വയറിലെ കൊഴുപ്പിനെ കുറയ്ക്കണോ? കുടിക്കാം ഈ ആറ് പാനീയങ്ങള്‍...
വണ്ണം കുറയ്ക്കുക എന്നത് അൽപം പ്രയാസമുള്ള കാര്യമാണ്. പ്രത്യേകിച്ച് വയര്‍ കുറയ്ക്കാന്‍ കുറച്ചധികം സമയമെടുക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാനായി വർക്കൗട്ട് ചെയ്താൽ മാത്രം പോരാ. ഭക്ഷണ കാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം.
ഇന്ന് ആളുകൾക്കിടയിൽ ഉയർന്നുവരുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നായി മാറിയിരിക്കുകയാണ് അമിത വണ്ണം. അനാരോഗ്യകരമായ ജീവിതശൈലിയോ ജോലിസ്ഥലത്ത് മണിക്കൂറുകളോളം ഇരിക്കുന്നതോ ആകാം ഇതിന് കാരണം. വണ്ണം കുറയ്ക്കുക എന്നത് അൽപം പ്രയാസമുള്ള കാര്യമാണ്. പ്രത്യേകിച്ച് വയര്‍ കുറയ്ക്കാന്‍ കുറച്ചധികം സമയമെടുക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാനായി വർക്കൗട്ട് ചെയ്താൽ മാത്രം പോരാ. ഭക്ഷണ കാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം.
അത്തരത്തില്‍ വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ചില പാനീയങ്ങളെയും ഹെർബൽ ടീകളെയും പരിചയപ്പെടാം...
ഒന്ന്...
പെരുംജീരകം ചായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചതച്ച പെരുംജീരകം ചൂടുവെള്ളത്തിൽ കുതിർത്തുകൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. ഇതിനായി ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂൺ പെരുംജീരകം ചേർക്കുക. പത്ത് മിനിറ്റിന് ശേഷം തിളച്ച ചായ അരിച്ചെടുത്ത് ചൂടോടെ കുടിക്കുക. വിശപ്പ് കുറയ്ക്കുന്നതിനും ദഹനത്തെ മെച്ചപ്പെടുത്താനും ഇവ ഭക്ഷണത്തിന് മുമ്പ് കുടിക്കാം.
രണ്ട്...
ഒരു കക്കിരിക്ക തൊലി ചെത്തി കഷണങ്ങളാക്കുക. അല്പം നാരങ്ങാനീര്, ഒരു പിടി പാഴ്സ്‍ലി ഇല, അരക്കപ്പ് വെള്ളം എന്നിവ കൂടി ചേര്‍ത്ത് മിക്സിയിൽ അടിച്ച് ജ്യൂസ് ആക്കുക. ആവശ്യമെങ്കിൽ വെള്ളം വീണ്ടും ചേർക്കാം. ഈ പാനീയം രാത്രി കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ കത്തിച്ചു കളയാൻ സഹായിക്കും.
മൂന്ന്...
ഇഞ്ചി ചായയും വയറിലെ കൊഴുപ്പിനെ പുറംന്തള്ളാന്‍ സഹായിക്കും. ഇതിനായി കുറച്ച് ഇഞ്ചി കഷ്ണങ്ങള്‍ ചൂടുവെള്ളത്തിൽ ഇടുക. ശേഷം, ഇതിലേയ്ക്ക് നാരങ്ങാ നീരിം ഒരു ടീസ്പൂൺ തേനും ചേർക്കാം. ഈ പാനീയം രാവിലെ വെറും വയറ്റിൽ ചെറുചൂടോടെ കുടിക്കുന്നത് ഭാരം നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
നാല്...
ഗ്രീന്‍ ടീയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്രീന്‍ ടീ കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.
അഞ്ച്...
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലാക്ക് ടീ കുടിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
ആറ്...
ഫലപ്രദമായ ശരീരഭാരം കുറയ്ക്കാൻ പോഷകങ്ങൾ നിറഞ്ഞതും കുറഞ്ഞ കലോറിയുള്ളതുമായ ഓപ്ഷനാണ് പച്ചക്കറി ജ്യൂസ്. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് വെജിറ്റബിള്‍ ജ്യൂസ്. ഇത് തയ്യാറാക്കാന്‍ ചീര, ക്യാരറ്റ്, വെള്ളരിക്ക തുടങ്ങി പലതരം പച്ചക്കറികൾ മിക്‌സ് ചെയ്ത് കുടിക്കാം. നാരുകള്‍ ധാരാളം അടങ്ങിയ ഇവ പതിവായി കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: മലബന്ധം അകറ്റാന്‍ കഴിക്കാം അടുക്കളയിലുള്ള ഈ ആറ് ഭക്ഷണങ്ങള്‍...