കയ്പ്പാണെങ്കിലും കഴിക്കാൻ മടിക്കരുത്; മികച്ച ആരോഗ്യത്തിന് കഴിക്കേണ്ട കയ്പ്പുള്ള ഏഴ് ഭക്ഷണങ്ങള്‍...
കയ്പേറിയ ഭക്ഷണങ്ങളിൽ പലതും പോഷക ഗുണമുള്ളതാണ്. നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമായ കയ്പേറിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
കയ്പ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ പൊതുവേ ആര്‍ക്കും വലിയ താല്‍പര്യം കാണില്ല. എന്നാൽ കയ്പേറിയ ഭക്ഷണങ്ങളിൽ പലതും പോഷക ഗുണമുള്ളതാണ്. നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമായ കയ്പേറിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
പാവയ്ക്ക ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കയ്പ് ആയതുകൊണ്ടുതന്നെ ചിലര്‍ക്ക് പാവയ്ക്ക കഴിക്കാന്‍ മടിയാണ്. എന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിന്‍ എ, സി, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, കാത്സ്യം എന്നിവ അടങ്ങിയ പാവയ്ക്ക പ്രതിരോധശേഷി കൂട്ടുന്നതിനും കണ്ണിന്‍റെയും കരളിന്‍റെയും ആരോഗ്യത്തിനും പ്രമേഹത്തെ നിയന്ത്രിക്കാനും ദഹനത്തെ മെച്ചപ്പെടുത്താനുമൊക്കെ നല്ലതാണ്.
രണ്ട്...
നെല്ലിക്കയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കയും കയ്പ് ആണെങ്കിലും നിരവധി ഗുണങ്ങള്‍ അടങ്ങിയതാണ്. രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്.
മൂന്ന്...
ഉലുവയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉലുവയ്ക്കും കയ്പാണെങ്കിലും ഇത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. ഫൈബര്‍, വിറ്റാമിനുകള്‍, മിനറലുകള്‍ തുടങ്ങിയവ അടങ്ങിയ ഉലുവ പ്രമേഹത്തെ നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനുമൊക്കെ സഹായിക്കും.
നാല്...
മഞ്ഞളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിലെ കുര്‍ക്കുമിനും ആരോഗ്യത്തിന് ഏറെ നല്ലതാണ്.
അഞ്ച്...
ആര്യവേപ്പിലയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും മറ്റും ധാരാളം അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി കൂട്ടാനുമൊക്കെ സഹായിക്കും.
ആറ്...
ഞാവല്‍പ്പഴത്തിന് ചെറി പുളിപ്പും കയ്പ്പും മധുരവുണ്ട്. ചിലര്‍ക്ക് ഇതും കഴിക്കാന്‍ ഇഷ്ടമല്ല. എന്നാല്‍ ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഒരു ഫലമാണ് ഞാവല്‍.
ഏഴ്...
ഡാര്‍ക്ക് ചോക്ലേറ്റാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കയ്പ്പ് കാരണം പലരും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാറില്ല. എന്നാല്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: എപ്പോഴും ക്ഷീണവും ഒപ്പം വയറുവേദനയുമുണ്ടോ? ഈ രോഗത്തിന്‍റെ ലക്ഷണമാകാം...