പാക്കറ്റ് പാലിനെ പേടിക്കണോ

ആട്ടിൻ പാൽ, എരുമപ്പാൽ തുടങ്ങിയവയൊക്കെ നമ്മുടെ നാട്ടിൽ ഉപയോഗത്തിലുണ്ടെങ്കിലും പശുവിൻ പാലാണ് വ്യാപകമായി ആളുകൾ കുടിക്കാനും മറ്റാവശ്യങ്ങൾക്കും ഇഷ്ടപ്പെടുന്നത്. 100 മില്ലി ലിറ്റർ പശുവിൻ പാലിൽ 66 കലോറി ഊർജ്ജമാണുള്ളത്. അന്നജം, കൊഴുപ്പ്, പ്രോട്ടീൻ, കാൽസ്യം തുടങ്ങിയ ഘടകങ്ങളാണ് പാലിൽ മുഖ്യമായും ഉള്ളത്. കൂടാതെ അമിനോ ആസിഡുകളാൽ സമ്പന്നവുമാണ് പാൽ. 

Beware of adulterated packed milk


ഇന്ത്യയിൽ മനുഷ്യർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളിലൊന്നാണ് പാൽ. ഏറ്റവും കൂടുതൽ മായം ചേർക്കുന്ന ഭക്ഷ്യപദാർത്ഥം പാലാണെന്നും വിപണിയിൽ ലഭ്യമാകുന്ന പാലിൽ 70 ശതമാനവും മായം ചേർത്തതാണെന്നുമാണ് കണക്കുകൾ എന്നും ഭക്ഷ്യോപയോഗവസ്തുക്കളുടെ ഗുണനിലവാരനിർണ്ണയരംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി സർവ്വീസിലെ എ. എം. ഗിരിജ ചൂണ്ടിക്കാട്ടുന്നു. പെട്ടെന്നു കേടാവുന്നതുകൊണ്ടും അവശ്യവസ്തുവായതുകൊണ്ടും പരിശോധനകൾക്ക് പലപ്പോഴും പ്രായോഗികമായ നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നത് മായം ചേർക്കലുകാർക്ക് സൗകര്യമാകുന്നു. 

പാലിൻ്റെ ഗുണങ്ങൾ

ഒരു സമീകൃതപോഷകാഹാരമായാണ് പൊതുവേ പാലിനെ കരുതിപ്പോരുന്നത്. അമ്മയുടെ പാലാണല്ലോ ഏതൊരു കുഞ്ഞിൻ്റേയും ആദ്യ ഭക്ഷണം. ആട്ടിൻ പാൽ, എരുമപ്പാൽ തുടങ്ങിയവയൊക്കെ നമ്മുടെ നാട്ടിൽ ഉപയോഗത്തിലുണ്ടെങ്കിലും പശുവിൻ പാലാണ് വ്യാപകമായി ആളുകൾ കുടിക്കാനും മറ്റാവശ്യങ്ങൾക്കും ഇഷ്ടപ്പെടുന്നത്. 100 മില്ലി ലിറ്റർ പശുവിൻ പാലിൽ 66 കലോറി ഊർജ്ജമാണുള്ളത്. അന്നജം, കൊഴുപ്പ്, പ്രോട്ടീൻ, കാൽസ്യം തുടങ്ങിയ ഘടകങ്ങളാണ് പാലിൽ മുഖ്യമായും ഉള്ളത്. കൂടാതെ അമിനോ ആസിഡുകളാൽ സമ്പന്നവുമാണ് പാൽ. എല്ലിനും പല്ലിനും ആരോഗ്യം നൽകാനും കോശവളർച്ച നിയന്ത്രിക്കാനും നല്ല ഉറക്കത്തിനും പേശീനിർമ്മാണത്തിനും രക്തസമ്മർദ്ദം വർദ്ധിക്കാതിരിക്കാനും പാൽ സഹായിക്കും. സസ്യഭുക്കുകൾക്ക് ആവശ്യമായ മാംസ്യം ലഭിക്കുന്നതിനുള്ള സ്രോതസ്സുകളിലൊന്നുമാണ് പാൽ. എന്നാൽ ഈ ഗുണങ്ങളെല്ലാം കറന്നെടുത്ത് ഉടനെ ഉപയോഗിക്കുന്ന നറും പാലിനാണ്. പാൽ സംസ്കരിച്ച് പാക്കറ്റിലാക്കുമ്പോൾ തന്നെ ഇതിൻ്റെ പല ഗുണങ്ങളും നഷ്ടപ്പെടുകയോ കുറയുകയോ ചെയ്യും. അതിൽ മായം കൂടി ചേർന്നാൽ പറയുകയും വേണ്ട.

