ലൂസൈലില്‍ മോഹകപ്പ് അതിന്റെ നാഥനെ കണ്ടു, ഇതിഹാസ പൂര്‍ണത; അത് അറബിക്കഥയെ പോലും വെല്ലുന്ന വിസ്മയം
അറേബ്യൻ മണ്ണിലെ തുടക്കം അടിതെറ്റി വീണ്, മുറിവേറ്റ്. മരുഭൂമിയിലെ കളിക്കോട്ടകളിൽ പിന്നാലെയെത്തിയ മരണക്കെണികളെയെല്ലാം അർജന്റീന അതിജീവിച്ചൂ, മെസ്സിയെന്ന മഹാമാന്ത്രികനിലൂടെ. മുപ്പത്തിയഞ്ചാണ്ടിന്റെ തളച്ചയേൽക്കാത്ത ഇടങ്കാലിലൂടെ.
ദോഹ: ലിയോണൽ മെസ്സിയെന്ന ഇതിഹാസത്തിന്‍റെ പൂർണതയ്ക്കാണ് ലുസൈൽ സ്റ്റേഡിയം സാക്ഷിയായത്. കളിച്ചും കളിപ്പിച്ചും ഗോളടിച്ചും ഗോളടിപ്പിച്ചുമാണ് മെസ്സി ലോകജേതാവായത്. ഒടുവിൽ, മോഹകപ്പ് അതിന്റെ നാഥനെ കണ്ടു. പലവട്ടം കെവിട്ട മഞ്ഞക്കപ്പിൽ അവൻറെ ചുണ്ടുകളമർന്നു. എല്ലാ വിമർശനങ്ങളും ദുശ്ശാഢ്യങ്ങളും വിയോജിപ്പുകളും ചിറകറ്റുവീണു. മോഹഭാരങ്ങളും മുറിവുകളും ലോകംകീഴടക്കിയ ആനന്ദത്തിൽ മാഞ്ഞുപോയി. വിശ്വവിജയത്താൽ പവിത്രമാക്കപ്പെട്ട്, കാൽപ്പന്തുകളിയിലെ പരിപൂർണതയുടെ പേരായി ലിയോണൽ ആന്ദ്രേസ് മെസ്സി.
മറഡോണയ്ക്കും അപ്പുറം ലുസൈൽ ഐക്കോണിക് സ്റ്റേഡിയത്തിൽ അർജന്റൈൻ ഫുട്ബോൾ ചക്രവർത്തിയായി എന്നേക്കുമുള്ള സ്ഥാനാരോഹണം. നീലാകാശത്തോളം സന്തോഷത്തിലും അഭിമാനത്തിലും നിറഞ്ഞ്തുളുമ്പി ആരാധകർ. ഹൃദയത്തുടിപ്പുകളായ തിയാഗോ, മത്തേയു, സിറോ, എന്നിവരെ ചേർത്തുപിടിക്കുംപോലെ മോഹക്കപ്പ് നാലാമത്തെ കുഞ്ഞിനെപ്പോലെ നെഞ്ചോട് ചേർത്ത് മെസ്സി.
അറേബ്യൻ മണ്ണിലെ തുടക്കം അടിതെറ്റി വീണ്, മുറിവേറ്റ്. മരുഭൂമിയിലെ കളിക്കോട്ടകളിൽ പിന്നാലെയെത്തിയ മരണക്കെണികളെയെല്ലാം അർജന്റീന അതിജീവിച്ചൂ, മെസ്സിയെന്ന മഹാമാന്ത്രികനിലൂടെ. മുപ്പത്തിയഞ്ചാണ്ടിന്റെ തളച്ചയേൽക്കാത്ത ഇടങ്കാലിലൂടെ.
ശരാശരിക്കാരായ നീലയും വെള്ളയും ധരിച്ച പത്തുപേരിലേക്ക് മെസ്സി പരകായപ്രവേശം നടത്തിയപ്പോൾ പിറന്നത് അറബിക്കഥകളെപ്പോലും വിസ്മയിപ്പിക്കുന്ന അത്ഭുതങ്ങൾ. ഒടുവിൽ കപ്പിനുും ചുണ്ടിനുമിടയിൽ തടസ്സമായി വന്ന യുറോപ്പിലെ മുന്തിയ വെടിക്കോപ്പുകൾ നിറച്ച ഫ്രഞ്ച് പടക്കപ്പലും അറബിക്കടലിൽ മുക്കിയപ്പോൾ ഒരുജനതയുടെ, അവരെ നെഞ്ചേറ്റിയവരുടെ മുപ്പത്തിയാറ് വർഷത്തെ കാത്തിരിപ്പിന് അവസാനം.
ലോകത്തിന്‍റെ ഏതുകോണിലും കാണാം മെസ്സിയെന്ന് എഴുതിയ പത്താം നമ്പർ ജഴ്സിയണിഞ്ഞ മനുഷ്യരെ. ഈ പേരും നമ്പരും കൊത്തിവച്ചിരിക്കുന്നത് അവരുടെ ഹൃദയങ്ങളിലാണ്. അനിവാര്യമായൊരു പടിയിറക്കത്തിന് ഇതിനേക്കാൾ സമ്മോഹന മുഹൂർത്തമുണ്ടാവില്ല. പന്തും ലോകവും ഇനിയമുരുളും. ലോകകപ്പുകൾ വരും. താരങ്ങളും ഇതിഹാസങ്ങളും പിറവിയെടുക്കും. വിശ്വവിജയിയായി അറ്റമില്ലാത്ത കാലത്തിന് അപ്പുറത്തേക്ക് നീളുന്നൊരു മെസ്സിക്കഥ ഇവിടെ പൂർണമാവുകയാണ്. ഒരിക്കലും ആവർത്തിക്കപ്പെടാൻ സാധ്യതയില്ലാത്തൊരു പൂർണ അധ്യായം.