അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ നാല് വിത്തുകള്‍...
വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. ഇതിനെ പരിഹരിക്കാനും വണ്ണം കുറയ്ക്കാനും പല ഡയറ്റ് പ്ലാനും പരീക്ഷിച്ച് മടുത്തവരും ഉണ്ടാകാം. ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്.
ഓരോ ദിവസവും കഴിയുംതോറും വയറു നോക്കി നെടുവീർപ്പെടുകയാണ് പലരും. വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. ഇതിനെ പരിഹരിക്കാനും വണ്ണം കുറയ്ക്കാനും പല ഡയറ്റ് പ്ലാനും പരീക്ഷിച്ച് മടുത്തവരും ഉണ്ടാകാം. ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്. എന്തായാലും വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്ന ചില സീഡുകളെ അഥവാ വിത്തുകളെ പരിചയപ്പെടാം...
ചിയ സീഡ്സ്...
ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ്. ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീനുകള്‍, ഫൈബര്‍, കാത്സ്യം, സിങ്ക്, അയേണ്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ വയര്‍ നിറയ്ക്കാനും വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. നൂറ് ഗ്രാം ചിയ വിത്തുകള്‍ കഴിക്കുന്നത് ആ ദിവസത്തെ മുഴുവന്‍ വിശപ്പിനെയും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിനായി ചിയ വിത്തുകള്‍ കൊണ്ടുള്ള പാനീയം തയ്യാറാക്കാം. ഇതിനായി ആദ്യം വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ചിയ വിത്തുകള്‍ ചേര്‍ക്കുക. ഇനി ഇതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാ നീര് കൂടി ചേര്‍ത്തിളക്കാം. ശേഷം ഇവ എന്നും രാവിലെ വെറും വയറ്റില്‍ കുടിക്കാം. അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഈ പാനീയം സഹായിക്കും.
ഫ്‌ളാക്‌സ് സീഡ്...
ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. പ്രകൃതിദത്ത ഫൈബര്‍ ധാരാളമായി അടങ്ങിയ ചണവിത്ത് വണ്ണം കുറയ്ക്കാന്‍ മികച്ചതാണ്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ കുറയ്ക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡുകള്‍ കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കുകയും ചെയ്യും.
സൂര്യകാന്തി വിത്തുകൾ...
പ്രോട്ടീന്‍, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിന്‍ ഇ, മഗ്നീഷ്യം തുടങ്ങിയ പല പോഷകങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് സൂര്യകാന്തി വിത്തുകൾ. ഫൈബര്‍ ധാരാളം അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
മത്തങ്ങ വിത്തുകള്‍...
മത്തങ്ങ വിത്തുകള്‍ അഥവാ മത്തന്‍ കുരു ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മഗ്നീഷ്യം, സിങ്ക് തുടങ്ങിയവയും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും മറ്റും ധാരാളം അടങ്ങിയതാണ് മത്തങ്ങ വിത്ത്. ഇവ കഴിക്കുന്നതും ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.
Also read: വണ്ണം കുറയ്ക്കാന്‍ വെളുത്തുള്ളി ഇങ്ങനെ കഴിക്കൂ...