Beware of adulterated packed milk

അതേ സമയം തന്നെ പാലുപയോഗിക്കുമ്പോൾ ശ്രദ്ധിക്കുകയും വേണം. നിശ്ചിത അളവിൽ കൂടുതൽ പാൽ ദഹനക്കേടുണ്ടാക്കുന്നതാണ്. കുട്ടികൾക്ക് കുറെക്കൂടി പാൽ ദഹിപ്പിക്കാൻ പറ്റുമെങ്കിലും മുതിർന്നവർ അല്പം ശ്രദ്ധിക്കണം. ഇരുമ്പിൻ്റെ അംശം പാലിൽ കുറവാണ്. പാലിലെ കൊളസ്ട്രോളും കൊഴുപ്പും ഹൃദ്രോഗസാദ്ധ്യത കൂട്ടുന്നവയാണ്. പാലുകുടിക്കുന്നത് അമിതമായാൽ പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ വൃക്കകളിൽ അടിഞ്ഞുകൂടാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് അലർജിയും ദഹനപ്രശ്നങ്ങളും ഉള്ളവർ, ഹൃദയം, വൃക്ക എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുള്ളവർ, ആസ്തയോ പ്രമേഹമോ ഇള്ളവർ എന്നിവരൊക്കെ  വിദഗ്ധരുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ട ഒന്നാണ് പാൽ

പാലിലെ മായങ്ങൾ

മായത്തെ ആദ്യമായി അറിയുന്നതുതന്നെ പാലിലൂടെയായിരുന്നു. പാലിലെ വെള്ളം ചേർക്കലാണ് അന്നും ഇന്നും ഏറ്റവും പ്രധാനമായ മായം. ആധുനികർ ആ വെള്ളം ചേർത്ത പാലിൽ കൊഴുപ്പുകൂട്ടാൻ ഒട്ടനവധി രാസവസ്തുക്കളും മറ്റും ചേർക്കുന്നു. ഫെവിക്കോളും യൂറിയയും മണ്ണിരയുമൊക്കെ ചേർത്തുവരെ പാൽ വില്പനക്കെത്തുന്നുണ്ടെന്ന് വാർത്തകൾ വന്നിട്ടുണ്ട്. പാലിൻ്റെ അളവും കൊഴുപ്പുമൊക്കെ കൂട്ടാനും കേടാവാതിരിക്കാനും ചേർക്കുന്ന മാരകമായ രാസവസ്തുക്കൾ പല പാൽ പാക്കറ്റുകളിലുമുണ്ടെന്ന് ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർട്ടിഫൈഡ് ട്രെയിനറും നാഷണൽ റിസോഴ്സ് പേഴ്സണും കൂടിയായ എ. എം. ഗിരിജ വിശദീകരിക്കുന്നു.  പാൽപ്പൊടി കലക്കലാണ് ഏറ്റവും ലളിതമായ മായം. പിന്നെ ഡിറ്റർജൻ്റ്, യൂറിയ, സ്റ്റാർച്ച്, ഗ്ലൂക്കോസ്, കൊഴുപ്പ്, പൊട്ടാസ്യം ഡെക്രോമേറ്റ്, കാസ്റ്റിക് സോഡ തുടങ്ങിയവയൊക്കെ നിർമ്മാതാവിൻ്റെ സൗകര്യാനുസരണം പാലായി മാറും. ഇതിനൊക്കെ പുറമെ പാലുല്പാദനം കൂട്ടാനായി പശുക്കൾക്കുതന്നെ സ്റ്റിറൊയ്ഡുകളും ഹോർമോൺ ഇഞ്ചക്ഷനുകളും നൽകുന്ന പ്രവണതയുമുണ്ട്.

