എംബാപ്പെയെ തടയാന്‍ അറിയാമെന്ന് കെയ്ല്‍ വാക്കര്‍, തടഞ്ഞു കാണിക്കട്ടെയെന്ന് ഫ്രഞ്ച് താരം
ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടത്തില്‍ കിലിയന്‍ എംബാപ്പെയായിരിക്കും ഇംഗ്ലണ്ടിന് ഏറ്റവും കൂടുതല്‍ ഭീഷണിയാകുക എന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ എംബാപ്പെയെ തടയാനുള്ള ഉത്തരവാദിത്തം ഇംഗ്ലണ്ട് ഏല്‍പ്പിച്ചിരിക്കുന്നത് കെയ്ല്‍ വാക്കറിലാണ്.
ദോഹ: ലോകകപ്പ് ഫൈനലിന് മുമ്പുള്ള ഹൈ വോള്‍ട്ടേജ് പോരെന്ന് വിശേഷിപ്പക്കപ്പെടുന്ന പോരാട്ടമാണ് നാളെ നടക്കുന്ന ഇംഗ്ലണ്ട്-ഫ്രാന്‍സ് ക്വാര്‍ട്ടര്‍ പോരാട്ടം. ഈ ലോകകപ്പില്‍ സ്ഥിരതയാര്‍ന്ന പ്രകടനവുമായി എത്തുന്ന ഇംഗ്ലണ്ടും പോഗ്ബയും ബെന്‍സേമയും കാന്‍റെയും അടക്കമുള്ള സൂപ്പര്‍ താരങ്ങളില്ലാതിരുന്നിട്ടും എതിരാളികളെ ഭയപ്പെടുത്തുന്ന രീതിയില്‍ കളിക്കുന്ന നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സും തമ്മിലുള്ള പോരാട്ടം ഫൈനലിന് മുമ്പുള്ള ഫൈനല്‍ എന്നുപോലും വിശേഷിപ്പിക്കപ്പെട്ടു കഴിഞ്ഞു.
ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടത്തില്‍ കിലിയന്‍ എംബാപ്പെയായിരിക്കും ഇംഗ്ലണ്ടിന് ഏറ്റവും കൂടുതല്‍ ഭീഷണിയാകുക എന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ എംബാപ്പെയെ തടയാനുള്ള ഉത്തരവാദിത്തം ഇംഗ്ലണ്ട് ഏല്‍പ്പിച്ചിരിക്കുന്നത് കെയ്ല്‍ വാക്കറിലാണ്.
എംബാപ്പെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണെങ്കിലും നാളത്തെ പോരാട്ടത്തില്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് വാക്കര്‍ പറഞ്ഞിരുന്നു. എംബാപ്പെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ്. അദ്ദേഹത്തെ തടേയേണ്ടത് എങ്ങനെയാണെന്ന് എനിക്കറിയാം. പറയുന്നതുപോലെ അതത്ര എളുപ്പമാവില്ല എന്നും. എന്നാലും എന്നെ ഞാന്‍ വിലകുറച്ചു കാണുന്നില്ല. നാളത്തെ മത്സരത്തില്‍ എംബാപ്പെക്ക് എന്തായാലും ചുവുപ്പു പരവതാനി വിരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല, എന്നെ മറികടന്ന് പറ്റുമെങ്കില്‍ സ്കോര്‍ ചെയ്യട്ടെ എന്നായിരുന്നു വാക്കറുടെ പ്രസ്താവന.
എന്നാല്‍ വാക്കറുടെ പ്രസ്താവന ചിരിച്ചു തള്ളുന്നുവെന്ന് ഫ്രഞ്ച് താരം യൂസൗഫ് ഫൊഫാന പറഞ്ഞു ഫ്രഞ്ച് ലീഗിലെ 19 ടീമുകളും ചാമ്പ്യന്‍സ് ലീഗിലെ മറ്റ് ടീമുകളും വിചാരിച്ചിട്ട് കഴിയാത്തത് അദ്ദേഹത്തിന് പറ്റുമെങ്കില്‍ ചെയ്തു കാണിക്കട്ടെ എന്നും ഫ്രാന്‍സിന് എംബാപ്പെയില്‍ വിശ്വാസമുണ്ടെന്നും ചിരിയോടെ ഫൊഫാന പറഞ്ഞു. ലോകകപ്പില്‍ അഞ്ച് ഗോളുകളുമായി ടോപ് സ്കോററാണ് ഇപ്പോള്‍ എംബാപ്പെ. വിംഗുകളിലൂടെ അതിവേഗം ഓടിയെത്തുന്ന എംബാപ്പെയുടെ വേഗവും ഫിനിഷിംഗും എതിരാളികള്‍ക്ക് തലവേദനയായിരുന്നു.