ബ്രെഡ് ഇല്ലാതെ ബീഫ് കട്‌ലറ്റ് വീട്ടില്‍ തയ്യാറാക്കാം; ഈസി റെസിപ്പി
എത്ര കഴിച്ചാലും മടുക്കാത്ത രുചിയിൽ ബീഫ് കട്‌ലറ്റ് തയ്യാറാക്കിയാലോ? നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കേരളത്തിലെ പ്രശസ്തമായ ഒരു വിഭവമാണ് ബീഫ് കട്‌ലറ്റ്. വളരെ രുചികരവും പ്രോട്ടീൻ സമ്പുഷ്ടവുമായ ഒരു ലഘുഭക്ഷണമാണിത്. ബ്രെഡ് പൊടി ഉപയോഗിക്കാതെയുള്ള കേരള ബീഫ് കട്‌ലറ്റ് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ബീഫ് - 250 ഗ്രാം
മഞ്ഞള്‍പൊടി - ½ ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
മുളകുപൊടി - 1 ടീസ്പൂണ്‍
വെള്ളം - ആവശ്യത്തിന്
ഉരുളക്കിഴങ്ങ് - 200 ഗ്രാം
വെളിച്ചെണ്ണ - ആവശ്യത്തിന്
സവാള അരിഞ്ഞത് - 1 എണ്ണം
ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - 1 ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
കുരുമുളക് പൊടി - ½ ടീസ്പൂണ്‍
ഗരം മസാല - 1 ടീസ്പൂണ്‍
വേപ്പില - 2 തണ്ട്
മുട്ട - 2 എണ്ണം
തയ്യാറാക്കുന്ന വിധം
നെയ്യ് ഇല്ലാത്ത ബീഫ് ആണ് കട്‌ലറ്റ് ഉണ്ടാക്കാൻ നമുക്ക് വേണ്ടത്. ആദ്യം ബീഫ് ചെറുതായി നുറുക്കി നന്നായി കഴുകി വെള്ളം വാർത്ത് ഒരു കുക്കറിലേക്ക് ഇട്ട് കൊടുക്കാം. ഇനി അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്ത് കൈകൊണ്ട് ഒന്നു കൂട്ടി യോജിപ്പിച്ച ശേഷം ഇറച്ചി വേവാൻ ആവശ്യമായ വെള്ളം കൂടി ഒഴിച്ചശേഷം രണ്ട് വിസിൽ വരുന്നതു വരെ വേവിക്കുക. ആവി മുഴുവൻ പോയി കഴിയുമ്പോൾ കുക്കർ തുറക്കാം. ഇറച്ചിയിൽ ഇനിയും വെള്ളം ഉണ്ടെങ്കിൽ തുറന്നു വച്ച് വേവിച്ച് വെള്ളം വറ്റിച്ചെടുക്കണം. ഇനി ഇത് ചൂടാറാൻ വയ്ക്കാം.
ശേഷം ഇത് മിക്സിയുടെ ഒരു ജാറിൽ ഇട്ട് ഒന്ന് പൊടിച്ചെടുക്കണം, നല്ലതുപോലെ പൊടിച്ചെടുക്കേണ്ടതില്ല.ഇനി ഇത് മാറ്റിവച്ചിട്ട് തൊലികളഞ്ഞ് കഷണങ്ങളാക്കിയ ഉരുളക്കിഴങ്ങ് ഒരു കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് നന്നായി വേവിച്ചെടുക്കണം. ചൂടാറിയശേഷം ഇത് നന്നായി ഉടച്ചെടുക്കുക. ഇനി ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കിയ ശേഷം ചെറുതായി അരിഞ്ഞ സവാളയിട്ട് വഴറ്റുക, ഇതിലേക്ക് ചെറുതായി അരിഞ്ഞ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് ചെറിയ തീയിൽ വഴറ്റി കൊടുക്കാം. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ചേർത്ത് കൊടുത്തു എല്ലാം നല്ലതുപോലെ വഴറ്റിയെടുക്കാം, കുറച്ചു കറിവേപ്പില കൂടി ചേർത്തുകൊടുക്കാം.
ഇനി പൊടിച്ച ഇറച്ചി ചേർത്ത് നല്ലതുപോലെ വഴറ്റി ഡ്രൈ ആക്കി എടുക്കാം, എന്നിട്ട് തീ ഓഫ് ചെയ്ത് ഉടച്ചു വച്ച ഉരുളക്കിഴങ്ങ് ചേർത്തു കൊടുത്തു നന്നായി യോജിപ്പിച്ച് എടുക്കണം. ചൂടാറികഴിഞ്ഞാൽ കൈകൊണ്ട് ഒന്നുകൂടി നന്നായി കുഴച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ മുട്ട ഒരു വിസ്‌ക് അല്ലെങ്കിൽ സ്പൂൺ വച്ച് ചെറുതായൊന്ന് അടിച്ചെടുത്ത് മാറ്റിവയ്ക്കാം. ഇനി ഒരു ചെറിയ കഷ്ണം ഓല എടുത്ത് നന്നായി കഴുകി തുടച്ച് ഒരു പാത്രത്തിനു മുകളിൽ വച്ച് കട്‌ലറ്റ് ആകൃതിയിലാക്കി പിടിക്കുക. ഇനി കട്ട്ലറ്റ് മിക്സിൽ നിന്ന് കുറച്ചെടുത്ത് ഇതിനുള്ളിൽ നിറച്ചു കൊടുക്കണം, അതിനുശേഷം ഓലകഷ്ണം പതുക്കെ എടുത്തുമാറ്റാം. ഇതുപോലെ എല്ലാം ചെയ്തെടുക്കാം. ഇനി ഓരോ കട്‌ലറ്റും അടിച്ചു വച്ച മുട്ടയിൽ മുക്കിയെടുത്തു ചൂടായി കിടക്കുന്ന വെളിച്ചെണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം. ബീഫ് കട്‌ലറ്റ് തയ്യാറായിക്കഴിഞ്ഞു.
Also read: വീട്ടില്‍ തയ്യാറാക്കാം ഒരു ഹെൽത്തി റാഗിയപ്പം; ഈസി റെസിപ്പി