ഇതാണ് 'ഇഡ്ഡലി എടിഎം'; ഇനി 24 മണിക്കൂറും ഇഡ്ഡലി കഴിക്കാം!
24 മണിക്കൂറും ഇഡ്ഡലിയും ചട്‌നിയും ലഭ്യമാകുന്ന ഇഡ്ഡലി വെന്‍ഡിങ് മെഷീനാണ് ഇവിടെ ഭക്ഷണപ്രേമികളെ ഞെട്ടിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ ആണ് ഈ പുതിയ സാങ്കേതിക സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഇഡ്ഡലി എന്നത് ദക്ഷിണേന്ത്യയില്‍ പ്രഭാത ഭക്ഷണങ്ങളിലെ പ്രിയപ്പെട്ട വിഭവമാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണം കൂടിയാണ് ഇഡ്ഡലി. പഞ്ഞി പോലെയുള്ള ഇഡ്ഡലി ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവുകയുമില്ല. ഇഡ്ഡലിയോടൊപ്പം ചമന്തി കൂടി ഉണ്ടെങ്കിലോ... പിന്നെ വെറെയൊന്നും വേണ്ട. അത്തരം ഇഡ്ഡലി പ്രേമികള്‍ക്കുള്ള ഒരു സന്തോഷവാര്‍ത്തയാണിത്.
24 മണിക്കൂറും ഇഡ്ഡലിയും ചട്‌നിയും ലഭ്യമാകുന്ന ഇഡ്ഡലി വെന്‍ഡിങ് മെഷീനാണ് ഇവിടെ ഭക്ഷണപ്രേമികളെ ഞെട്ടിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ ആണ് ഈ പുതിയ സാങ്കേതിക സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇഡ്ഡലി വെന്‍ഡിങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്‍റെ വീഡിയോ ട്വിറ്ററിലൂടെ ആണ് വൈറലായിരിക്കുന്നത്.
ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഒരു റെസ്റ്റോറന്‍റാണ് ഈ ഇഡ്ഡലി വെന്‍ഡിങ് മെഷീന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇഡ്ഡലി, വട, പൊടി ഇഡ്ഡലി എന്നിവയെല്ലാം മെനുവില്‍ ഉള്‍പ്പെട്ടിരിക്കുന്നു. വെന്‍ഡിങ് മെഷീനിലെ ആപ്ലിക്കേഷന്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഓണ്‍ലൈനായി പേയ്‌മെന്‍റ് ചെയ്ത് ഫുഡ് ഓര്‍ഡര്‍ ചെയ്യാം. ഓര്‍ഡര്‍ ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സംഭവം നമ്മുടെ കയ്യില്‍ എത്തും. ഒരു യുവതി ഇത്തരത്തില്‍ ഇഡ്ഡലി ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
'ബെംഗളൂരുവിലെ ഇഡ്ഡലി എടിഎം' എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. നിരവധി പേര്‍ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുമുണ്ട്. പൊതു ഇടങ്ങളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ഒരാളുടെ കമന്‍റ്. ഇത് വീട്ടില്‍ വാങ്ങി വച്ചാല്‍ പണി കുറഞ്ഞു കിട്ടുമെന്നും ചില വീട്ടമ്മമാര്‍ പറയുന്നു. അപ്പോഴേയ്ക്കും ഇഡ്ഡലിയുടെ രുചിയെ കുറിച്ചും ഗുണമേന്മയെക്കുറിച്ചുമൊക്കെ ചിലര്‍ ആശങ്ക അറിയിക്കുകയും ചെയ്തു.
Also Read: 'ലെയ്സ്' പാക്കറ്റ് മോഡൽ ലെതർ ബാഗ്; വില 1.40 ലക്ഷം രൂപ!