എന്താണ് 'മൈൻഡ്‍ഫുള്‍ ഈറ്റിംഗ്'?; എങ്ങനെയിത് ചെയ്യാം?
'മൈൻഡ്‍ഫുള്‍ ഈറ്റിംഗ്' പരിശീലിച്ചുകഴിഞ്ഞാല്‍ മിതമായ അളവിലേ കഴിക്കൂ, ആരോഗ്യകരമായ രീതിയിലേ കഴിക്കൂ എന്നെല്ലാമുള്ള മാനദണ്ഡങ്ങള്‍ സ്വാഭാവികമായി തന്നെ കടന്നുവരും
പല സന്ദര്‍ഭങ്ങളിലും നിങ്ങള്‍ കേട്ടിരിക്കാൻ സാധ്യതയുള്ളൊരു പ്രയോഗമാണ് 'മൈൻഡ്‍ഫുള്‍' എന്നത്. ഇതുപോലെ തന്നെ 'മൈൻഡ്‍ഫുള്‍ ഈറ്റിംഗ്' എന്ന് പറയുന്നതും നിങ്ങള്‍ കേട്ടിരിക്കും. ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യമാണെന്ന് എന്തായാലും വ്യക്തം, അല്ലേ?
എങ്കിലും എന്താണീ സംഗതി എന്നത്രയ്ക്കങ്ങോട്ട് പിടി കിട്ടാത്തവരും കാണും. ഇതറിയുന്നത് കൊണ്ട് പല വിധത്തിലുള്ള പ്രയോജനങ്ങളും നിങ്ങള്‍ക്കുണ്ടാകാം. ഭക്ഷണത്തോടുള്ള കാഴ്ചപ്പാട് തന്നെ പതിയെ മാറിമറിയാനും മതി.
'മൈൻഡ്‍ഫുള്‍നെസ്' എന്ന ആശയം വന്നിരിക്കുന്നത് സെൻ ബുദ്ധിസത്തില്‍ നിന്നാണ്. മനസറിയുക, മനസ് നിറയും വിധം എന്നെല്ലാം നമുക്കിതിനെ അര്‍ത്ഥമാക്കാം. അതായത് ചെയ്യുന്ന കാര്യം എന്തോ അതില്‍ മുഴുകി, അതിനെ അറിഞ്ഞും ആസ്വദിച്ചും ചെയ്യുകയെന്നെല്ലാം പറയാം.
അപ്പോള്‍ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ 'മൈൻഡ്‍ഫുള്‍' ആകുന്നത് എങ്ങനെയെന്ന് കുറച്ചെങ്കിലും ഊഹം വന്നുകാണുമല്ലോ...
മനസറിഞ്ഞ് പതിയെ ആസ്വദിച്ച്, ചവച്ചരച്ച്, മിതമായ അളവില്‍ ഭക്ഷണം കഴിക്കുന്ന രീതിയാണ് 'മൈൻഡ്‍ഫുള്‍ ഈറ്റിംഗ്'. വിശപ്പുണ്ടെങ്കിലും ഇല്ലെങ്കിലും കയ്യില്‍ കിട്ടുന്ന എന്തും വാരിവലിച്ചുകഴിക്കുന്ന ശീലമുള്ളവരുണ്ട്. ഇത് ശരീരഭാരം കൂടുന്നതിലേക്കും വിവിധ രോഗങ്ങള്‍ ബാധിക്കുന്നതിലേക്കുമേ നയിക്കൂ.
അതേസമയം 'മൈൻഡ്‍ഫുള്‍ ഈറ്റിംഗ്' പരിശീലിച്ചുകഴിഞ്ഞാല്‍ മിതമായ അളവിലേ കഴിക്കൂ, ആരോഗ്യകരമായ രീതിയിലേ കഴിക്കൂ എന്നെല്ലാമുള്ള മാനദണ്ഡങ്ങള്‍ സ്വാഭാവികമായി തന്നെ കടന്നുവരും. അമിതവണ്ണം, ഗ്യാസ് സംബന്ധമായ പ്രയാസങ്ങള്‍, ദഹനക്കുറവ്, അനാരോഗ്യകരമായ ഭക്ഷണമുണ്ടാക്കുന്ന മാനസികാരോഗ്യപരമായ പ്രയാസങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കാൻ 'മൈൻഡ്‍ഫുള്‍ ഈറ്റിംഗ്' പരിശീലിക്കാം.
