വൃക്കയിലെ കല്ലുകളെ തടയാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ...
കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. കുറഞ്ഞ അളവിൽ ദ്രാവകം കഴിക്കുന്നത് മൂലമുള്ള നിർജ്ജലീകരണം കല്ല് രൂപപ്പെടുന്നതിന്റെ പ്രധാന ഘടകമാണ്. അമിത വണ്ണവും ഒരു പ്രധാന അപകട ഘടകമാണ്.
മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. രക്തം ഫിൽട്ടർ ചെയ്യുകയും അതിൽ നിന്ന് മാലിന്യങ്ങൾ വേർതിരിക്കുകയും ചെയ്യുക എന്നതാണ് വൃക്കകളുടെ പ്രാഥമിക പ്രവർത്തനം. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. അതില്‍ കിഡ്‌നി സ്‌റ്റോൺ അഥവാ വൃക്കയില്‍ കല്ല് വളരെ സാധാരണയായി കണ്ടുവരുന്ന രോഗമാണ്.
കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. കുറഞ്ഞ അളവിൽ ദ്രാവകം കഴിക്കുന്നത് മൂലമുള്ള നിർജ്ജലീകരണം കല്ല് രൂപപ്പെടുന്നതിന്റെ പ്രധാന ഘടകമാണ്. അമിത വണ്ണവും ഒരു പ്രധാന അപകട ഘടകമാണ്.
മൂത്രത്തിൽ രക്തം കാണുന്നതാണ് കിഡ്‌നി സ്‌റ്റോണിന്‍റെ ഒരു പ്രധാന ലക്ഷണം. അടിക്കടിയുള്ള മൂത്രമൊഴിക്കൽ, മൂത്രത്തിന്റെ നിറം മാറുക എന്നിവയും കിഡ്‌നി സ്‌റ്റോണിന്‍റെ ലക്ഷണമാകാം. മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട്, വേദന, പുകച്ചില്‍ എന്നിവയാണ് മറ്റൊരു ലക്ഷണം. വാരിയെല്ലുകള്‍ക്ക് താഴെ വൃക്കകള്‍ സ്ഥിതി ചെയ്യുന്ന ഇടത്ത് തോന്നുന്ന അതിശക്തമായതും കുത്തിക്കൊള്ളുന്നതുമായ വേദന വൃക്കയിലെ കല്ലിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. വൃക്കയിലെ കല്ലുകൾ മൂത്രത്തിൽ ദുർഗന്ധം വമിക്കുകയും ചെയ്യും. മൂത്രനാളിയിലെ ബാക്ടീരിയയുടെ സാന്നിധ്യത്തിന്റെ ഫലമായി ഇത് സംഭവിക്കാം. അടിവയറ്റില്‍ തോന്നുന്ന വേദനയും മൂത്രത്തിലെ കല്ലിന്‍റെ ലക്ഷണമാണ്.
ചിലരില്‍ കടുത്ത പനിയും വിറയിലും ഛർദ്ദിയും ക്ഷീണവും ശ്വസിക്കാൻ കഴിയാതെ വരുകയും ചെയ്യാം.
ഈ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
വൃക്കയിലെ കല്ലുകളെ തടയാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
വെള്ളം ധാരാളം കുടിക്കുക. ഇതാണ് കിഡ്‌നിയിലെ കല്ലുകൾ തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം. ഓരോ ദിവസവും രണ്ടോ മൂന്നോ ലിറ്റർ വെള്ളം കുടിക്കണം.
രണ്ട്...
നാരങ്ങയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരങ്ങയിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയുകയും ഇതിനകം രൂപപ്പെട്ട കല്ലുകളെ തകർക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിനായി നിങ്ങള്‍ കുടിക്കുന്ന വെള്ളത്തില്‍ കുറച്ചു നാരങ്ങാനീര് ചേര്‍ക്കുക.
മൂന്ന്...
ക്രൂസിഫറസ് പച്ചക്കറികൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം ധാരാളം അടങ്ങിയ ബ്രൊക്കോളി പോലെയുള്ള ക്രൂസിഫറസ് പച്ചക്കറികൾ കഴിക്കുന്നത് കാത്സ്യം നഷ്ടം കുറയ്ക്കാനും വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നത് തടയാനും സഹായിക്കുന്നു.
നാല്...
മുഴുധാന്യങ്ങൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മിക്ക ധാന്യങ്ങളും ആരോഗ്യകരമായ ഭാരം വർധിപ്പിക്കുന്നു. ഇത് വൃക്കയിലെ കല്ലുകൾ തടയുന്നതിന് സഹായിക്കുന്നു.
അഞ്ച്...
പാലിലും തൈരിലുമുള്ള കാൽസ്യം വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഹൃദയത്തെ കാക്കാന്‍ കഴിക്കാം സെലീനിയം അടങ്ങിയ ഈ ഭക്ഷണങ്ങള്‍...