ഹോട്ടലിൽ രുചി കൂട്ടാൻ മധുരം, ഉപ്പ്, ഓയിൽ വേണ്ട; ജീവിതശൈലീ രോഗങ്ങൾക്ക് തടയിടാൻ പുതുവഴിയുമായി മലപ്പുറം

നിലവിലുള്ള ഭക്ഷണ രീതികൾ തുടരുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഓയിൽ, കൃത്രിമ നിറങ്ങൾ, അമിതമായ ഉപ്പ്, പഞ്ചസാര എന്നിവ കുറവുള്ള ഭക്ഷണങ്ങൾ കൂടി സമാന്തരമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് പദ്ധതി

Malappuram takes an extra initiative to slow down life style diseases by smart use of hotel food etj

മലപ്പുറം: മാർച്ച് ഒന്നു മുതൽ മലപ്പുറത്ത് ഹോട്ടലുകളിൽ മധുരം, ഉപ്പ്, ഓയിൽ എന്നിവ പരമാവധി കുറച്ചുള്ള ഭക്ഷണങ്ങൾ കൂടി ലഭ്യമാക്കാൻ ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ജീവിതശൈലീ രോഗങ്ങൾ നേരിടുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ തുടർച്ചയായാണ് ജില്ലയിൽ പുതിയ ക്യാംപയിന് തുടക്കം കുറിക്കുന്നത്. നിലവിലുള്ള ഭക്ഷണ രീതികൾ തുടരുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഓയിൽ, കൃത്രിമ നിറങ്ങൾ, അമിതമായ ഉപ്പ്, പഞ്ചസാര എന്നിവ കുറവുള്ള ഭക്ഷണങ്ങൾ കൂടി സമാന്തരമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ കളക്ടറേറ്റിലുൾപ്പടെ ഔദ്യോഗിക പരിപാടികളിലും യോഗങ്ങളിലും മധുരം ഒഴിവാക്കിയുള്ള ചായ നൽകുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് കളക്ടർ പറഞ്ഞു.

ഭക്ഷ്യ സുരക്ഷാ വകുപ്പിനെ കൂടാതെ ആരോഗ്യ വകുപ്പ്, ഹോട്ടൽ ആന്റ് റെസ്റ്റോറന്റ്സ് അസോസിയേഷൻ, ബേക്കേഴ്സ് അസോസിയേഷൻ, ട്രോമാകെയർ, റെസിഡൻസ് അസോസിയേഷൻ എന്നിവരുടെ സഹായത്തോടെയാണ് ജില്ലയിൽ ക്യാംപയിൻ പരിപാടികൾ നടപ്പിലാക്കുന്നത്. കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങൾ എന്നിവരുടെയും സഹകരണം ഉറപ്പാക്കും. എണ്ണ പലഹാരങ്ങൾക്ക് പകരം ആവിയിൽ വേവിച്ചെടുത്ത പലഹാരങ്ങൾ നൽകുന്ന ഹെൽത്തി ഷെൽഫ് ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും നടപ്പിലാക്കും. വീടുകളിൽ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നവർ തട്ടുകടകൾ ഉൾപ്പടെ എല്ലാ മേഖലയിലുള്ളവരെയും ഉൾപ്പെടുത്തിയാകും പദ്ധതി നടപ്പിലാക്കുക. പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ക്യാംപയിൻ സന്ദേശങ്ങൾ എല്ലാ ഹോട്ടലുകളിലും ബേക്കറി സ്ഥാപനങ്ങളിലും സ്ഥാപിക്കും. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഫുഡ് വ്ലോഗർമാർക്കെതിരെ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു.

ക്യാംപയിൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി ഭക്ഷ്യസുരക്ഷാ നോഡൽ ഓഫീസർ അബ്ദുൽ റഷീദ്, ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സീഗോ ബാവ, കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.എച്ച് അബ്ദുസമദ്, ട്രോമാകെയർ പ്രതിനിധി പ്രതീഷ്, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി റഷീദ് എന്നിവർ അംഗങ്ങളായി സമിതി രൂപീകരിച്ചു. ഫെബ്രുവരി 27 ന് തുടർ യോഗം ചേരാനും തീരുമാനിച്ചു. കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ വി.കെ പ്രദീപ് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഡി. സുജിത് പെരേര, ജില്ലയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios