ഇനിയാണ് പൂരം, ക്വാര്‍ട്ടര്‍ കടമ്പ കടക്കുക ആരൊക്കെ?; ബ്രസീല്‍-അര്‍ജന്‍റീന സ്വപ്നസെമി ഉണ്ടാവുമോ എന്ന് ഇന്നറിയാം
കാത്തിരിക്കാം, എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടാൻ, സ്വപ്നസെമി ഉണ്ടാകുമോ എന്നറിയാൻ. നെതർലൻഡ്സ് പഴയ ഗരിമയിലേക്ക് തിരിച്ചെത്തുമോ എന്നറിയാൻ. പോർച്ചുഗൽ പുതിയ സ്വപ്നത്തിലേക്ക് നടക്കുമോ എന്നറിയാൻ. മൊറോക്കോ ഇനിയും പുതിയ ചരിത്രമെഴുതുമോ എന്നറിയാൻ.
ദോഹ: ആവേശമേറിയ ക്വാർട്ടർഫൈനൽ മത്സരങ്ങൾ തുടങ്ങാൻ മണിക്കൂറുകൾ മാത്രം. ആദ്യം ബ്രസീലും ക്രൊയേഷ്യയും. പിന്നെ നേർക്കുനേർ അർജന്‍റീനയും നെതർലൻഡ്സും. രണ്ടാംദിവസം മൊറോക്കോയും പോർച്ചുഗലും തമ്മിൽ. പിന്നെ ഫൈനലിന് മുമ്പുള്ള ഫൈനലായി വാഴ്ത്തപ്പെടുന്ന മത്സരം, ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ. ബ്രസീൽ അർജന്‍റീന സെമി സ്വപ്നം കണ്ടും മൊറോക്കോ ചരിത്രമെഴുതുമെന്ന് വാതുവെച്ചും റൊണാൾഡോ കപ്പുയർത്തി വിടവാങ്ങുമെന്ന് പ്രതീക്ഷിച്ചുമെല്ലാം ആരാധകർ ഉഷാറായി കാത്തിരിക്കുന്നു, ആവേശകരമായ മത്സരങ്ങൾക്കായി.
നിലവിലുള്ള ചാമ്പ്യൻമാരായ ഫ്രാൻസും ഫുട്ബോളിന്റെ തലതൊട്ടപ്പൻമാരായ ഇംഗ്ലണ്ടും പത്ത് വർഷത്തിന് ശേഷമാണ് മൈതനാത്ത് ഏറ്റുമുട്ടുന്നത്. ലോകകപ്പ് നോക്കൗട്ടിൽ ഇതാദ്യം. ലോകകപ്പ് വേദിയിൽ ഇതിന് മുനമ്പ് രണ്ട് ടീമും മത്സരിച്ചത് 1982ലാണ്. പിന്നെ 1966ൽ. ഏകകിരീടം നേടിയ യാത്രയിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ട് തോൽപിച്ച ടീമുകളിലൊന്ന് ഫ്രാൻസാണ്. അതേസമയം 2006ൽ ബ്രസീൽ എത്തിയതിന് ശേഷം നിലവിലെ ചാമ്പ്യൻമാർ ക്വാർട്ടറിൽ എത്തുന്നത് ഇപ്പോഴാണ്. മത്സരം കടുപ്പമേറിയതായിരിക്കുമെന്ന് രണ്ട് ടീമുകളും പരസ്പരം ബഹുമാനത്തോടെ സമ്മതിക്കുന്നു.
