല ചായ കുടിക്കാൻ കിലോമീറ്ററുകൾ പോകാൻ മടിയില്ലാത്ത ഭക്ഷണ പ്രേമികൾ പോലും ലേ, ലഡാക്ക് പോലുള്ള സ്ഥലങ്ങളിൽ എത്തുമ്പോൾ മാഗി ന്യൂഡിൽസ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരാറുണ്ട്. ലേയിലെ കൊടും തണുപ്പിൽ പുട്ടും ഇടിയപ്പവും മറ്റ് മലയാളി ഭക്ഷണവും തനിമ ചോരാതെ തയ്യാറാക്കി വിളമ്പി     താരമായിരിക്കുകയാണ് കൊല്ലം സ്വദേശിനിയായ ശിൽപ. വൻ തുക ശമ്പളമായുള്ള ജോലി രാജിവയ്ക്കുമ്പോൾ സ്വദേശമായ മരത്തടിയിൽ പോയി ഭക്ഷണം ഉണ്ടാക്കാൻ പോവുകയാണോയെന്ന ബോസിൻ്റെ പരിഹാസം കാര്യമായി എടുത്തതാണ് റെക്സ് സുലു എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായ ശിൽപയുടെ 'ഇടുക്കി ഗോൾഡ് കഫേ'യ്ക്ക് പിന്നിലെ കഥ.

ഇടുക്കി ഗോൾഡും ലേയും

ഏഴ് വർഷത്തിലധികമായി മെഡിറ്റേഷൻ സംബന്ധിയായി ലേയിലെത്തുന്ന റെക്സ് ലഡാക്കിലെയും ലേയിലെയും നാട്ടുകാർക്ക് സുപരിചിതയാണ്. നാട്ടുകാരിലെ ചങ്ങാതിമാരുടെ കേരള ഫുഡ് കഴിക്കാനുള്ള ആഗ്രഹമാണ് ഇടുക്കി ഗോൾഡ് കഫേ എന്ന ചെറിയ സംരംഭത്തിന് തുടക്കമായതിന് പിന്നിൽ. ലഡാക്കിലെ ഭക്ഷണ പ്രേമികൾ തന്നെ കഫേ തുടങ്ങാനുള്ള ഇടം കണ്ടെത്താനും മുന്നിൽ നിന്നെന്നാണ് കഫേയുടെ തുടക്കത്തേക്കുറിച്ച് റെക്സ് പറയുന്നത്. ഇടുക്കി ഗോൾഡിലെ ഇടിയപ്പവും, പുട്ടും, കടലക്കറിയും, കപ്പയും, മീനും, മട്ടൻ സ്റ്റൂവുമെല്ലാം കഴിക്കാൻ എത്തിയവരിൽ ഏറിയ പങ്കും ലഡാക്ക് സ്വദേശികളാണെന്നാണ് റെക്സ് പറയുന്നത്.

Malayalee Shilpa s Idukki Gold Cafe in Leh Special story

പാചകക്കാരി തന്നെ ഹോസ്റ്റാവുമ്പോൾ

ഭക്ഷണം തയ്യാറാക്കാനുള്ള ചേരുവകൾ കേരളത്തിൽ നിന്നും ദില്ലിയിൽ നിന്നും വിമാനമാർഗം അടക്കമാണ് ലേയിലെത്തിക്കുന്നത്. വൻ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടല്ല സംരംഭമെന്നതിനാൽ ഇത്തിരി പോലും ഭക്ഷണം പാഴാക്കാതിരിക്കാനും റെക്സിന് വേറിട്ട വഴിയുണ്ട്. മുൻകൂർ ബുക്ക് ചെയ്യുന്നത് അനുസരിച്ചാണ് ഇടുക്കി ഗോൾഡിലെ അടുക്കളയിൽ വിഭവങ്ങൾ തയ്യാറാവുന്നത്. കേരളത്തിൽ പലയിടങ്ങളിൽ നിന്ന് കഴിച്ചിട്ടുള്ള വിഭവങ്ങളിൽ റെക്സിൻ്റെ പൊടിക്കൈകൾ കൂടിയാവുമ്പോൾ ഇടുക്കി ഗോൾഡിലെ വിഭവങ്ങൾക്ക് സ്വാദ് കൂടും. ഭക്ഷണം തയ്യാറാക്കുന്നതും അതിഥികളെ സൽക്കരിക്കുന്നതും റെക്സ് തന്നെയാണ്. 