എന്നാലിത് പരിശീലിക്കണമെങ്കില്‍ അനുയോജ്യമായൊരു അന്തരീക്ഷം ഇതിന് വേണം. ഉദാഹരണമായി പറയാം. വൃത്തിയുള്ള, അടുക്കും ചിട്ടയുമുള്ളൊരു സ്ഥലത്തിരുന്നേ നമുക്ക് 'മൈൻഡ്‍ഫുള്‍ ഈറ്റിംഗ്' ചെയ്യാൻ പറ്റൂ. അതിനാല്‍ തന്നെ വീട്ടിലിരുന്നാണ് കഴിക്കുന്നതെങ്കില്‍ ഭക്ഷണസമയം ആകുമ്പോഴേക്ക് വീടൊന്ന് വൃത്തിയാക്കി വച്ചേ മതിയാകൂ. കുറഞ്ഞ പക്ഷം ചുറ്റുപാടെങ്കിലും.
ഭക്ഷണം കഴിക്കുന്ന സ്ഥലം വളരെ പ്രധാനമാണ്. ചെടികള്‍ കണ്ടോ, മരങ്ങള്‍ കണ്ടോ, അല്ലെങ്കില്‍ വെള്ളമൊഴുകുന്ന ശബ്ദം കേട്ടോ എല്ലാം ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ്. ചുരുങ്ങിയത് മനസിനെ 'റിലാക്സ്ഡ്' ആക്കുന്ന സംഗീതം കേട്ടെങ്കിലും ഭക്ഷണം കഴിക്കാവുന്നതാണ്. അതേസമയം മൊബൈല്‍ - ലാപ്ടോപ്, ടിവ് സ്ക്രീനുകളിലേക്ക് നോക്കിയിരുന്നുള്ള ഭക്ഷണം കഴിപ്പ് 'മൈൻഡ്‍ഫുള്‍ ഈറ്റിംഗ്'ന് തീരെ യോജിച്ചതല്ല.
ഭക്ഷണം അവരവര്‍ക്ക് കഴിക്കാനാണെങ്കിലും വൃത്തിയായും ഭംഗിയായും എടുക്കുന്നത് 'മൈൻഡ്‍ഫുള്‍ ഈറ്റിംഗ്'നെ സ്വാധീനിക്കും. ആ ഭക്ഷണത്തെ ഇഷ്ടപ്പെടുക, അതിനോട് നന്ദിയുണ്ടാവുക- തുടങ്ങിയ അല്‍പം ആത്മീയമായ വശം കൂടി 'മൈൻഡ്‍ഫുള്‍ ഈറ്റിംഗ്'ന് ഉണ്ട്.
ഏത് പാത്രങ്ങളിലാണ് ഭക്ഷണം വിളമ്പുന്നത് എന്നതും 'മൈൻഡ്‍ഫുള്‍ ഈറ്റിംഗ്'നെ സ്വാധീനിക്കാറുണ്ട്. അതിന് അനുസരിച്ച് വൃത്തിയും ഭംഗിയും ഒതുക്കവും ഉള്ള പാത്രങ്ങളിലും മറ്റും ഭക്ഷണം വിളമ്പാം. ഗ്രാസുകള്‍, സ്പൂണ്‍ എല്ലാം ഇതിന് അനുസരിച്ച് ഉപയോഗിച്ച് ശീലിക്കുന്നത് 'മൈൻഡ്‍ഫുള്‍ ഈറ്റിംഗ്'ല്‍ പ്രധാനമാണ്.
ഭക്ഷണം വളരെ പതുക്കെ ആസ്വദിച്ച്- അറിഞ്ഞ് കഴിക്കുക എന്നതാണ് 'മൈൻഡ്‍ഫുള്‍ ഈറ്റിംഗ്'ലെ പ്രധാന സവിശേഷതയെന്ന് ആദ്യമേ സൂചിപ്പിച്ചുവല്ലോ. അതിനാല്‍ വേഗതയെ കുറിച്ച് പ്രത്യേകം ഓര്‍മ്മ വേണം. പതിയെ തന്നെ കഴിച്ച് പരിശീലിക്കുക.
Also Read:- വെറുംവയറ്റില്‍ കഴിക്കാവുന്ന ഭക്ഷണങ്ങളും കഴിക്കരുതാത്ത ഭക്ഷണങ്ങളും...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-