Gas Forming Foods : അറിയാം ഗ്യാസുണ്ടാക്കുന്ന ഭക്ഷണങ്ങളെ കുറിച്ച്...
അധികവും നാം കഴിക്കുന്ന ഭക്ഷണങ്ങളുടെ പോരായ്മകള്‍ കൊണ്ട് തന്നെയാണ് മിക്കരിലും ഗ്യാസുണ്ടാകുന്നത്. അത്തരത്തില്‍ ഗ്യാസുണ്ടാക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പറയുന്നത്.
ഉദരസംബന്ധമായ പ്രശ്നങ്ങളില്‍ ഏറ്റവും സാധാരണമാണ് ഗ്യാസ്- അസിഡിറ്റി ( Gas and Acidity ) പോലുള്ള പ്രശ്നങ്ങള്‍. നേരിയ രീതിയില്‍ തുടങ്ങുന്ന ഇത്തരം പ്രശ്നങ്ങള്‍ ക്രമേണ നല്ലരീതിയില്‍ നമ്മെ ബാധിക്കുന്ന അവസ്ഥയിലേക്കെത്താം. അതിനാല്‍ തന്നെ ഇവ കണ്ടുവരുമ്പോള്‍ തന്നെ നിസാരമായി തള്ളിക്കളയാതെ അത് പരിശോധിച്ച് മനസിലാക്കണം.
എന്തുകൊണ്ടാണ് ഗ്യാസ് ഉണ്ടാകുന്നത്? പല കാരണങ്ങളും ഇതിന് പിന്നില്‍ വരാം. ദീര്‍ഘനേരം ഭക്ഷണ കഴിക്കാതിരിക്കുന്നത്, സ്പൈസിയായ ഭക്ഷണം അമിതമായി കഴിക്കുന്നത് ഇങ്ങനെ തുടങ്ങി 'ടെൻഷൻ', 'സ്ട്രെസ്', ഉത്കണ്ഠ എന്നിവ വരെ ഇതിന് കാരണമാകാറുണ്ട്.
എങ്കിലും അധികവും നാം കഴിക്കുന്ന ഭക്ഷണങ്ങളുടെ പോരായ്മകള്‍ കൊണ്ട് തന്നെയാണ് മിക്കരിലും ഗ്യാസുണ്ടാകുന്നത്. അത്തരത്തില്‍ ഗ്യാസുണ്ടാക്കുന്ന ചില ഭക്ഷണങ്ങളെ ( Gas Forming Foods ) കുറിച്ചാണിനി പറയുന്നത്. വറുത്തതും പൊരിച്ചതുമായ ഭക്ഷണം മുതൽ പാല്‍ വരെ ഇതിലുള്‍പ്പെടുന്നു. ചില പച്ചക്കറികളും ഈ പട്ടികയിലുണ്ട്.
ഫ്രൈഡ് ഫുഡ്സ് അഥവാ എണ്ണയില്‍ പൊരിച്ചെടുത്തതോ വറുത്തെടുത്തതോ ആയ ഭക്ഷണങ്ങളാണ് അധികപേരിലും ഗ്യാസുണ്ടാക്കുന്നൊരു വിഭവം. ഇവ മിതമായി കഴിക്കുക, ഇവയ്ക്കൊപ്പം പച്ചക്കറികള്‍ കൂടി കഴിക്കുക എന്നിവ ചെയ്താല്‍ ഇതില്‍ നിന്ന് അല്‍പം ആശ്വാസം ലഭിക്കാം.
ഇനി പച്ചക്കറികളൊന്നും ഗ്യാസുണ്ടാക്കില്ലെന്ന് ( Gas Forming Foods ) കരുതരുത്. നേരത്തെ സൂചിപ്പിച്ചത് പോലെ ചില പച്ചക്കറികളും ഗ്യാസിന് കാരണമാകാറുണ്ട്. വഴുതന, കക്കിരി, കാബേജ്, കോളിഫ്ളവര്‍, ഗ്രീൻ പീസ്, മുള്ളങ്കി എന്നിവയെല്ലാം ഇതിനുദാഹരണമാണ്.
ഇവയ്ക്ക് പുറമെ ഗ്യാസുണ്ടാക്കുന്ന മറ്റ് ചില ഭക്ഷണങ്ങള്‍ കൂടി അറിയാം. പലഹാരത്തിനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന മൈദ, സോയബീൻസ്,യീസ്റ്റ്, പാല്‍, വെള്ളക്കടല, രാജ്മ, നട്ട്സ്, പേസ്ട്രികള്‍ എന്നിവയാണിവ.
ഇത്രയധികം ഭക്ഷണങ്ങള്‍ ഗ്യാസുണ്ടാക്കുന്നുവെങ്കില്‍, ഇനിയൊന്നും കഴിക്കാൻ സാധിക്കില്ലല്ലോ എന്ന് ചിന്തിക്കാൻ വരട്ടെ. ഇവയെല്ലാം ഗ്യാസുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ തന്നെയാണ്, എന്നാല്‍ എല്ലാവരിലുമല്ല. ഓരോരുത്തരിലും ഇവയില്‍ പല ഭക്ഷണങ്ങളുമാകാം പ്രശ്നമാകുന്നത്. അതിനാല്‍ തന്നെ ഇത് സ്വയം മനസിലാക്കിയെടുക്കുകയാണ് വേണ്ടത്.
എല്ലാത്തിനും പുറമെ മദ്യപിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക. ബിയര്‍ പോലുള്ള ആല്‍ക്കഹോള്‍ വലിയ രീതിയില്‍ ഗ്യാസുണ്ടാക്കുന്നതാണ്.
വയറിന്‍റെ ആരോഗ്യത്തെ നല്ലരീതിയില്‍ പരിഗണിക്കുന്ന, ശ്രദ്ധിക്കുന്ന ആളുകളെ സംബന്ധിച്ച് അവര്‍ക്ക് പൊതുവില്‍ ഗ്യാസ്- അസിഡിറ്റി- വയര്‍ കെട്ടിവീര്‍ക്കല്‍ ( Gas and Acidity ) തുടങ്ങിയ പ്രശ്നങ്ങളൊന്നുമുണ്ടായിരിക്കില്ല. ഭക്ഷണകാര്യങ്ങള്‍ ശ്രദ്ധിച്ച ശേഷവും പതിവായി ഗ്യാസുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതാണ് ഉചിതം, ഉദസംബന്ധമായ ഏതെങ്കിലും രോഗങ്ങളുടെ ഭാഗമായാണോ ഇത് എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്.
Also Read:- വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കുന്ന ശീലമുള്ളവരാണോ നിങ്ങള്‍? എങ്കിലറിയുക