ഖത്തറിൽ രണ്ട് കൂട്ടരും നന്നായി കളിച്ചു. ലേശം മുൻതൂക്കം ഫ്രാൻസിനുണ്ട്. കിടിലൻ ഫോമിലുള്ള എംബപ്പെ നയിക്കുന്ന, ഗ്രീസ്മാനും ജിറൂദുമൊക്കെയുള്ള നിര ഗംഭീരമാണ്. മറുവശത്ത് ഇംഗ്ലണ്ടും മോശമല്ല. ഹാരി കെയ്നേയും മഗ്വെയറിനെയും പോലുള്ളവർക്കൊപ്പം യുവത്വത്തിന്‍റെ മുഴുവൻ ഊർജവുമായി ബില്ലിങ്ഹാം, സാക, റാഷ്ഫോഡ്. തുടർച്ചയായി രണ്ട് ലോകകപ്പിൽ ഇംഗ്ലണ്ടിനെ സെമിയിലെത്തിക്കാൻ സൗത്ത്ഗേറ്റിന് കഴിയുമോ? ദെഷാംപ്സ് പുതിയ ചരിത്രമെഴുതുന്നതിലേക്ക് ഒരു ചുവട് കൂടി വെക്കുമോ? കാത്തിരിക്കാം.
ക്വാർട്ടർ ഫൈനലിലെ ഏക ആഫ്രിക്കൻ പ്രതിനിധിയാണ് മൊറോക്കോ ക്വാർട്ടറിൽ എത്തിയത് സ്പെയിനെ തോൽപിച്ചിട്ടാണ്. നിലവിലെ റണ്ണറപ്പായ ക്രൊയേഷ്യയും ബെൽജിയവും കാനഡയും ഉൾപെട്ട ഗ്രൂപ്പിൽ ചാമ്പ്യൻമാരായി, പ്രീക്വാർട്ടറിൽ മുൻചാമ്പ്യൻമാരായ സ്പെയിനെ ഞെട്ടിച്ച് ക്വാർട്ടറിൽ എത്തിയവർ. തോൽവിയറിയാതെ എത്തിയവർ. ഗ്രൂപ്പ് മത്സരങ്ങളിൽ ഒരൊറ്റ ഗോൾ മാത്രം വഴങ്ങിയ പ്രതിരോധം. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമാവുക എന്ന സ്വപ്നം കാണാൻ എന്തുകൊണ്ടും അർഹർ. ക്വാർട്ടർഫൈനലിലെത്തന്ന ആദ്യ ആഫ്രിക്കൻ കോച്ചായ വാലിദ് റെഗ്രാഗ്വിയും പിന്നെ ഹക്കിമിയും അമ്രബത്തും ബോനോയുമെല്ലാം എന്ത് അത്ഭുതമാണ് കാത്തുവെച്ചിരിക്കുന്നത്?.
രണ്ട് തവണയും ക്വാർട്ടറിൽ കാലിടറിയ പോർച്ചുഗൽ മൂന്നാംതവണ ഉറപ്പിച്ചാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ കപ്പുമായി മടങ്ങണമെന്ന് ആഗ്രഹിക്കുന്നു. വിടവാങ്ങൽ ലോകകപ്പ് ആയേക്കും എന്നതുകൊണ്ട് മാത്രമല്ല അത്. തന്റെ കാലം കഴിഞ്ഞെന്ന് പറയുന്നവർക്ക് മറുപടി പറയാൻ കൂടിയാണ്. റൊണാൾഡോക്ക് ശേഷവും പോർച്ചുഗലിന്റെ ഭാവി തിളക്കമുണ്ടെന്ന് തെളിയിച്ച ടൂർണമെന്റ് കൂടിയാണ്. ബ്രൂണോ ഫെർണാണ്ടസും ഗോൺസാലോ റാമോസും ഗുറെയ്റോയും റാഫെൽ ലിയോയുമെല്ലാം നിൽക്കുന്ന നിര ശക്തമാണ്.
