ലോകത്ത് കാപ്പി ഉപഭോഗം വര്‍ധിക്കുന്നു; അറിയാം കോഫിയുടെ ഗുണങ്ങള്‍
ബ്ലാക്ക് കോഫിയില്‍ കാണപ്പെടുന്ന 'ക്ലോറോജെനിക് ആസിഡ്' ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ചര്‍മ്മത്തിനും കാപ്പി നല്ലതാണ്. ആന്‍റി ഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുളള കാപ്പി തരികള്‍ കൊണ്ടുള്ള സ്‌ക്രബിങ് ചര്‍മ്മത്തെ ദൃഢമാക്കി ചുളിവുകളും മറ്റും വരാതെ സംരക്ഷിക്കും.
കോഫി പ്രിയരാണോ? നിങ്ങളില്‍ പലരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ചൂടുള്ള കാപ്പി കുടിച്ചുകൊണ്ടാകാം. ലോകത്ത് കാപ്പി ഉപഭോഗം വര്‍ധിക്കുന്നതായാണ് പുതിയ ഒരു റിപ്പോര്‍ട്ട് പറയുന്നത്. 2025ല്‍ കാപ്പി ഉത്പാദനവും വർധിക്കുമെന്ന് യുഎസിലെ അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്‌മെന്‍റിന്‍റെ (യു.എസ്.ഡി.എ) റിപ്പോര്‍ട്ടില്‍ പറയുന്നു.
ആന്‍റി ഓക്‌സിഡന്‍റുകളാൽ നിറഞ്ഞ കോഫിക്ക് തലച്ചോറിന്റെ പ്രവർത്തനത്തെയും ഹൃദയാരോഗ്യത്തെയും സഹായിക്കാനും ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും കഴിയും. ക്ഷീണം അകറ്റാനും ഊര്‍ജ്ജം വീണ്ടെടുക്കാനുമൊക്കെ കോഫി കുടിക്കുന്നത് നല്ലതാണ്. കാപ്പിയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകള്‍ ഹൃദ്രോഗം, പ്രമേഹം പോലെയുള്ള പല ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കാന്‍ സഹായകമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദിവസവും കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമത്രേ. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനുള്ള കഴിവും കാപ്പിക്കുണ്ട്.
കോഫി കുടിക്കുന്നത് ഹൃദ്രോഗ സാധ്യതയെ കുറയ്ക്കുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. അതുപോലെ തന്നെ കാപ്പിയിലടങ്ങിയിട്ടുള്ള 'ക്ലോറോജെനിക് ആസിഡ്' പല ആരോഗ്യപ്രശ്‌നങ്ങളെയും പ്രതിരോധിക്കാനും സഹായിക്കുന്നു. ബ്ലാക്ക് കോഫിയില്‍ കാണപ്പെടുന്ന 'ക്ലോറോജെനിക് ആസിഡ്' ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ചര്‍മ്മത്തിനും കാപ്പി നല്ലതാണ്. ആന്‍റി ഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുളള കാപ്പി തരികള്‍ കൊണ്ടുള്ള സ്‌ക്രബിങ് ചര്‍മ്മത്തെ ദൃഢമാക്കി ചുളിവുകളും മറ്റും വരാതെ സംരക്ഷിക്കും. ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും അമിതമായി കോഫി കുടിക്കുന്നത് ദൂഷ്യഫലങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ ദിവസവും ഒന്നോ രണ്ടോ കപ്പ് കോഫിയില്‍ കൂടുതല്‍ കുടിക്കാതിരിക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഇനി ചര്‍മ്മം കണ്ടാല്‍ പ്രായം പറയില്ല, ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പത്ത് പഴങ്ങള്‍