ലോകകപ്പ് ഗാനത്തിനൊപ്പം ചുവടുവെച്ച് ഖത്തറിലെ മലയാളി സഹോദരിമാര്‍; ശ്രദ്ധേയമായി ദൃശ്യം
ഫിഫ ലോകകപ്പിനായി മലയാളികൾ അടക്കമുള്ള ആരാധകർ ഖത്തറിലേക്ക് ഒഴുകുകയാണ്
ദോഹ: അറബ് ലോകം ആദ്യമായി വേദിയാകുന്ന ഫുട്ബോൾ ലോകകപ്പിന്‍റെ നട്ടെല്ല് തന്നെ മലയാളികള്‍ ആണ് എന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് ഈ ദൃശ്യങ്ങൾ. ഫിഫ ലോകകപ്പിന് അഭിവാദ്യവുമായി നൃത്തം ചെയ്യുന്ന രണ്ട് മലയാളി സഹോദരിമാരുടെ ദൃശ്യം ശ്രദ്ധേയമാവുകയാണ്. ഖത്തറിൽ സ്ഥിരതാമസമായ പത്തനംതിട്ട ആറന്മുള സ്വദേശികളായ ജൊവാന മേരി ജെറ്റിയും ആനെറ്റ് ഹന്നാ ജെറ്റിയുമാണ് ഈ മിടുക്കിക്കുട്ടികൾ. ഇരുവരുടേയും നൃത്തം ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
ഞായറാഴ്ച രാത്രി ഒൻപതരയ്ക്ക് ഖത്തർ-ഇക്വഡോർ പോരാട്ടത്തോടെയാണ് ലോകകപ്പിന് തുടക്കമാവുക. യൂറോപ്പും ആഫ്രിക്കയും ഏഷ്യയും തെക്കേ അമേരിക്കയുമെല്ലാം ഇനിയൊരു പന്തിന്‍റെ പിന്നാലെ ഒഴുകും. ലോകകപ്പിന് വേദിയാവുന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ രാജ്യമായ ഖത്തർ ലോകത്തോളം വലുതാവുന്ന നാളുകളാണിത്. കളിമിടുക്കിൽ പാരമ്പര്യം അവകാശപ്പെടാനില്ലെങ്കിലും കളിനടത്തിപ്പിലൂടെ ലോകത്തിന്‍റെ ഹൃദയം കവരുകയാണ് ഖത്തറിന്‍റെ ലക്ഷ്യം. വിവാദങ്ങളും ആരോപണങ്ങളുമെല്ലാം ലോകകപ്പ് കിക്കോഫിലൂടെ ഫുട്ബോൾ ആവേശത്തിൽ അലിഞ്ഞുചേരുമെന്നും ഖത്തർ വിശ്വസിക്കുന്നു.
ഫിഫ ലോകകപ്പിനായി മലയാളികൾ അടക്കമുള്ള ആരാധകർ ഖത്തറിലേക്ക് ഒഴുകുകയാണ്. ഫുട്ബോള്‍ ലോകകപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ കാഴ്‌ചക്കാരായും വളണ്ടിയര്‍മാരായും പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ് എന്ന സവിശേഷത കൂടിയുണ്ട് ഖത്തറിലെ വിശ്വ പോരാട്ടത്തിന്. ബ്രസീലും അര്‍ജന്‍റീനയും അടക്കമുള്ള വിവിധ ടീമുകള്‍ക്ക് പിന്തുണയുമായി ഗള്‍ഫിലെ മലയാളി കാല്‍പന്ത് പ്രേമികള്‍ ഖത്തറില്‍ ആഘോഷരാവുകള്‍ സൃഷ്ടിക്കുകയാണ്.
നീലേശ്വരത്ത് എതിരാളികളുടെ വായടപ്പിച്ച് 'സുല്‍ത്താന്‍' ഇറങ്ങി; നെയ്‌മറുടെ പടുകൂറ്റന്‍ കട്ടൗട്ട് തരംഗം