കർക്കിടക സ്പെഷ്യൽ ഉലുവ കൊണ്ടുള്ള മരുന്നുണ്ട തയ്യാറാക്കാം; റെസിപ്പി
കർക്കിടക മാസത്തില്‍ കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റിയ ഉലുവ മധുരം അഥവാ ഉലുവ കൊണ്ടുള്ള കർക്കിടക മരുന്നുണ്ട തയ്യാറാക്കിയാലോ? വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കർക്കിടക മാസത്തില്‍ കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റിയ ഉലുവ മധുരം അഥവാ ഉലുവ കൊണ്ടുള്ള കർക്കിടക മരുന്നുണ്ട തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ഉലുവ - 1/4 കപ്പ് (നന്നായി കഴുകി ഒരു അരിപ്പയിലേക്ക് മാറ്റി വെക്കുക)
കറുത്ത എള്ള് - 1/2 കപ്പ്
കശുവണ്ടി പരിപ്പ് - 1 കപ്പ്
അവൽ - 1.5 കപ്പ്
ഏലയ്ക്കാ പൊടി - 1 ടീസ്പൂണ്‍
ചുക്ക് പൊടി - 1 ടീസ്പൂണ്‍
ഉരുക്കിയ ശർക്കര - 250 ഗ്രാം ( ഒരു നൂൽ പരുവത്തിൽ ആക്കി വെക്കണം )
നെയ്യ് - നാല് ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ കഴുകി വെച്ചിരിക്കുന്ന ഉലുവ നന്നായി ഒരു ചീനച്ചട്ടിയിൽ ഇട്ടു വറുത്തെടുക്കുക. ഇനി കശുവണ്ടി പരിപ്പും അവലും ചെറുതായി ഒന്നു വറുത്തെടുക്കുക, എള്ള് അവസാനം ഒന്നു വറുത്തു മാറ്റി വെക്കുക. ഇനി ഇതെല്ലാം ഒന്നു തണുത്തിട്ട് ഉലുവ, കശുവണ്ടി, അവൽ എന്നിവയെല്ലാം ഒന്നു പൊടിച്ചെടുക്കുക, ഇനി ഇതെല്ലാം ഒന്നു ഇളക്കി ഇതിലേക്ക് എള്ളും ഏലയ്ക്കാ പൊടിയും ചുക്ക് പൊടിയും ചേര്‍ത്ത് ഒന്നും കൂടി ഇളക്കാം. ഇനി ശർക്കര കുറേശ്ശേ ഒഴിച്ചു ഇടയ്ക്കു ഒരു നാല് ടീസ്പൂൺ നെയ്യും ഒഴിച്ചു ഉരുട്ടാൻ പാകത്തിൽ ആകുമ്പോൾ ചെറിയ ബാൾസ് ആയി ഉരുട്ടി എടുക്കുക (ചിലപ്പോൾ മൊത്തം ശർക്കരയും ആവശ്യം വരില്ല). ഇതോടെ ഉലുവ മരുന്നുണ്ട റെഡി.
Also read: കർക്കിടക സ്പെഷ്യൽ എള്ളും അവലും വീട്ടില്‍ എളുപ്പം തയ്യാറാക്കാം; റെസിപ്പി