Weight Loss: വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന എട്ട് സുഗന്ധവ്യജ്ഞനങ്ങൾ...
നാം ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന മിക്ക സുഗന്ധവ്യജ്ഞനങ്ങളും വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പല രോഗങ്ങളെയും ശമിപ്പിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ടെന്ന് ആയൂര്‍വേദവും പറയുന്നു.
ദിനംപ്രതി കൂടി വരുന്ന വണ്ണം നോക്കി നെടുവീർപ്പെടുകയാണ് പലരും. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.
അതുപോലെ തന്നെ നാം ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന മിക്ക സുഗന്ധവ്യജ്ഞനങ്ങളും വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പല രോഗങ്ങളെയും ശമിപ്പിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ടെന്ന് ആയൂര്‍വേദവും പറയുന്നു. അത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില സുഗന്ധവ്യജ്ഞനങ്ങളെ നമുക്ക് പരിചയപ്പെടാം.
ഒന്ന്...
ഇഞ്ചിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നമ്മള്‍ ഇന്ത്യക്കാരുടെ ഒട്ടുമിക്ക കറികളിലും ഇതിനു സ്ഥാനവുമുണ്ട്. ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍ നാരങ്ങാ നീരിൽ ഇഞ്ചി ചേർത്ത് കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
രണ്ട്...
കറുവപ്പട്ട ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഒപ്പം ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും ഇവ സഹായിക്കും. ഇതോടൊപ്പം ഇവ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. അമിതവണ്ണം ഇല്ലാതാക്കാൻ ദിവസവും രാവിലെ വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കാം.
മൂന്ന്...
ഉലുവയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ദിവസവും രാവിലെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് സ്വാഭാവികമായി എരിച്ചു കളയുവാനും സഹായിക്കും.
നാല്...
വെളുത്തുള്ളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും.
അഞ്ച്...
ഏലയ്ക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹന പ്രക്രിയയ്ക്ക് ഉത്തേജകം നൽകാനും ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും കഴിവുള്ള ഏലം അല്ലെങ്കില്‍ ഏലയ്ക്ക ശരീരത്തിലെ കൊഴുപ്പ് ഏറ്റവും ഫലപ്രദമായി കത്തിച്ചു കളയാൻ സഹായിക്കുന്നു. അതുവഴി ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും.
ആറ്...
ജീരകമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചതാണ് ജീരകം. വെറും വയറ്റിൽ ജീരക വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തില്‍ നിന്ന് അമിത കൊഴുപ്പ് കുറയ്ക്കാനും വേഗത്തിൽ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ജീരകത്തില്‍ കലോറി വളരെ കുറവാണ്. ഒരു ടീസ്പൂണ്‍ ജീരകത്തില്‍ എട്ട് കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. അതിനാല്‍ ജീരകം ഡയറ്റിന്‍റെ ഭാഗമാക്കാം. ജീരക വെള്ളം കുടിക്കുന്നത് ദഹനത്തിനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും സഹായകമാകും.
ഏഴ്...
കുരുമുളക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഭക്ഷണത്തില്‍ രുചി കൂട്ടുന്നതോടൊപ്പം നിരവധി ഗുണങ്ങൾ കുരുമുളകിനുണ്ട്. വിറ്റാമിൻ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാൽ സമ്പന്നമാണ് കുരുമുളക്. ഫൈബര്‍ അടങ്ങിയ ഇവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ ഇവയ്ക്ക് കഴിയും.
എട്ട്...
മഞ്ഞളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങള്‍, ഉണങ്ങാത്ത വ്രണം, നീര്‍വീഴ്ച തുടങ്ങിയ അവസ്ഥകളില്‍ ശരീരബലം വര്‍ധിപ്പിച്ച് രോഗശമനം ഉണ്ടാക്കുന്നു. ഒപ്പം ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരേയും മഞ്ഞള്‍ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്. രോഗപ്രതിരോധശേഷി കൂട്ടാനും മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരഭാരം കുറയ്ക്കാനും മഞ്ഞൾ ഫലപ്രദമാണ്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. അതുവഴി വയര്‍ കുറയ്ക്കാനും സാധിക്കും. ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞളും അര ടീസ്പൂണ്‍ ഇഞ്ചി നീരും ചേർക്കുക. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഈ പാനീയം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
Also Read: മുഖത്തെ കറുത്ത പാടുകള്‍ മാറ്റാം; വീട്ടില്‍ പരീക്ഷിക്കാം ഈ പത്ത് ഫേസ് പാക്കുകള്‍...