സിട്രസ് ഫ്രൂട്ട്‌സിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍...

വിറ്റാമിന്‍ സി ധാരാളം ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ സിട്രസ് ഫ്രൂട്ട്‌സുകള്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ മുതല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വരെ ഗുണം ചെയ്യും. 

8 Foods that you should avoid pairing with Citrus Fruits

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് സിട്രസ് ഫ്രൂട്ട്‌സുകള്‍.  വിറ്റാമിന്‍ സി ധാരാളം ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ  സിട്രസ് ഫ്രൂട്ട്‌സുകള്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ മുതല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വരെ ഗുണം ചെയ്യും. എന്നാല്‍ സിട്രസ് ഫ്രൂട്ട്‌സുകള്‍ അസിഡിക്ക് ആയതിനാല്‍ ചില ഭക്ഷണവിഭവങ്ങള്‍ ഇവയ്ക്കൊപ്പം കഴിക്കുന്നത് നല്ലതല്ല.  

അത്തരത്തില്‍ സിട്രസ് ഫ്രൂട്ട്‌സിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

പപ്പായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പപ്പായയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പപ്പായക്കൊപ്പം സിട്രസ് ഫ്രൂട്ട്സുകള്‍ കഴിക്കുമ്പോള്‍ ശരീരത്തില്‍ വിറ്റാമിന്‍ സിയുടെ അളവ് കൂടാം. ഇത് ദഹന പ്രശ്നങ്ങള്‍ക്കും അസിഡിറ്റിക്കും നെഞ്ചെരിച്ചിലിനും കാരണമാകും. അതിനാല്‍ ഓറഞ്ച് പോലെയുള്ള സിട്രസ് ഫ്രൂട്ട്സിനൊപ്പം പപ്പായ കഴിക്കരുത്. 

രണ്ട്... 

അന്നജം അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പവും സിട്രസ് ഫ്രൂട്ട്സുകള്‍ കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഉരുളക്കിഴങ്ങ്, ചോറ്, പാസ്ത തുടങ്ങിയവയ്ക്കൊപ്പം സിട്രസ് ഫ്രൂട്ട്സുകള്‍ കഴിക്കുമ്പോള്‍ ചിലര്‍ക്ക് ഗ്യാസ്, വയര്‍ വീര്‍ത്തുവരുക, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. 

മൂന്ന്...

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പവും സിട്രിസ് പഴങ്ങള്‍ കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പയറു വര്‍ഗങ്ങളും ബീന്‍സുമൊക്കെ സിട്രസ് പഴങ്ങള്‍ക്കൊപ്പം കഴിക്കുന്നത് ഒഴിവാക്കുക. 

നാല്... 

പാലും പാലുൽപന്നങ്ങളുമാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിട്രസ് ഫ്രൂട്ട്‌സിലെ ആസിഡും പാലിലെ പ്രോട്ടീനും ചേരുമ്പോള്‍ ചിലരില്‍ അത് ദഹന പ്രശ്നങ്ങള്‍ ഉണ്ടാകാം. അത്തരക്കാര്‍ ഇവ ഒരുമിച്ച് കഴിക്കാതിരിക്കുന്നതാകും നല്ലത്. 

അഞ്ച്... 

അസിഡിക് ഭക്ഷണങ്ങള്‍ക്കൊപ്പവും ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് ഫ്രൂട്ട്‌സുകള്‍ കഴിക്കുന്നതും നല്ലതല്ല. കാരണം ഇവ രണ്ടിലെയും ആസിഡ് സാന്നിധ്യം കാരണം അസിഡിറ്റിയും  നെഞ്ചെരിച്ചിലും മറ്റും ഉണ്ടാകാന്‍ സാധ്യത ഉണ്ട്. 

ആറ്... 

അമിതമായി എരിവുള്ള ഭക്ഷണത്തിനൊപ്പവും ഇവ കഴിക്കരുത്‌. കാരണം ഇവ എരിവിനെ കൂട്ടുന്നതിനാല്‍ ചിലരില്‍ നെഞ്ചെരിച്ചിലിന് കാരണമാകാം. 

ഏഴ്... 

കാർബണേറ്റഡ് പാനീയങ്ങളും സിട്രസ് ഫ്രൂട്ട്‌സിനൊപ്പം കഴിക്കരുത്. ഇവയും ദഹന പ്രശ്നങ്ങളും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയുമൊക്കെ ഉണ്ടാക്കിയേക്കാം. 

എട്ട്... 

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പവും സിട്രസ് ഫ്രൂട്ട്‌സുകള്‍ കഴിക്കുന്നത് നല്ലതല്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമായേക്കാം. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: കാഴ്ചശക്തി വർധിപ്പിക്കാന്‍ കഴിക്കേണ്ട ഏഴ് നട്സും ഡ്രൈ ഫ്രൂട്ട്സും...

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios