ഗര്‍ഭിണികള്‍ക്ക് ഈന്തപ്പഴം കഴിക്കാമോ? ഡോക്ടര്‍ പറയുന്നു...
ഗർഭിണികള്‍ ഈന്തപ്പഴം കഴിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് ഗുരുഗ്രാമിലെ ക്ലൗഡ്നൈൻ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം ഡയറക്ടർ ഡോ. ചേത്‌ന ജെയിൻ പറയുന്നത്.
ഗര്‍ഭിണിയാകുമ്പോള്‍ ചില ഭക്ഷണങ്ങളോട് സ്ത്രീകള്‍ക്ക് കൊതി വരുമെന്നാണ് പറയപ്പെടുന്നത്. പ്രത്യേകച്ച് മധുരം കഴിക്കാന്‍ കൊതി വരുമത്രേ. അത്തരത്തില്‍ ഗര്‍ഭിണികള്‍ക്ക് കൊതിയടക്കാന്‍ വേണ്ടി കഴിക്കാന്‍ പറ്റിയ ഒരു ഡ്രൈഫ്രൂട്ടാണ് ഈന്തപ്പഴം. ഗർഭകാലത്ത് ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിനും ഏറെ നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഈന്തപ്പഴത്തിൽ പഞ്ചസാര ധാരാളമുണ്ട്. എന്നാൽ പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, കോപ്പർ തുടങ്ങിയ നിരവധി പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഗർഭിണികള്‍ ഈന്തപ്പഴം കഴിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് ഗുരുഗ്രാമിലെ ക്ലൗഡ്നൈൻ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം ഡയറക്ടർ ഡോ. ചേത്‌ന ജെയിൻ പറയുന്നത്. ബുദ്ധിമുട്ടുകളില്ലാതെ പ്രസവം നടക്കാനും ഈന്തപ്പഴം കഴിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ഡോ.ചേത്‌ന ജെയിൻ പറയുന്നത്. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തില്‍ നിന്നും ലഭിക്കും.
ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ഗർഭകാലത്തെ ക്ഷീണവും ബലഹീനതയും അകറ്റാന്‍ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. വിറ്റാമിനുകളും പ്രോട്ടീനും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് ഊർജ്ജം നൽകാനും സഹായിക്കും.
രണ്ട്...
കുതിര്‍ത്ത ഈന്തപ്പഴം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഇവ സഹായിക്കും. ഈന്തപ്പഴത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
മൂന്ന്...
ഗർഭാവസ്ഥയിൽ പല സ്ത്രീകളിലും ഉണ്ടാകുന്ന മലബന്ധം ഒഴിവാക്കാൻ ഉയർന്ന നാരുകൾ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.
നാല്...
ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും ഗര്‍ഭകാലത്തെ വിളര്‍ച്ചയെ തടയാനും സഹായിക്കും.
അഞ്ച്...
ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന സെലിനിയം, മഗ്നീഷ്യം, മാംഗനീസ് എന്നിവ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നതിലൂടെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ആറ്...
ചില സ്ത്രീകൾക്ക് ഗർഭകാലത്ത് മുടികൊഴിച്ചിൽ അനുഭവപ്പെടാറുണ്ട്. ഉയർന്ന ഇരുമ്പിന്റെ അംശമുള്ള ഈന്തപ്പഴം കഴിക്കുന്നത് തലയോട്ടിയിലേക്കും തലമുടിയിലേക്കും രക്തയോട്ടം വർധിപ്പിക്കാനും മുടി വളരാനും സഹായിക്കും.
എന്നിരുന്നാലും അമിതമായി ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിക്കരുതെന്നും ഡോ. ചേത്‌ന ജെയിൻ പറയുന്നു. കലോറി ധാരാളം അടങ്ങിയ ഇവ അമിതമായി കഴിക്കുന്നത് വണ്ണം കൂടാനും പ്രമേഹ സാധ്യത കൂടാനും കാരണമാകും.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.
Also read: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിക്കാം ഈ ഏഴ് പച്ചക്കറികള്‍...