Health Tips: പതിവായി മല്ലിയിലയിട്ട വെള്ളം കുടിക്കൂ, ചില ആരോഗ്യ പ്രശ്നങ്ങളെ അകറ്റാം
നാരുകള്‍ അടങ്ങിയ മല്ലിയില വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ പ്രശ്നങ്ങളെ തടയാനും സഹായിക്കും.
പ്രോട്ടീന്‍, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയതാണ് മല്ലി. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറ കൂടിയാണ് മല്ലിയില. പതിവായി മല്ലിയിലയിട്ട് തെളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
മല്ലിയിലയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ മല്ലിയിലയിട്ട വെള്ളം കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ മല്ലി വെള്ളം കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയതാണ് മല്ലിയില. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ മല്ലിയില സഹായിക്കും. അതിനാല്‍ വെള്ളത്തില്‍ മല്ലിയും മല്ലിയിലയും കുതിർത്ത് ഒരു രാത്രി വച്ച ശേഷം പിറ്റേന്ന് ആ വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂടാനും മല്ലിയിലയിട്ട വെള്ളം സഹായിക്കും. അതുവഴി ഹൃദ്രോഗ സാധ്യതയെ തടയാനും ഹൃദയാരോഗ്യമേകാനും സഹായിക്കും.
നാരുകള്‍ അടങ്ങിയ മല്ലിയില വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ പ്രശ്നങ്ങളെ തടയാനും സഹായിക്കും. കൂടാതെ ഇവ കുടലിന്‍റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. ശരീരത്തില്‍ അനാവശ്യമായി അടിഞ്ഞുകൂടി കിടക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യുന്നതിന് മല്ലിയില സഹായിക്കുന്നു. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മല്ലിയില വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. മല്ലിയിലയില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ചയെ തടയാനും സഹായിക്കും. വിറ്റാമിനുകളും മറ്റും അടങ്ങിയ മല്ലിയില വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണങ്ങള്‍...