പുഴ ഞങ്ങളുടെ പരിധിയിൽ, പരാതി കിട്ടിയാലും കട്ടൗട്ടുകൾ മാറ്റില്ല: കൊടുവള്ളി നഗരസഭ

കട്ടൗട്ടുകൾ എടുത്ത് മാറ്റില്ലെന്നും മാറ്റാൻ ആവശ്യപ്പെടില്ലെന്നും നിയമപ്രശ്നം ഉയർന്നാൽ അപ്പോൾ അലോചിക്കാമെന്നും കൊടുവള്ളി നഗരസഭാ ചെയർമാൻ

Koduvalli Municipality stands with football fans wont remove coutout of messi and Neymar

കോഴിക്കോട്: പുള്ളാവൂരിലെ പുഴ തങ്ങളുടെ പരിധിയിലാണെന്ന് കൊടുവള്ളി നഗരസഭ ചെയർമാൻ. ഫുട്ബോൾ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുകൾ സംബന്ധിച്ച് ഒരു പരാതിയും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല. അങ്ങിനെ പരാതി ലഭിച്ചാലും ഫുട്ബോൾ ആരാധകർക്ക് അനുകൂലമായേ നഗരസഭ നിൽക്കൂ. കട്ടൗട്ടുകൾ പുഴയ്ക്ക് ഒരു നാശവും വരുത്തില്ലെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. കട്ടൗട്ടുകൾ എടുത്ത് മാറ്റില്ലെന്നും മാറ്റാൻ ആവശ്യപ്പെടില്ലെന്നും നിയമപ്രശ്നം ഉയർന്നാൽ അപ്പോൾ അലോചിക്കാമെന്നും കൊടുവള്ളി നഗരസഭാ ചെയർമാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ പുള്ളാവൂരിലെ അർജന്റീന, ബ്രസീൽ ടീമുകളുടെ ആരാധകരാണ് ലയണൽ മെസിയുടെയും നെയ്മറുടെയും കൂറ്റൻ കട്ടൗട്ടുകൾ പുഴയിൽ സ്ഥാപിച്ചത്. അഡ്വ ശ്രീജിത് പരുമനയുടെ പരാതിയിൽ ചാത്തമംഗലം പഞ്ചായത്ത് ഈ കട്ടൗട്ടുകൾ നീക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് രാവിലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യം നിഷേധിച്ചു. കട്ടൗട്ടുകൾ പുഴയുടെ ഒഴുക്കിന് തടസമെന്ന പരാതി ലഭിച്ചപ്പോൾ അന്വേഷിക്കുക മാത്രമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ഇവ എടുത്ത് മാറ്റാൻ ഒരു നിർദേശവും നൽകിയിട്ടില്ലെന്നും വ്യക്തമാക്കി.

അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയുടെയും ബ്രസീൽ താരം നെയ്മറുടെയും കട്ടൗട്ടുകളാണ് പുള്ളാവൂരിലെ ചെറുപുഴയിൽ സ്ഥാപിച്ചത്. അന്താരാഷ്ട്ര തലത്തിൽ തന്നെ ഇത് ചർച്ചയായിരുന്നു. അര്‍ജന്‍റീനയുടെ ആരാധകർ തങ്ങളുടെ പ്രിയ താരം ലയണൽ മെസിയുടെ 30 അടി ഉയരമുള്ള കട്ടൗട്ടാണ് ആദ്യം സ്ഥാപിച്ചത്. പിന്നാലെ ബ്രസീൽ ആരാധകർ നെയ്മറുടെ 40 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചു. രാത്രിയിലും കാണാൻ സാധിക്കുന്ന വിധത്തിൽ വെളിച്ച സംവിധാനങ്ങളും കട്ടൗട്ടിൽ ഘടിപ്പിച്ചിട്ടുണ്ട്. പിന്നാലെ കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൗട്ടും സ്ഥാപിച്ചിട്ടുണ്ട്. താമരശ്ശേരി പരപ്പൻപൊയിലിലാണ് 45 അടിയോളം ഉയരത്തിലുള്ള കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios