കടലാസിലും കണക്കിലും കവിത വിരിഞ്ഞിട്ടും തോറ്റ സ്പെയിന്‍, ബോനുവിന്‍റെ ചോരാത്ത കൈകള്‍; ഉചിച്ചുയര്‍ന്ന് റാമോസ്

പെഡ്രി, ഗാവി തുടങ്ങിയ മിടുക്കൻ പ്രതിഭകളും ടോറസ്, ബുസ്ക്വെറ്റ്സ് തുടങ്ങിയ പരിചയസമ്പന്നരും ..കടലാസിൽ ഇത്രയും നല്ല കോംബിനേഷൻ. പക്ഷേ പന്ത് കൃത്യമായി തട്ടിക്കളിച്ചതു കൊണ്ട് കാര്യമില്ലെന്ന് സ്പെയിൻ തിരിച്ചറിയേണ്ടിയിരിക്കുന്നു. അതല്ലായിരുന്നുവെങ്കിൽ കടലാസിലും കണക്കിലും വിരിഞ്ഞ കവിത, മൈതാനത്തും വിരിഞ്ഞേനെ.

FIFA World Cup 2022: Spain vs Morocco and Portugal vs Switzerland pre quarter analysis

ദോഹ: ലോകകപ്പിൽ ക്വാർട്ടറിൽ എത്തുന്ന നാലാമത്തെ മാത്രം ആഫ്രിക്കൻ ടീമായി മൊറോക്കോ. കാമറൂണിനും സെനഗലിനും ഘാനക്കും ശേഷം മൊറോക്ക എത്തുന്നത് കരുത്തരായ, മുൻ ചാമ്പ്യൻമാരായ സ്പെയിനിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചിട്ട്.  അത്യന്തം ആവേശകരമായ മത്സരം. പക്ഷേ ഗോളുകൾ വഴിമാറി നിന്നു. 1019 പാസുകളുടെ കൃത്യതയിലും 77ശതമാനം പന്തടക്കമെന്ന മുൻതൂക്കത്തിലും സ്പെയിൻ ഗോളടിക്കണമെന്ന വലിയ കാര്യം മറന്നു. ഗോൾ പോസ്റ്റിലേക്ക് കൃത്യമായ ഒരു ഷോട്ടുതിർത്തത് ഒരു തവണയാണ്. ഫിനിഷിങ്ങിലെ പോരായ്മക്കൊപ്പം മൊറോക്കയുടെ ഉഗ്രൻ പ്രതിരോധവും മുൻചാമ്പ്യൻമാർക്ക് വിനയായി.

അധികസമയത്തിന്‍റെ ആദ്യപകുതിയിൽ മൊറോക്കോയുടെ വാലിദ് ഷെദീരക്കും .രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അവസാന സെക്കൻഡുകളിൽ സ്പെയിനിന്റെ പാബ്ലോ സബാറിയക്കും ഉഗ്രൻ അവസരങ്ങൾ കിട്ടി. ഷെദീരയുടെ ഷോട്ട് സ്പാനിഷ് ഗോളി സൈമണിന്റെ കാലിൽ തട്ടി പോയി. സബാറിയയുടെ ഷോട്ട് ഗോൾപോസ്റ്റിൽ തട്ടിത്തെറിച്ചു.അതിനു മുന്പ് ഡാനി ഓൽമോയുടെയും മസ്രൗയിയുടെയും നല്ല ശ്രമങ്ങൾ അതത് ഗോളിമാരുടെ ശ്രദ്ധയിൽ പരാജയപ്പെട്ടു.ഷൂട്ടൗട്ടിൽ  കാർലോസ് സോളറെടുത്ത രണ്ടാമത്തെ കിക്കും ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സിന്‍റെ മൂന്നാം കിക്കും രക്ഷപ്പെടുത്തിയ യാസിൻ ബോനു ടീമിന് ചരിത്രത്തിലേക്ക് വാതിൽ തുറന്നു. മൊറോക്കോയുടെ വിജയം നിശ്ചയിച്ച അവസാന പെനാൽറ്റിയെടുത്ത് സ്പെയിനിൽ ജനിച്ച് പിന്നെ മൊറോക്കോയിലേക്ക് കുടിയേറിയ അഷ്റഫ് ഹക്കിമി. നാലാംതവണയും ലോകകപ്പിൽ സ്പെയിനിന് പെനാൽറ്റി ഷൂട്ടൊട്ടിൽ തോൽവി.

FIFA World Cup 2022: Spain vs Morocco and Portugal vs Switzerland pre quarter analysis

പെഡ്രി, ഗാവി തുടങ്ങിയ മിടുക്കൻ പ്രതിഭകളും ടോറസ്, ബുസ്ക്വെറ്റ്സ് തുടങ്ങിയ പരിചയസമ്പന്നരും ..കടലാസിൽ ഇത്രയും നല്ല കോംബിനേഷൻ. പക്ഷേ പന്ത് കൃത്യമായി തട്ടിക്കളിച്ചതു കൊണ്ട് കാര്യമില്ലെന്ന് സ്പെയിൻ തിരിച്ചറിയേണ്ടിയിരിക്കുന്നു. അതല്ലായിരുന്നുവെങ്കിൽ കടലാസിലും കണക്കിലും വിരിഞ്ഞ കവിത, മൈതാനത്തും വിരിഞ്ഞേനെ.
 