ലാറ്റിനമേരിക്കൻ ശക്തികളുടെ സെമി എന്ന ആരാധകപ്രതീക്ഷയിലെത്താൻ അർജന്റീനക്ക് നെതർലൻഡ്സിനെ തോൽപിക്കണം. രണ്ട് ടീമും ലോകകപ്പിൽ മുഖാമുഖം എത്തുന്നത് ഇതാദ്യമല്ല.ആറാംതവണയാണ്. അതിൽ 1978ലെ കലാശപ്പോരുണ്ട്, 2014ലെ സെമിയുണ്ട്. രണ്ട് തവണയും ജയിച്ചത് അർജന്റീന. ചരിത്രത്തിലെഴുതിച്ചേർക്കപ്പെട്ട ഒരു സുന്ദരനിമിഷവും ഉണ്ട് രണ്ട് കൂട്ടരും കണ്ടുമുട്ടിയപ്പോൾ. 1998ലായിരിന്നു അത്. അന്ന് അവസാനമിനിറ്റിൽ ഡെനിസ് ബെർഗ്കാംപ് അടിച്ച മനോഹരമായ ഗോളിന് നെതർലൻഡ്സ് സെമിയിലെത്തി. അന്നും കപ്പ് നെതർലൻഡ്സിന്‍റെ കയ്യിൽ നിന്ന് വഴുതിമാറി. ബെർഗ്കാംപിനോ, വാൻബാസ്റ്റനോ, സാക്ഷാൽ ക്രൈഫിനോ സാധിക്കാതെ പോയ കിരീടനേട്ടം വാൻഡൈക്കും കൂട്ടരും സാക്ഷാത്കരിക്കുമോ? ടോട്ടൽ ഫുട്ബോളിന് ലോകകപ്പ് കിരീടമെന്ന അംഗീകാരം കിട്ടുമോ? ഉത്തരം അനിശ്ചിതവും വാശിയേറിയതുമായ പോരാട്ടത്തിനൊടുവിലേ കിട്ടു. കാരണം, വലിയ ബഹളവും ആർപ്പുവിളികളും ഒന്നുമില്ലാതെ വന്ന ഓറഞ്ച് പട, ഓരോ കളിയിലും മെച്ചപ്പെട്ട് മെച്ചപ്പെട്ട് ഉഷാറായി ഉഷാറായിട്ടാണ് ക്വാർട്ടറിലെത്തിയത്.
അവസന എട്ടിലെത്തും വഴി ആകെ വഴങ്ങിയത് രണ്ട് ഗോൾ എന്നത് വെളിപ്പെടുത്തുന്നത് പ്രതിരോധനിരയുടെ മികവ്. പോരാടാനുറച്ച ഗാക്പോയും ക്ലാസനും ഡെംഫ്രീയും ഡിപെയും. അവസാന ലോകകപ്പാണ്, കിരീടവുമായി മടങ്ങണമെന്ന ലിയോണൽ മെസ്സിയുടെ സ്വപ്നം നടക്കാൻ അർജന്റീന നന്നായി കളിക്കണമെന്ന് ചുരുക്കം. കഴിഞ്ഞ വർഷം നേടിയ കോപ്പ അമേരിക്ക കപ്പിന് പിന്നാലെ ലോകകപ്പ് കൂടി നാട്ടിലെത്തിക്കാൻ കഴിഞ്ഞാൽ മെസ്സിയുടെ നേട്ടങ്ങളുടെ നീണ്ട പട്ടികക്ക് അതൊരു മകുടം ചാർത്തലാകും. ആദ്യത്തെ കാലിടറലിന് ശേഷം അർജന്‍റീന ഉഷാറായിട്ടാണ് കളിച്ചത്. വീര്യത്തോടെ, ഒത്തിണക്കത്തോടെയാണ് കളിച്ചത്. മെസി അച്ചുതണ്ടാകുമ്പോഴും എൻസോയും അൽവാരെസും മാർട്ടിനെസുമെല്ലാം ഉഷാറാണ്. ക്യാൻസറിനോട് പടവെട്ടമ്പുോഴും കോച്ചായി തുടരുന്ന കാരണവർ ലൂയിവാൻഗാലിന് നല്ല സമ്മാനം കൊടുക്കാൻ നെതർലൻഡ്സ് ടീമിന് കഴിയുമോ? സ്കലോനിക്ക് കോർത്തിണക്കം ആവർത്തിക്കാൻ കഴിയമോ? കാത്തിരിക്കാം.
20 കൊല്ലമായി യൂറോപ്പ് കയ്യടക്കി വെച്ചിരിക്കുന്ന ലോകകപ്പ് ഇക്കുറി തിരിച്ചെടുക്കുമെന്ന് ഉറച്ചാണ് അഞ്ച് വട്ടം ചാമ്പ്യൻമാരായ ബ്രസീൽ. ഏറ്റവും കോർത്തിണക്കമുള്ള ഉഗ്രൻ ടീമാണ് എന്നത് അവർക്ക് ആത്മവിശ്വാസമേറ്റുന്നു. ഖത്തറിലെത്തിയ 26 പേരെയും കളിപ്പിച്ച ഏക ടീമാണ് ബ്രസീൽ. പരിക്ക് മാറിയെത്തിയ നെയ്മർ, രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ച പെലെയുടെ റെക്കോഡിന് ഒറു ഗോൾ മാത്രം അകലെയാണ്. ഈ ടൂർണമെന്റിലെ ഏറ്റവും സുന്ദരമായ ഗോളടിച്ച റിച്ചാർലിസൺ, മധ്യനിരയിലെ തന്ത്രജ്ഞൻ കാസിമെറോ, പറന്നുകളിക്കുന്ന വിനീസ്യസ് ജൂനിയർ, ഗോൾവല കാക്കുന്ന ബക്കർ, കാരണവർ ഡാനി ആൽവെസ്, പക്വെറ്റ.പക്വമതിയായ തിയാഗോ സിൽവയുടെ ടീം മികച്ച കോംബിനേഷനാണ്. അതേസമയം ക്രൊയേഷ്യ മോശക്കാരല്ല. നിലവിലെ റണ്ണറപ്പായ അവർ വിയർത്തുകളിച്ചാണ് ക്വാർട്ടറിലെത്തിയത്.
മധ്യനിരയിൽ 37ലും ഉഷാറ് കുറയാത്ത ലൂക്ക മോഡ്രിച്ച് നയിക്കുന്ന ടീമിന്‍റെ ഏറ്റവും വലിയ ഊർജം തോൽക്കാനില്ലെന്ന മനസ്സാണ്. സമ്മർദമാണ് അവരെ ഉഷാറാക്കുക. പൊരിഞ്ഞു കളിച്ച ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടക്കാൻ അവർക്ക് കഴിഞ്ഞത് അതുകൊണ്ടാണ്. മോഡ്രിച്ചിനൊപ്പം പെരിസിച്ചും ക്രമാരിച്ചും ബാരിസിച്ചും എല്ലാം ഉൾപെടുന്ന സുവർണ തലമുറക്ക് തെളിയിച്ച് വേണം മടങ്ങാൻ. ടീമിനെ ആദ്യമായി ഫൈനലിലെത്തിച്ച സ്ലാറ്റ്കോ ഡാലിച്ചിനും അത് അങ്ങനെ തന്നെ. ടിറ്റെക്കാണെങ്കിലും ജയിച്ചേ മതിയാകൂ, നേടിയേ മതിയാകൂ. അതുകൊണ്ട് ആദ്യ ക്വാർട്ടറും പൊടിപാറും.
കാത്തിരിക്കാം, എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടാൻ, സ്വപ്നസെമി ഉണ്ടാകുമോ എന്നറിയാൻ. നെതർലൻഡ്സ് പഴയ ഗരിമയിലേക്ക് തിരിച്ചെത്തുമോ എന്നറിയാൻ. പോർച്ചുഗൽ പുതിയ സ്വപ്നത്തിലേക്ക് നടക്കുമോ എന്നറിയാൻ. മൊറോക്കോ ഇനിയും പുതിയ ചരിത്രമെഴുതുമോ എന്നറിയാൻ. ചാമ്പ്യൻമാർ കിരീടം നിലനിർത്തുന്നതിലേക്ക് ഒരടി കൂടി നടക്കുമോ എന്നറിയാൻ. മൂന്ന് സിംഹങ്ങൾ ഗർജിക്കുമോ എന്നറിയാൻ. ക്രൊയേഷ്യ വീണ്ടും ഞെട്ടിക്കുമോ എന്നറിയാൻ. കാണാം, നല്ല മത്സരങ്ങൾ, വാശിയേറിയ പോരാട്ടങ്ങൾ. അറിയാം എല്ലാ ചോദ്യങ്ങൾക്കും ഉത്തരം.