കുട്ടികൾക്ക് ഏറെ പ്രശ്നം

ഏറ്റവും കൂടുതലായി പാൽ ഉപയോഗിക്കുന്നത് കുട്ടികളായതിനാൽ ഇതിലെ മായം ഏറ്റവും കൂടുതൽ ബാധിക്കുന്നതും കുട്ടികളെയാണ്. പാലുൽപാദനം കൂട്ടാനായി പശുക്കൾക്കു നൽകുന്ന മരുന്നുകളും കുത്തിവയ്പ്പുകളും പാലിനെ വിഷമയമാക്കുന്നു. അത് വന്ധ്യതയും ഹോർമോൺ അസന്തുലിതാവസ്ഥയുമൊക്കെ ഉണ്ടാകാൻ കാരണമാകും. പാലിൽ ചേർക്കുന്ന വെള്ളത്തിൻ്റെ ഗുണനിലവാരം മറ്റൊരു പ്രശ്നമാണ്. മലിനമായ വെള്ളമാണെങ്കിൽ അതുണ്ടാക്കുന്ന രോഗങ്ങൾക്ക് കണക്കുണ്ടാകില്ല. മായം കലർന്ന പാൽ ഹൃദയത്തിന്റേയും വൃക്കകളുടേയും ആരോഗ്യത്തെ പെട്ടെന്നു ബാധിക്കും. എല്ലുകളുടെ ബലം കുറക്കുകയും കോശവളർച്ചയെ തകിടം മറിക്കുകയും ചെയ്യും. പ്രമേഹ സാദ്ധ്യത വർദ്ധിപ്പിക്കുന്നതുമാണ് പാലിലെ മായങ്ങൾ. ഈ പാലുപയോഗിച്ചുണ്ടാക്കുന്ന ഉത്പന്നങ്ങളും കൂടുതൽ വിഷങ്ങളാണ് ശരീരത്തിൽ എത്തിക്കുക.

വീട്ടിൽ തന്നെ അറിയണം

പൊട്ടിച്ച പാക്കറ്റിലെ പാൽ പെട്ടെന്ന് കേടാവും എന്നതിനാൽ മായം കലർന്നിട്ടുണ്ടോ എന്നത് കഴിയുന്നതും സൂക്ഷ്മമായി ശ്രദ്ധിച്ച് വീട്ടിൽതന്നെ കണ്ടെത്തലാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗം. ശുദ്ധമായ പാൽ ഒരു വെളുത്ത വര ബാക്കിയാക്കി സാവധാനം താഴേക്കൊഴുകുമ്പോൾ വെള്ളം ചേർത്ത പാൽ അടയാളങ്ങളൊന്നും ബാക്കി വയ്ക്കാതെ വേഗത്തിൽ ഒഴുകും. രുചിവ്യത്യാസവും ചൂടാക്കുമ്പോഴുണ്ടാകുന്ന നിറം മാറ്റവുമൊക്കെ മായം തിരിച്ചറിയാൻ സഹായിക്കുന്നവയാണ്. അല്പം കയ്യിലെടുത്ത് ഉരച്ചുനോക്കുമ്പോൾ സോപ്പിൻ്റേതുപോലുള്ള വഴുവഴുപ്പാണ് അനുഭവപ്പെടുന്നതെങ്കിൽ ആ പാൽ മായമുള്ളതായിരിക്കാനാണ് സാധ്യത. അല്പം പാലെടുത്ത് അതിൽ നാലഞ്ചുതുള്ളി അയഡിൻ ലായനി ചേർത്താൽ നീലനിറമാകുന്നുവെങ്കിൽ പാലിൽ കൊഴുപ്പു കൂട്ടാനായി സ്റ്റാർച്ച് ചേർത്തിട്ടുണ്ട്. പാലിൽ തുല്യ അളവിൽ വെള്ളം ചേർത്ത് കുലുക്കുമ്പോൾ വല്ലാതെ പത വരുന്നുണ്ടെങ്കിൽ അത് ഡിറ്റർജൻ്റിൻ്റെ ലക്ഷണമാണ്. ഒരു സ്പൂൺ പാലിലേക്ക് അരസ്പൂൺ സോയാബീൻ പൗഡർ ചേർത്ത് അല്പം കഴിഞ്ഞ് ഒരു ചുവന്ന ലിറ്റ്മസ് പേപ്പറിൽ ആ മിശ്രിതം വീഴ്ത്തിയാൽ പേപ്പറിൻ്റെ നിറം നീലയാകുന്നു എങ്കിൽ പാലിൽ യൂറിയ ചേർത്തിട്ടുണ്ടെന്ന് അനുമാനിക്കാം. രാസവസ്തുക്കൾ ചേർത്ത പാലിൽ നിന്ന് തൈരോ നെയ്യോ ഉണ്ടാക്കാനാവില്ല എന്നതും ശ്രദ്ധിക്കാം. ഇങ്ങനെയുള്ള വീട്ടുമാർഗ്ഗങ്ങൾ പരീക്ഷിച്ച് നോക്കുമ്പോൾ പാലിൽ മായമുണ്ടെന്ന സംശയം തോന്നുന്നപക്ഷം ലബോറട്ടറിയിലെത്തിച്ച് ശാസ്ത്രീയപരിശോധനകൾ നടത്തുക.

Latest Videos
Follow Us:
Download App:
  • android
  • ios