ഈ കർക്കിടക മാസത്തിൽ ഔഷധ കഞ്ഞി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം
ഔഷധകഞ്ഞികളിൽ പ്രധാനപ്പെട്ട ഒന്നായ തൊട്ടാവാടി കഞ്ഞി ഉണ്ടാക്കാം. നീലിമ ബാലകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കർക്കിടക മാസം തുടങ്ങിയല്ലോ. നമ്മുടെ ആരോഗ്യവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുവാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുന്ന ഒരു മാസമാണല്ലോ ഇത്. കർക്കിടക മാസത്തിൽ ഔഷധ കഞ്ഞിയുടെ പ്രാധാന്യം വളരെ വലുതാണ്. ഇന്ന് ഔഷധകഞ്ഞികളിൽ പ്രധാനപ്പെട്ട ഒന്നായ തൊട്ടാവാടി കഞ്ഞി ഉണ്ടാക്കാം.
വേണ്ട ചേരുവകൾ
- തൊട്ടാവാടി വലിയ ഒരു ചുവട് (വേരോടുകൂടിയത് )
- പച്ച നെല്ലിൻ്റെ അരി l കപ്പ്
- ചെറുപയർ 1 കപ്പ്
- ഉലുവ 1 പിടി
- ജീരകം ( പൊടിച്ചത്) 1 സ്പൂൺ
- ഇന്തുപ്പ് ആവശ്യത്തിന്
- മഞ്ഞൾപൊടി 1/2 സ്പൂൺ
- തേങ്ങ 1 മുറി
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ തൊട്ടാവാടി വേരോടുകൂടി ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് തിളപ്പിക്കുക. തിളച്ച തൊട്ടാവാടി നീരിലേയ്ക്ക് കഴുകി വച്ച അരിയും കുതിർത്തുവച്ച ചെറുപയറും ഉലുവയും ഇട്ടുകൊടുക്കുക. നന്നായി വേവിക്കുക. ഇതിലേക്ക് മഞ്ഞൾ പൊടി ,ജീരകപ്പൊടി, ഇന്തുപ്പ് എന്നിവ ഇട്ടുകൊടുക്കുക . ഇവയെല്ലാം നല്ലതുപോലെ വെന്തു കഴിഞ്ഞാൽ തേങ്ങാപ്പാൽ ഒഴിച്ച് നന്നായി ചൂടാക്കി വാങ്ങുക. (തേങ്ങ അരച്ചു ചേർത്താൽ നന്നായി തിളപ്പിക്കണം). തൊട്ടാവാടി കഞ്ഞി റെഡി.