പ്രമേഹ രോഗികള്‍ക്ക് ഉച്ചയ്ക്ക് ചോറ് കഴിക്കാമോ?
പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ, പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളതും ഭക്ഷണകാര്യത്തിലാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഒരു രോഗം എന്നതിനെക്കാള്‍ ജീവിതശൈലിയുടെ ഭാഗമായി വരുന്ന അനാരോഗ്യകരമായ അവസ്ഥയാണ്. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ, പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളതും ഭക്ഷണകാര്യത്തിലാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. മലയാളി ഏറ്റവും കൂടുതല്‍ കഴിക്കുന്ന ആഹാരം ചോറ് ആയതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്ക് ചോറ് കഴിക്കാമോ എന്ന കാര്യത്തിലും സംശയം ഉണ്ടാകാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുമെന്ന് കരുതി പ്രമേഹമുള്ളവര്‍ ചോറ് പൂര്‍ണ്ണമായും ഒഴിവാക്കാറുമുണ്ട്. എന്നാല്‍ അങ്ങനെ പൂര്‍ണ്ണമായും ഒഴിവാക്കേണ്ട ആവശ്യം ഇല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ചോറ് കഴിക്കുമ്പോഴും അളവ് നിയന്ത്രിക്കേണ്ടതും അത്യാവശ്യമാണ്. കാരണം അമിതമായി ചോറ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം വരുത്താം. കാർബോഹൈഡ്രേറ്റും കലോറിയും ധാരാളം അടങ്ങിയ ഭക്ഷണങ്ങളില്‍ ഒന്നാണ് ചോറ്. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും. ശരീരഭാരം കൂടാനും ഇവ കാരണമാകും.
അതുപോലെ തന്നെ, വെള്ള അരിയേക്കാൾ തവിട് ഉള്ള അരി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. തവിടുള്ള അരിയിൽ വിറ്റാമിന്‍ ബി കോംപ്ലക്‌സ്, വിറ്റാമിൻ ഇ, വിറ്റാമിൻ എ, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തവിട് അടങ്ങിയതിനാൽ വലിയ അളവിൽ നാരും ഇതിൽ അടങ്ങിയിട്ടുണ്ട്. നാം അരിയാഹാരം കഴിക്കുമ്പോൾ അന്നജത്തെ അതിവേഗം വലിച്ചെടുത്ത് കൊഴുപ്പാക്കി മാറ്റുന്നത് നാരുകൾ തടയുന്നു. അതുകൊണ്ടുതന്നെ ചുവന്ന അരി, വെള്ള അരിയെ അപേക്ഷിച്ച് പ്രമേഹത്തെ ഫലപ്രദമായി ചെറുക്കുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. വെളള അരിയില്‍ ധാരാളം കാര്‍ബോഹൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹ രോഗകള്‍ക്ക് അവ അളവ് നിയന്ത്രിച്ചു വേണം കഴിക്കാന്‍.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പതിവായി രാവിലെ വെറുംവയറ്റില്‍ കുടിക്കാം ബീറ്റ്‌റൂട്ട് ജ്യൂസ്; അറിയാം ഈ ഗുണങ്ങള്‍...