ഉഗ്രൻ രുചിയിലൊരു ഹെല്‍ത്തി ചെറുപയർ പൂരി; റെസിപ്പി
ചെറുപയർ ഉപയോഗിച്ച് പൂരി തയ്യാറാക്കിയാലോ? നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
പൂരി എല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ള ഒരു പലഹാരമാണ്. എന്നാൽ എണ്ണയിൽ വറുത്തെടുക്കുന്നത് ആയതിനാൽ ഇത് ഹെൽത്തി അല്ല എന്ന് കരുതി പലരും ആ ഇഷ്ടം മാറ്റിവയ്ക്കാറുണ്ട്. എന്നാൽ ഇനി പൂരി ഉണ്ടാക്കുമ്പോൾ അത് കുറച്ചൊന്നു ഹെൽത്തിയാക്കാൻ ചെറുപയർ ഉപയോഗിച്ച് പൂരി ഉണ്ടാക്കിയാലോ?
വേണ്ട ചേരുവകൾ
ചെറുപയർ - 1/2 കപ്പ്
വെള്ളം - 3 ടേബിൾപൂൺ (അരയ്ക്കാൻ)
ഗോതമ്പ്പൊടി - 3 കപ്പ്
പുതിനയില - 8-10 ഇലകൾ
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
വെളിച്ചെണ്ണ - 1 ടീസ്പൂൺ
എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
എട്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെച്ച ചെറുപയർ കഴുകി വാരിയ ശേഷം മൂന്ന് ടേബിൾപൂൺ വെള്ളവും കുറച്ച് പുതിനയിലയും (പുതിനയുടെ സ്വാദ് ഇഷ്ടമില്ലാത്തവർ ചേർക്കണം എന്നില്ല), ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇനി ഒരു പാത്രത്തിൽ ഗോതമ്പ് പൊടിയും ഉപ്പും അരച്ചുവെച്ച ചെറുപയർ മിശ്രിതവും ആവശ്യത്തിന് വെള്ളവും ഒഴിച്ച് പൂരിയുടെ മാവ് പോലെ കുഴച്ചെടുക്കുക. ഇനി ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ഒഴിച്ച് കുഴച്ച ശേഷം 20 മിനിറ്റ് മാവ് മൂടിവയ്ക്കാം. അതിനുശേഷം മാവ് ചെറിയ ഉരുളകളാക്കി പൂരിയുടെ വലുപ്പത്തിൽ പരത്തി എണ്ണയിൽ വറുത്തു കോരി എടുക്കാം. ഇതോടെ ചെറുപയർ പൂരി റെഡി.
Also read: ചോറിനൊപ്പം കഴിക്കാം നല്ല രുചിയൂറും വെള്ള നാരങ്ങ അച്ചാർ; റെസിപ്പി