ഉരുളക്കിഴങ്ങ് കഴിക്കുന്നത് ശരിക്കും വണ്ണം കൂട്ടുമോ?
ഉരുളക്കിഴങ്ങ് കാർബോഹൈഡ്രേറ്റിന്റെ ഉറവിടമാണ് എന്നത് ശരിയാണ്. എന്നിരുന്നാലും, ഇവ ഊർജ്ജം പ്രദാനം ചെയ്യാന്‍ സഹായിക്കും.
പല വീടുകളിലും ഭക്ഷണത്തില്‍ പതിവായി ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിൻ സി, ബി6, മാംഗനീസ്, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയെല്ലാം ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നത് വണ്ണം കൂട്ടുമെന്ന പേടി പലര്‍ക്കുമുണ്ട്. എന്നാല്‍ നിങ്ങൾ സ്ഥിരമായി ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുകയും ജങ്ക് ഫുഡിന്റെ അമിതമായ ഉപഭോഗം ഒഴിവാക്കുകയും ചെയ്താൽ, നിങ്ങളുടെ ഭക്ഷണത്തിൽ ഉരുളക്കിഴങ്ങ് ഉൾപ്പെടുത്തുന്നത് ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകില്ല എന്നാണ് ഡയറ്റീഷ്യനായ ആകാൻക്ഷ ജെ. ശാരദ പറയുന്നത്. മിതമായ അളവില്‍ ഇവ കഴിക്കുന്നത് കൊണ്ട് ശരീരഭാരം കൂടില്ലെന്നും ഇവര്‍ പറയുന്നു.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് ഉരുളക്കിഴങ്ങ്. അതിനാല്‍ ഇവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഉരുളക്കിഴങ്ങ് കാർബോഹൈഡ്രേറ്റിന്റെ ഉറവിടമാണ് എന്നത് ശരിയാണ്. എന്നിരുന്നാലും, ഇവ ഊർജ്ജം പ്രദാനം ചെയ്യാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. അതിനാല്‍ ഇവ കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറയാന്‍ സഹായിക്കും. അതുവഴി വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്നും തടയാനും സഹായിക്കും. അങ്ങനെ ശരീരഭാരം നിയന്ത്രിക്കാനും സഹായിച്ചേക്കാം എന്നും ഡയറ്റീഷ്യനായ ആകാൻക്ഷ ജെ. ശാരദ തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
അനാരോഗ്യകരമായ ഭക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉരുളക്കിഴങ്ങ് താരതമ്യേന കുറഞ്ഞ കൊഴുപ്പും കലോറിയും അടങ്ങിയതാണെന്നും അവര്‍ പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചറിൽ നിന്നുള്ള കണക്കുകൾ പ്രകാരം, 100 ഗ്രാം ഉരുളക്കിഴങ്ങിൽ 77 കലോറിയും 2 ഗ്രാം പ്രോട്ടീനും 2 ഗ്രാം ഫൈബറും അടങ്ങിയിരിക്കുന്നു. ഇവയില്‍ കൊഴുപ്പിന്റെ അളവ് വളരെ കുറവാണെന്നും കണക്കുകള്‍ പറയുന്നു. അതിനാല്‍ മിതമായ അളവില്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നത് കൊണ്ട് ദോഷമൊന്നുമില്ല.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.
Also Read: പതിവായി കഴിക്കാം തൈര്; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...