ആപ്പിളിനെക്കാള്‍ ഫൈബര്‍ അടങ്ങിയ നാല് ഭക്ഷണങ്ങള്‍...

ഫൈബര്‍ ധാരാളം അടങ്ങിയ ഒരു ഫ്രൂട്ടായി എല്ലാവരും കാണുന്നത് ആപ്പിളിനെയാണ്. ഒരു ഇടത്തരം ആപ്പിളില്‍ നാല് ഗ്രാം ഫൈബര്‍ ഉണ്ടാകും. 

foods with more fiber than an apple azn

ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. നാരുകള്‍ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല. അതിനാല്‍ രക്തത്തിലെ പഞ്ചസാരയെ അല്പംപോലും ഇവ ഉയര്‍ത്തുന്നില്ല.  പ്രമേഹമുള്ളവര്‍ക്കും അത് വരാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും  ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍  ഡയറ്റില്‍ ഉള്‍പ്പെടുത്താം. നാരുകള്‍ അടങ്ങിയവ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കൂടാതിരിക്കുകയും ചെയ്യും.  അതിനാല്‍ വണ്ണം കുറയ്ക്കാനും മലബന്ധത്തെ തടയാനും ഇവ കഴിക്കാം. 

ഫൈബര്‍ ധാരാളം അടങ്ങിയ ഒരു ഫ്രൂട്ടായി എല്ലാവരും കാണുന്നത് ആപ്പിളിനെയാണ്. ഒരു ഇടത്തരം ആപ്പിളില്‍ നാല് ഗ്രാം ഫൈബര്‍ ഉണ്ടാകും. എന്നാല്‍ ആപ്പിളിനെക്കാള്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളുമുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. 

ഒന്ന്... 

റാസ്ബെറിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ​ആന്‍റി ഓക്സിഡന്‍റുകളും മറ്റും ധാരാളം അടങ്ങിയ ബെറി പഴമാണിത്. ഒരു കപ്പ് റാസ്ബെറിയില്‍ 9 ഗ്രാം ഫൈബര്‍ ഉണ്ടാകും. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള റാസ്ബെറി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മലബന്ധം തടയാനും വയറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും റാസ്ബെറി ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രമേഹ രോഗികള്‍ക്കും ധൈര്യമായി ഇവ കഴിക്കാം. കലോറി കുറവും ഫൈബര്‍ ധാരാളം അടങ്ങിയതുമായ റാസ്ബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

രണ്ട്... 

അവക്കാഡോ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പകുതി അവക്കാഡോയില്‍ ഏഴ് ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്ക്കാന്‍ വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തും. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും അവക്കാഡോ പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്...

പയര്‍വര്‍ഗങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അര കപ്പ് വേവിച്ച പയറില്‍ എട്ട് ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയ പയർ​വർഗങ്ങൾ പതിവായി കഴിക്കുന്നതു വയറിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും ഇവ സഹായിക്കും. 

നാല്...

മധുരക്കിഴങ്ങാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു ഇടത്തരം വലിപ്പമുള്ള മധുരക്കിഴങ്ങില്‍ അഞ്ച്  ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഫൈബറിനോടൊപ്പം വിറ്റാമിനുകള്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍സ് എന്നിവയും  മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു.  ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുക, മലബന്ധം തുടങ്ങിയവ തടയാന്‍ മധുരക്കിഴങ്ങ് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. വയറിന്‍റെ ആരോഗ്യത്തിനും മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വൃക്കയിലെ കല്ലുകളെ തടയാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios