ഉരുളക്കിഴങ്ങ് കൊണ്ട് എളുപ്പത്തിലുണ്ടാക്കാവുന്ന നാലുമണി പലഹാരങ്ങള്‍...
വീട്ടില്‍ തന്നെ നാലുമണി പലഹാരങ്ങളുണ്ടാക്കാൻ സാധിക്കുമെങ്കില്‍ അതും വളരെ നല്ല ശീലമാണ്. ഇങ്ങനെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഏതാനും നാലുമണിപലഹാരങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്
വൈകീട്ട് ചായയ്ക്കൊപ്പം എന്തെങ്കിലുമൊരു പലഹാരം കഴിക്കുന്നത് മിക്കവരുടെയും ശീലമാണ്. ഇതില്‍ തന്നെ എണ്ണയില്‍ പൊരിച്ചതോ വറുത്തതോ ആയ പലഹാരങ്ങളാണ് അധികപേര്‍ക്കും വൈകീട്ട് കഴിക്കാനിഷ്ടം. ഇങ്ങനെയുള്ള പലഹാരങ്ങള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് ഏവര്‍ക്കുമറിയാം. അതിനാല്‍ തന്നെ ഇവ പതിവാക്കേണ്ട.
അതുപോലെ വീട്ടില്‍ തന്നെ നാലുമണി പലഹാരങ്ങളുണ്ടാക്കാൻ സാധിക്കുമെങ്കില്‍ അതും വളരെ നല്ല ശീലമാണ്. ഇങ്ങനെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഏതാനും നാലുമണിപലഹാരങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഉരുളക്കിഴങ്ങ് ആണ് ഈ പലഹാരങ്ങളിലെല്ലാം പ്രധാന ചേരുവയായി വരുന്നത്. ഉരുളക്കിഴങ്ങാകുമ്പോള്‍ എല്ലാ വീട്ടിലും പതിവായി കാണുന്നൊരു വിഭവമാണ്. ഇതുവച്ച് എളുപ്പത്തില്‍ ചെയ്യാവുന്ന പലഹാരങ്ങള്‍...
ഒന്ന്...
ചിക്കൻ ലോലിപോപ് ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. അതുപോലെ ഉരുളക്കിഴങ്ങ് കൊണ്ടും ലോലിപോപ് ഉണ്ടാക്കാം. ഉരുളക്കിഴങ്ങ് വേവിച്ച് അത് ഉടച്ചെടുത്ത ശേഷം, സവാള പൊടിയായി അരിഞ്ഞത്, അല്‍പം ഇഞ്ചി- വെളുത്തുള്ളി നന്നായി അരച്ചത്, പൊടിയായി അരിഞ്ഞ പച്ചമുളക്, മസാലപ്പൊടികള്‍ ആവശ്യമെങ്കില്‍ അതും ഉപ്പും ചേര്‍ത്ത് കുഴച്ച്, ഐസ്ക്രീം സ്റ്റിക്കില്‍ ഇത് കൃത്യമായ ആകൃതിയില്‍ സെറ്റ് ചെയ്ത് എടുക്കണം. ഇനിയിത് ബ്രഡ് പൊടിയില്‍ ഒന്ന് ചുറ്റിച്ചെടുത്ത് എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്തെടുക്കുകയാണ് ചെയ്യേണ്ടത്. സോസോ, മറ്റ് ഡിപ്പുകളോ കൂട്ടി ചൂടോടെ തന്നെ കഴിക്കാവുന്നതാണ്.
രണ്ട്...
ഉരുളക്കിഴങ്ങ് ബോണ്ട മിക്കവര്‍ക്കും അറിയാവുന്നൊരു പലഹാരം തന്നെയായിരിക്കും. എന്നാലിത് വീട്ടില്‍ തയ്യാറാക്കുന്നത് ഒരു ജോലിയാണെന്നായിരിക്കും അധികപേരും ചിന്തിക്കുക. ഒരു പ്രയാസവുമില്ല ഇത് ചെയ്തെടുക്കാൻ.
ഉരുളക്കിഴങ്ങ് പുഴുങ്ങി, അത് ഉടച്ചെടുത്ത് ഇഷ്ടമുള്ള മസാലകള്‍ ചേര്‍ക്കണം. സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, ഉപ്പ് എല്ലാം ചേര്‍ത്ത് തയ്യാറാക്കുന്നത് നല്ലതാണ്. ഗരം മസാല പോലുള്ള മസാലകള്‍ ചേര്‍ക്കാതിരിക്കുക. ഇത് ഇഷ്ടാനുസരണം ഷെയ്പ് ചെയ്തെടുത്ത് കടലമാവില്‍ മുക്കില്‍ഡീപ് ഫ്രൈ ചെയ്തെടുത്താല്‍ ബോണ്ട റെഡി. നല്ല പുതിനച്ചട്ണിയുമായോ തക്കാളി ചട്ണിയുമായോ എല്ലാം ചേര്‍ത്ത് ബോണ്ട കഴിക്കാം.
മൂന്ന്...
ഉരുളക്കിഴങ്ങ് കട്‍ലറ്റുകളിലെ ഒരു പ്രധാന ചേരുവയാണല്ലോ, അങ്ങനെയെങ്കില്‍ ഉരുളക്കിഴങ്ങ് തന്നെ വച്ച് കട്‍ലറ്റുണ്ടാക്കാം. മറ്റ് പച്ചക്കറികള്‍ ചേര്‍ത്ത് വെജ്-കട്‍ലറ്റ് ആക്കുന്നതിന് പകരം അല്‍പം ചീര കൂടി ചേര്‍ത്ത് ഉരുളക്കിഴങ്ങ് -ചീര കട്‍ലറ്റ് തയ്യാറാക്കാം. ഇത് പൊതുവില്‍ അങ്ങനെ കിട്ടുന്നൊരു തരം കട്‍ലറ്റുമല്ല.
ഇതിനായി ഉരുളക്കിഴങ്ങ് പുഴുങ്ങി, ഉടച്ചെടുത്ത ശേഷം പൊടിയായി അരിഞ്ഞ ചീരയും പച്ചമുളകും അല്‍പം ഉള്ളിയും, ഇഞ്ചിയും വെളുത്തുള്ളിയും മറ്റ് മസാലകളും ഇതിലേക്ക് ചേര്‍ത്ത് കട്‍ലറ്റിന്‍റെ ആകൃതിയില്‍ പരത്തിയെടുത്ത് ബ്രഡ് പൊടിയിലോ റസ്ക് പൊടിയിലോ മുക്കി ഡീപ് ഫ്രൈ ചെയ്തെടുക്കാം. ഇതിന് ആദ്യം വേണമെങ്കില്‍ സവാളയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചീരയും ഒരല്‍പം എണ്ണ ചൂടാക്കി, അതിലൊന്ന് വഴറ്റി എടുത്ത ശേഷം ഉരുളക്കിഴങ്ങില്‍ ചേര്‍ത്തും തയ്യാറാക്കാവുന്നതാണ്.
Also Read:- ഇത് ദീപിക പദുകോണിന്‍റെ ഇഷ്ടവിഭവം; ഈസി റെസിപി, രുചിയും കേമം- വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-