വിറ്റാമിന്‍ സിയുടെ കുറവുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ നാല് ഡ്രൈ ഫ്രൂട്ട്സുകള്‍...
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ശരീരത്തിന് ആവശ്യംവേണ്ട ഒരു പോഷകമാണ് വിറ്റാമിന്‍ സി. പല രോഗങ്ങളെയും തടയാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി പ്രധാനമാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. വിറ്റാമിന്‍ സിയുടെ കുറവുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ചില ഡ്രൈ ഫ്രൂട്ട്സുകളെ പരിചയപ്പെടാം...
ഒന്ന്...
ഫിഗ്സ് അഥവാ ഉണക്ക അത്തിപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.ആന്‍റിഓക്സിഡന്‍റുകളുടെ ഉറവിടമാണ് ഫിഗ്സ്. വിറ്റാമിനുകളും മിനറലുകളും ഫൈബറുമൊക്കെ അടങ്ങിയതാണ് ഇവ. വിറ്റാമിന്‍ സിയും ഒമേഗ 6 ഫാറ്റി ആസിഡുകളും മറ്റ് ആന്‍റിഓക്സിഡന്‍റുകളും ഫിഗ്സില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ വിറ്റാമിന്‍ സിയുടെ കുറവുള്ളവര്‍ക്ക് ഫിഗ്സ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ വിറ്റാമിന്‍ എ, കാത്സ്യം, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്. വിളര്‍ച്ചയെ തടയാനും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനുമൊക്കെ ഇവ സഹായിക്കും.
രണ്ട്...
ഡ്രൈഡ് ആപ്രിക്കോട്ടാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ഡ്രൈഡ് ആപ്രിക്കോട്ടില്‍ 10 മില്ലി ഗ്രാം വിറ്റാമിന്‍ സി ഉണ്ട്. ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും സഹായിക്കും. ഡ്രൈഡ് ആപ്രിക്കോട്ടിന്‍റെ ജിഐയും കുറവാണ്. വിറ്റാമിന്‍ എയും വിറ്റാമിന്‍ ഇയും ബീറ്റാകരോട്ടിനും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് കണ്ണുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
മൂന്ന്...
ഉണക്കമുന്തിരിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. വിറ്റാമിന്‍ സി, അയേണ്‍, കാത്സ്യം തുടങ്ങിയവ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനുമൊക്കെ ഇവ സഹായിക്കും.
നാല്...
ഉണങ്ങിയ പ്ലം പഴമായ പ്രൂൺസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും വിറ്റാമിന്‍ എ, ബി, കെ, പൊട്ടാസ്യം, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയിട്ടുള്ള ഒരു ഡ്രൈഫ്രൂട്ടാണിത്. ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം അകറ്റാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പ്രൂൺസ് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.