Onam 2022 : ഓണം സ്പെഷ്യൽ കുമ്പളങ്ങ പായസം റെസിപ്പി
വ്യത്യസ്ത രുചിയിലുള്ള പായസങ്ങൾ ഓണസദ്യയിൽ നാം കാണാറുണ്ട്. കടല പായസം, സേമിയ പായസം, അട പായസം എന്നിവയിൽ നിന്നുമെല്ലാം വ്യത്യസ്തമായ ഒരു പായസം ഈ ഓണത്തിന് തയ്യാറാക്കാവുന്നതാണ്. ഈ ഓണത്തിന് സ്പെഷ്യൽ കുമ്പളങ്ങ പായസം തയ്യാറാക്കിയാലോ?
ഓണത്തിന് ഇനി ദിവസങ്ങൾ മാത്രമല്ലേയുള്ളൂ. ഓണം എന്ന് കേൾക്കുമ്പോൾ ആദ്യം മനസിൽ ഓടി എത്തുന്നത് ഓണസദ്യം തന്നെയായിരിക്കും. വ്യത്യസ്ത രുചിയിലുള്ള പായസങ്ങൾ ഓണസദ്യയിൽ നാം കാണാറുണ്ട്. കടല പായസം, സേമിയ പായസം, അട പായസം എന്നിവയിൽ നിന്നുമെല്ലാം വ്യത്യസ്തമായ ഒരു പായസം ഈ ഓണത്തിന് തയ്യാറാക്കാവുന്നതാണ്. ഈ ഓണത്തിന് സ്പെഷ്യൽ കുമ്പളങ്ങ പായസം തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ...
കുമ്പളങ്ങ ഇടത്തരം -1
പാൽ -1 ലിറ്റർ (തിളപ്പിച്ചത് )
പഞ്ചസാര - 1 കപ്പ്
വേവിച്ച ചൗവരി 50 ഗ്രാം
കണ്ടൻസ്ഡ് മിൽക്ക് - 2 ടേബിൾസ്പൂൺ
നെയ് - 3 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് ഉണക്കമുന്തിരി - 50ഗ്രാം
ഏലയ്ക്കാപ്പൊടി - 1 ടീസ്പൂൺ
ജാതിക്കാ പൊടി - 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം...
കുമ്പളങ്ങ ഒരു സ്ലൈസറിൽ ഉരച്ചെടുത്ത് വെള്ളം പിഴിഞ്ഞ ശേഷം ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ നെയ്യൊഴിച്ച് വഴറ്റിയെടുക്കുക. പച്ചമണം മാറി വെന്തു വരുമ്പോൾ അതിലേക്ക് മുക്കാൽ ലിറ്റർ പാലും വേവിച്ച ചൗവരിയും ചേർത്തിളക്കുക.തിളച്ചു വരുമ്പോൾ പഞ്ചസാര ചേർത്ത് കൊടുക്കുക. കുറുകി വരുന്ന പരുവമാകുമ്പോൾ കണ്ടൻസ്ഡ് മിൽക്കും ബാക്കി വരുന്ന കാൽ ലിറ്റർ പാലും ചേർത്ത് തുടരെ ഇളക്കുക. ഈ സമയത്ത് ഏലക്കാപൊടിയും ജാതിക്ക പൊടിയും ചേർത്തു കൊടുക്കാവുന്നതാണ്. നേരത്തെ മാറ്റിവച്ചിരുന്ന ഒരു ടേബിൾ സ്പൂൺ നെയ്യിൽ കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്ത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. രുചികരമായ കുമ്പളങ്ങ പായസം തയ്യാർ.
തയാറാക്കിയത് :
അഭിരാമി അജി
തിരുവനന്തപുരം
ഓണം സ്പെഷ്യൽ; ചേന- അവൽപ്പായസം തയ്യാറാക്കാം