അതിഥികളിൽ ഏറിയ പങ്കും വിദേശികൾ അടക്കമുള്ളവരായതിനാൽ വിഭവങ്ങളെക്കുറിച്ച് വിശദമായി വിവരിക്കാനുള്ള സമയം കൂടി കണക്കിലെടുത്താണ് അതിഥികളുടെ സമയം ക്രമീകരിക്കുന്നത്. അടുക്കളയിൽ റെക്സിന് സഹായിക്കാനുള്ളത് ഒരാൾ മാത്രമാണ്. പരമ്പരാഗത രീതിയിലുള്ള പാചക രീതികളിൽ അൽപം പോലും വിട്ടുവീഴ്ച ചെയ്യാനും റെക്സ് തയ്യാറല്ല. പല വീടുകളിൽ നിന്ന് കിട്ടിയതാണ് ഇടുക്കി ഗോൾഡിലെ രുചിക്കൂട്ടുകൾ എന്നാണ് റെക്സ് സുലു പറയുന്നത്.

കപ്പയും മീനും ലേയിലോ!
ഭക്ഷണം കഴിക്കാനായി ലോംഗ് റൈഡ് പോകാൻ മടിയില്ലാത്ത മകളുടെ  സംരംഭത്തേക്കുറിച്ച് അറിഞ്ഞപ്പോൾ വീട്ടുകാർക്ക് അതിശയമൊന്നും തോന്നിയില്ല. കാരണം പഠന കാലം മുതൽ സ്വന്തം വഴി വെട്ടി പോവുന്ന ശിൽപയെ വീട്ടുകാർക്കറിയാവുന്നതാണല്ലോ. മുൻപ് ബുള്ളറ്റ് വാങ്ങി നാല് ദിവസം കൊണ്ട്  ഓടിച്ച് പഠിച്ച് ലേയിലും ലഡാക്കിലും പോയി വന്ന മകളുടെ പുതിയ സംരഭത്തിൽ വീട്ടുകാരും ഹാപ്പിയാണ്.

Malayalee Shilpa s Idukki Gold Cafe in Leh Special story

ചിലവ് ചുരുക്കൽ
ആഡംബര ജീവിതമായിരുന്നു മുൻപ് തനിക്കുണ്ടായിരുന്നതെന്ന് റെക്സ് ഓർമ്മിക്കുന്നു. ജോലി വിട്ട ശേഷം മെഡിറ്റേഷൻ മായി കറങ്ങി നടക്കുന്നതിനിടയിലാണ് കഫേയെന്ന ആശയം വന്നത്. അഡ്വാൻസ് കൊടുക്കാൻ സമയത്ത് സുഹൃത്തിന് നൽകിയ പണം തിരികെ ചോദിച്ചപ്പോൾ നേരിട്ട തിക്താനുഭവം മികച്ച സാമ്പത്തിക അച്ചടക്കത്തിലേക്കാണ് റെക്സിനെ എത്തിച്ചത്. എന്നാൽ ഒട്ടും മടിക്കാതെ കഫേ ആശയത്തിന് കട്ടയ്ക്ക് കൂടെ നിന്ന സുഹൃത്തിനേയും റെക്സ് മറന്നിട്ടില്ല. മിനിമലിസത്തിൽ ഊന്നിയാണ് ഇടുക്കി ഗോൾഡിൻ്റെ രൂപകൽപനയും. ചിരട്ട പാത്രത്തിൽ വിളമ്പുന്ന കറികൾക്കും പാള പാത്രത്തിലെ വിഭവങ്ങൾക്കും ഇതിനോടകം മികച്ച പ്രതികരണമാണ് ലഡാക്ക് സ്വദേശികൾക്കിടയിലുള്ളത്.

