കടലപ്പൊടി ഉണ്ടോ വീട്ടിൽ? എങ്കിൽ എളുപ്പം തയ്യാറാക്കാം ഈ നാലുമണി പലഹാരം; റെസിപ്പി
ചായക്കൊപ്പം കഴിക്കാന്‍ കടലപ്പൊടി കൊണ്ടൊരു നാലുമണി പലഹാരം തയ്യാറാക്കിയാലോ? നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വൈകുന്നേരങ്ങളിൽ ചൂട് ചായക്കൊപ്പം എന്തെങ്കിലുമൊന്ന് കൊറിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. അതും നല്ല എരിവുള്ള ഒരു പലഹാരമാണെങ്കിൽ പറയുകയും വേണ്ട, സംഗതി കുശാല്‍. അത്തരത്തില്‍ കടലപ്പൊടി കൊണ്ടൊരു നാലുമണി പലഹാരം തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
കടലപ്പൊടി - 250 ഗ്രാം
ഉപ്പ് - ¾ ടീസ്പൂൺ
മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത് - 1 ടീസ്പൂൺ
വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
വെള്ളം - ആവശ്യത്തിന്
വറ്റൽമുളക് പൊടിച്ചത് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ കടലപ്പൊടി എടുത്ത് അതിലേക്ക് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് യോജിപ്പിച്ച ശേഷം ആവശ്യത്തിന് വെള്ളവും ഒഴിച്ച് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കണം. കുറച്ചു വെളിച്ചെണ്ണ കൂടി ഒഴിച്ചു വേണം കുഴച്ചെടുക്കാൻ. ഇനി ഇത് 20 മിനിറ്റ് മൂടിവയ്ക്കാം. ഇനി വൃത്തിയുള്ള ഒരു പ്രതലത്തിൽ കുറച്ചു വെളിച്ചെണ്ണ തടവിയശേഷം മാവ് വെച്ച് കനം കുറച്ച് പരത്തി എടുക്കാം. ശേഷം മുകളിൽ വറ്റൽമുളക് പൊടിച്ചത് വിതറിയിട്ട് ഒന്നുകൂടി പരത്തി ഡയമണ്ട് ആകൃതിയിൽ മുറിച്ചെടുക്കാം. ഇനിയൊരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കിയ ശേഷം കുറേശ്ശെയായി ഇട്ട് വറുത്തെടുക്കാം. എല്ലാം വറുത്തു കഴിഞ്ഞാൽ അതേ വെളിച്ചെണ്ണയിൽ തന്നെ കുറച്ചു കറിവേപ്പില കൂടി ഇട്ടു വറുത്തെടുത്ത് പലഹാരത്തിലേക്ക് ചേർക്കാം. എരിവുള്ള ചായ പലഹാരം റെഡി!
Also read: വേനല്‍ ചൂടിനെ ശമിപ്പിക്കാൻ ഒരു നാടന്‍ സംഭാരം; ഈസി റെസിപ്പി