'വൈറ്റ് റൈസ്' ആരോഗ്യത്തിന് നല്ലതല്ലെന്നോ? നിങ്ങളറിയേണ്ടത്...
കാര്‍ബ് കൂടുതലാണെങ്കിലും ഫോളിക് ആസിഡ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിങ്ങനെ നമ്മുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന പല ഘടകങ്ങളുടെയും മികച്ച സ്രോതസാണ് വൈറ്റ് റൈസ്.
റൈസിന്‍റെ കാര്യത്തിലേക്ക് വന്നാല്‍ മിക്കപ്പോഴും നിങ്ങള്‍ പറഞ്ഞുകേട്ടിരിക്കാൻ സാധ്യതയുള്ളൊരു കാര്യമാണ് വൈറ്റ് റൈസ് നന്നല്ല എന്നത്. വൈറ്റ് റൈസില്‍ പോഷകങ്ങളൊന്നുമില്ല, അതിനാല്‍ തന്നെ ഇത് കഴിക്കുന്നത് കൊണ്ട് കാര്യമില്ല. അതേസമയം റിഫൈൻഡ് കാര്‍ബോഹൈഡ്രേറ്റ് കൂടുതലായതിനാല്‍ വൈറ്റ് റൈസ് ആരോഗ്യത്തിന് ദോഷകരവുമാണ് എന്നും പറഞ്ഞുകേട്ടിരിക്കാം.
ഇത്തരം വാദങ്ങള്‍ സജീവമായതിനാല്‍ തന്നെ ആരോഗ്യത്തെ കുറിച്ച് ആശങ്കയുള്ള ധാരാളം പേര്‍ വൈറ്റ് റൈസ് വേണ്ടെന്ന് വയ്ക്കും. എന്നാലിങ്ങനെ വേണ്ടെന്ന് വയ്ക്കാനും മാത്രം പോരായ്ക വൈറ്റ് റൈസിന് ഇല്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്.
മാത്രമല്ല, വൈറ്റ് റൈസിന് ചില ഗുണങ്ങളുമുണ്ടെന്ന് ഇവര്‍ സൂചിപ്പിക്കുന്നു. കാര്‍ബ് കൂടുതലാണെങ്കിലും ഫോളിക് ആസിഡ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിങ്ങനെ നമ്മുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന പല ഘടകങ്ങളുടെയും മികച്ച സ്രോതസാണ് വൈറ്റ് റൈസ്. പക്ഷേ റിഫൈൻഡ് കാര്‍ബ് അളവ് കൂടുന്നതിനാല്‍ മിതമായ രീതിയില്‍ മാത്രം വൈറ്റ് റൈസ് കഴിക്കുന്നതായിരിക്കും ഉചിതമെന്നും ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നു.
ഇനി വൈറ്റ് റൈസ് കഴിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങള്‍ കൂടി അറിയാം.
ഒന്ന്...
കാര്‍ബ് കൂടുതലായതിനാല്‍ വൈറ്റ് റൈസ് നമുക്ക് കൂടുതല്‍ ഉന്മേഷവും പകര്‍ന്നുതരും. ഇത് വൈറ്റ് റൈസ് കൊണ്ടുള്ള ഗുണമാണ്. കായികാധ്വാനമുള്ളവര്‍ക്ക് ഇത് ഗുണകരവുമാണ്.
രണ്ട്...
ദഹിക്കാൻ വളരെ എളുപ്പമാണ് വൈറ്റ് റൈസ്. അതിനാല്‍ തന്നെ വയറിന് പ്രശ്നമുള്ളവര്‍ക്കോ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കോ എല്ലാം മിതമായ അളവില്‍ കഴിക്കാവുന്ന റൈസ് കൂടിയാണിത്. അസുഖങ്ങളുള്ളപ്പോളും ദഹനം എളുപ്പത്തിലാക്കാൻ വൈറ്റ് റൈസിനെ തന്നെ ആശ്രയിക്കാവുന്നതാണ്.
മൂന്ന്...
ബിപി അഥവാ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും വൈറ്റ് റൈസ് സഹായിക്കുന്നു. കാരണം വൈറ്റ് റൈസില്‍ ഫാറ്റും സോഡിയവും കുറവാണ്. സോഡിയം കുറവായതിനാലാണ് ഇത് ബിപിയുള്ളവര്‍ക്ക് യോജിച്ച ഭക്ഷണമാകുന്നത്.
നാല്...
ആന്‍റി ഓക്സിഡന്‍റ്സിനാല്‍ സമ്പന്നമായതിനാല്‍ തന്നെ വൈറ്റ് റൈസ് പല ആരോഗ്യപ്രശ്നങ്ങളെയും ചെറുക്കാൻ നമ്മെ സഹായിക്കും. കോശങ്ങളുടെ മെച്ചപ്പെട്ട നിലനില്‍പിനും ആന്‍റി ഓക്സിഡന്‍റ്സ് ആവശ്യമാണ്. പ്രമേഹം മുതല്‍ ക്യാൻസര്‍ വരെയുള്ള രോഗങ്ങള്‍ വരെ പ്രതിരോധിക്കുന്നതിന് ആന്‍റി ഓക്സിഡന്‍റ്സ് സഹായകമാണ്.
അഞ്ച്...
ഫാറ്റ്, കലോറി എന്നിവയില്‍ കുറവായതിനാല്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി വൈറ്റ് റൈസ് തെരഞ്ഞെടുക്കാം.
ആറ്...
നമ്മുടെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും വൈറ്റ് റൈസ് സഹായിക്കുന്നു. വൈറ്റമിൻ-ഡി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാമാണ് ഇതിന് കാരണമായി ഇടപെടുന്നത്.
Also Read:- നിങ്ങളില്‍ ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്ന അഞ്ച് കാര്യങ്ങള്‍...