ഹിറ്റായ 'സദ്യ'
ഓണത്തിന് സദ്യ വിളമ്പാനുള്ള പദ്ധതിയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ലഡാക്ക് സ്വദേശികളായ സുഹൃത്തുക്കളാണ് വേറെ ആർക്ക് നൽകിയില്ലെങ്കിലും തങ്ങൾക്ക് ഓണസദ്യ വേണമെന്ന് പറഞ്ഞതോടെയാണ് സദ്യ ചെയ്യാൻ പ്ലാൻ ഇടുന്നത്.  ചേരുവകൾ എത്തിക്കാമെന്ന് ഒരു സ്ഥാപനം ഉറപ്പും നൽകി. എന്നാൽ അവസാന നിമിഷമാണ് ഇവർ സമയത്ത് പച്ചക്കറിയും മറ്റ് ചേരുവകകളും എത്തിക്കുന്നതിൽ നിന്ന് പിന്മാറിയത്. ഇക്കൊല്ലം സദ്യയില്ലെന്ന നിലപാടിലേക്ക് പോയ ശേഷമാണ് 21 വിഭവങ്ങൾ അടങ്ങിയ സദ്യ റെക്സ് ഇടുക്കി ഗോൾഡിൽ തയ്യാറാക്കിയത്. ലഡാക്കിലെ നാട്ടുകാർക്കിടയിൽ സദ്യ ഹിറ്റാവാൻ അധിക സമയം വേണ്ടി വന്നില്ല. രണ്ടാഴ്ചയിലധികം നീണ്ട ബുക്കിംഗിൽ ഇരുനൂറിലധികം സദ്യയാണ് ഇടുക്കി ഗോൾഡിലെ അതിഥികൾക്ക് വിളമ്പിയത്. ഓണം കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞിട്ടും സദ്യ തിരക്കി ഇനിയും അതിഥികളുടെ അന്വേഷണം എത്തുന്നത് ഹിറ്റായ സദ്യയുടെ ബാക്കിപത്രമെന്നാണ് റെക്സിന് പറയാനുള്ളത്. ലേയിൽ ഓണസദ്യ വിളമ്പിയ അനുഭവം ആദ്യമെന്നാണ് ലഡാക്കുകാരുടേയും പ്രതികരണം.

Malayalee Shilpa s Idukki Gold Cafe in Leh Special story

ലേയിലെ മലയാളി മെനു
പുട്ട്, ഇടിയപ്പം, അപ്പം, മലബാറി പൊറാട്ട, നെയ് ചോറ്, മീൻ ബിരിയാണി, ചെമ്മീൻ ബിരിയാണി, സോയ ബിരിയാണി, മട്ടൺ സ്റ്റൂ, മട്ടൻ പെപ്പർ ഫ്രൈ, ചിക്കൻ സ്റ്റൂ, കുടംപുളിയിട്ട മീൻ കറി, അടപ്രഥമൻ, അമ്പലപ്പുഴ പാൽപായസം തുടങ്ങി 23 ഓളം വിഭവങ്ങളാണ് ഭക്ഷണപ്രിയർക്കായി ഇടുക്കി ഗോൾഡ് ഒരുക്കിയിട്ടുള്ളത്. 

Read more:  ചോറ് കൊണ്ടൊരു വ്യത്യസ്ത നാലുമണി പലഹാരമിതാ...

ചന്ദ്രനിലും ചായക്കടയുമായി എത്തുമെന്നാണ് മലയാളിയേക്കുറിച്ച് പൊതുവെ പറയാറുള്ളത്. ചന്ദ്രനിൽ എത്തിയില്ലെങ്കിലും ആവി പറക്കുന്ന പുട്ടും, കപ്പയും മീനുമൊക്കെയായി റെക്സിൻ്റെ ഇടുക്കി ഗോൾഡ് ലേയിലുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios