ഖത്തര്‍ ലോകകപ്പ്: കിരീട സാധ്യതയുള്ള നാലു ടീമുകളെ തെരഞ്ഞെടുത്ത് മെസി, ഇംഗ്ലണ്ടിന് സ്ഥാനമില്ല
സ്പാനിഷ് താരങ്ങളുടെ കാലിൽ നിന്ന് പന്ത് തട്ടിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പന്ത് കൈവശം വച്ച് സ്പാനിഷ് താരങ്ങൾ എതിരാളികളെ നിരായുധരാക്കും. തോൽപിക്കാൻ പ്രയാസമുള്ള ടീമാണ് സ്പെയിനെന്നും മെസി പറഞ്ഞു.
ദോഹ: ഖത്തർ ലോകകപ്പിൽ അര്‍ജന്‍റീന ഉള്‍പ്പെടെ നാല് ടീമുകൾക്കാണ് കിരീട സാധ്യതയെന്ന് അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസി. ഓസ്ട്രേലിയയെ തോൽപിച്ച് അർജന്‍റീന ക്വാർട്ടർ ഫൈനൽ ഉറപ്പാക്കിയതിന് പിന്നാലെയാണ് ലിയോണൽ മെസിസ്സി ഖത്തറിൽ കിരീട സാധ്യത നാലുടീമുകളിലേക്ക് ചുരുക്കിയത്.
അർജന്‍റീന പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയെന്നും ഓസ്ട്രേലിയക്കെതിരായ വിജയം ടീമിന്‍റ ആത്മവിശ്വാസം വർധിപ്പിച്ചുവെന്നും മെസി പറയുന്നു. അർജന്‍റീനയെ കൂടാതെ ബ്രസീൽ, ഫ്രാൻസ്, സ്പെയ്ൻ എന്നിവരെയാണ് മെസി സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാമറൂണിനോട് തോറ്റെങ്കിലും ബ്രസീൽ നന്നായി കളിക്കുന്നുണ്ട്. ഫ്രാൻസ് ആധികാരികമായാണ് മുന്നോട്ട് പോകുന്നത്. ജപ്പാനോട് തോറ്റെങ്കിലും സ്പെയ്നും കരുത്തർ തന്നെ.
സ്പാനിഷ് താരങ്ങളുടെ കാലിൽ നിന്ന് പന്ത് തട്ടിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പന്ത് കൈവശം വച്ച് സ്പാനിഷ് താരങ്ങൾ എതിരാളികളെ നിരായുധരാക്കും. തോൽപിക്കാൻ പ്രയാസമുള്ള ടീമാണ് സ്പെയിനെന്നും മെസി പറഞ്ഞു. മികച്ച താരങ്ങളുള്ള ജർമ്മനി ആദ്യ റൗണ്ടിൽ തന്നെ പുറത്തായത് തന്നെ ഞെട്ടിച്ചുവെന്നും മെസി പറഞ്ഞു. ജര്‍മനിയുടെ പുറത്താകല്‍ ശരിക്കും എന്നെ അത്ഭുതപ്പെടുത്തി.കാരണം അവര്‍ക്ക് നിരവധി മികച്ച താരങ്ങളുണ്ട്. ജര്‍മനി എക്കാലത്തും മികച്ച പ്രകടനം നടത്തുന്ന ടീമാണ്. അതുകൊണ്ടുതന്നെ അവര്‍ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുക എന്നത് എന്നെ അത്ഭുതപ്പെടുത്തി.
എന്നാലിത് ലോകകപ്പാണെന്നും, ഇവിടെ പേരിനും പെരുമക്കുമൊന്നും സ്ഥാനമില്ലെന്നും പറഞ്ഞ മെസി, ഗ്രൗണ്ടിലെ പ്രകടനമാണ് വിജയികളെ നിശ്ചിക്കുന്നതെന്നും പറഞ്ഞു. ലോകകപ്പിന് മുൻപ് മെസി അർജന്‍റീനയെ കിരീട സാധ്യതയുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. അന്ന് ബ്രസീലിനും ഫ്രാൻസിനുമാണ് മെസി സാധ്യത കൽപിച്ചിരുന്നത്. എന്നാല്‍ മികച്ച രീതിയില്‍ കളിക്കുന്ന ഇംഗ്ലണ്ടിനെ മെസി കിരീട സാധ്യതയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.