ക്വാർട്ടറിൽ മൊറോക്കോ നേരിടേണ്ടത് പോർച്ചുഗലിനെയാണ്. അവരെത്തുന്നത് നന്നായി കളിക്കുന്ന സ്വിറ്റ്സർലൻഡിനെ 6-1ന് തോൽപ്പിച്ചിട്ട്. സൂപ്പർ താരം സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനായി മൈതാനത്ത് ആദ്യ ഇലവനിൽ ആദ്യമായി ഇറങ്ങിയ ഗോൺസാലോ റാമോസ് കോച്ചിന്രെ തീരുമാനം ശരിയെന്ന് തെളിയിച്ചു. വെറുതെ തെളിയിക്കലല്ല, അതിഗംഭീരമായി തെളിയിച്ചു. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്. 17, 51, 67 മിനിറ്റുകളിൽ.

FIFA World Cup 2022: Spain vs Morocco and Portugal vs Switzerland pre quarter analysis

തല മുതിർന്ന താരം പെപ്പെയുടെ വക രണ്ടാം ഗോൾ പിറന്നത് 33ആം മിനിറ്റിൽ. 39 വർഷവും 283 ദിവസവുമാണ് പെപ്പെയുടെ പ്രായം. അതിലെന്ത് എന്ന മട്ടിൽ ബ്രൂണോ ഫെർണാണ്ടസ് ഉയർത്തിവിട്ട പന്ത് തല  കൊണ്ട് ഒരൊറ്റയടി. തന്‍റെ രണ്ടാമത്തെ ഗോൾ, ടീമിന്‍റെ മൂന്നാമത്തെ ഗോളുമടിച്ച് റാമോസ് നാല് മിനിറ്റിനകം കൊടുത്ത ഉഗ്രൻ പാസിൽ നിന്ന് 55ാം മിനിറ്റിൽ റാഫെൽ ഗുറേയ്റോയുടെ ഗോൾ. പിന്നെ ഗുറേയ്റോയുടെ പാസിൽ നിന്ന് റാഫേൽ ലിയോ ആറും തികച്ചു.തികച്ചും അപ്രതീക്ഷിതമായിരുന്നു സ്വിസ് ടീം നേടിയ ആശ്വാസഗോൾ. മാനുവൽ അകാൻജിയാണ് സ്കോറർ.

1966നും 2006  നും ശേഷം പോർച്ചുഗൽ ഇതാദ്യമായി ക്വാർട്ടറിലെത്തുന്നത് ഒട്ടേറെ നേട്ടങ്ങളുടെ അധികത്തിളക്കത്തോടെയാണ്. നോക്കൊട്ട് റൗണ്ടിലെ ഗോളടിക്കാരുടെ കൂട്ടത്തിൽ പ്രായക്കണക്കുകളുടെ റെക്കോ‍‍ഡ് പെപ്പെക്കും റാമോസിനും. 21 വർഷം 169 ദിവസം എന്ന പ്രായക്കണക്കിൽ റാമോസ്  പെലെക്ക് ശേഷം ലോകകപ്പിൽ ഹാട്രിക് അടിക്കുന്ന ഇളയവനാണ്.

2008ന് ശേഷം ഇതാദ്യമായി റൊണാൾഡോ ഇല്ലാതെ ആദ്യ ഇലവനെ ഇറക്കാൻ തീരുമാനിച്ച ധൈര്യശാലിയാണ് പോർച്ചുഗൽ കോച്ച് ഫെർനാണ്ടോ സാന്റോസ്. അതേസമയം രണ്ടാംപകുതിയിൽ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള, ടീമിന്റെ പോസ്റ്റർ ബോയ് ആയ റൊണാൾഡോ പ്രതിഭയെ കളിപ്പിക്കാനുള്ള മര്യാദയും ബുദ്ധിയും ആദരവും സാന്റോസ് കാണിച്ചു. ലോകകപ്പ് വേദിയിലെ നിർണായക മത്സരത്തിൽ കളിക്കുക എന്നത്  മനോഹരമായ സുപ്രധാനമായ അവസരം.

FIFA World Cup 2022: Spain vs Morocco and Portugal vs Switzerland pre quarter analysis

മഹാരഥൻമാരുടെ പകരക്കാരായിട്ടാണ് ആ അവസരം എന്നത് ഉത്തരവാദിത്തവും സമ്മർദവും ഏറ്റും. മനോഹരമായി കളിച്ച്,  കോച്ചിന്റെ വിശ്വാസം കാത്ത, ഏറ്റവും നല്ല ഗോളുകളടിച്ച് ടീമിന് വിജയവും ചരിത്രത്തിൽ സ്വന്തമായ ഇരിപ്പിടവും നേടിയെടുത്ത റാമോസ് എന്ന 21 കാരൻ സ്ട്രൈക്ക‍‍ർ. കരുത്തൻമാരാണ്, അനുഭവസമ്പത്ത് കൂടുതലുല്ളവരാണ് മുന്നിൽ എന്ന സമ്മർദം ബലഹീനതയാകാതെ സമചിത്തതയോടെ ടീമിന്റെ വലയം കാത്ത്  രണ്ട് നിർണായക സേവുകൾ നടത്തി പെനാൽറ്റി ഷൂട്ടൗട്ടിൽ ജയിക്കുന്ന ആദ്യ ആഫ്രിക്കൻ ടീമായി മൊറോക്കോയെ മാറ്റിയ ഗോൾകീപ്പർ യാസിൻ ബോനു  എന്ന 31 കാരൻ. കലണ്ടർ കണക്കിൽ ഒരു ദശാബ്ദത്തിന്റെ വ്യത്യാസവും രാജ്യത്തിന്‍റെ വിജയമെന്ന ലക്ഷ്യത്തിനുള്ള പോരാട്ടവീര്യത്തിൽ  തുല്യതയും പാലിക്കുന്ന രണ്ട് പ്രതിഭകൾക്കായി ഇന്നത്തെ കുതിരപ്പവൻ വീതിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios