കാലിടറിയവര്‍, കണക്കുതെറ്റിച്ചവര്‍, കരുതലെടുത്തവര്‍; ഖത്തറില്‍ ആരാധകരെ ത്രസിപ്പിച്ച സുന്ദര നിമിഷങ്ങള്‍
ഗോളടിച്ചവരുടെയും ഗോളടിപ്പിക്കാതിരുന്നവരുടെയും മാത്രമായിരുന്നില്ല സംഭാവന. മധ്യനിരയിൽ തന്ത്രങ്ങള്‍ മെനഞ്ഞ ബെല്ലിങ്ഹാം, ക്ലാസൻ, കാസിമെറോ തുടങ്ങിയവരും ടീമിനെ ജയിപ്പിച്ചവരാണ്. ഇനി കാത്തിരിക്കാം. എട്ടിൽ നിന്ന് നാലായി ചുരുങ്ങുന്ന പട്ടികയിലേക്കുള്ള യാത്രയിൽ വിരിയുന്ന സുന്ദരമുഹൂർത്തങ്ങൾക്കായി.
ദോഹ: ബ്രസീൽ, ക്രൊയേഷ്യ, അർജന്‍റീന, നെതർലൻഡ്സ്, ഇംഗ്ലണ്ട് ഫ്രാൻസ്, പോർച്ചുഗൽ മൊറോക്കോ എല്ലാ ഗ്രൂപ്പ് മത്സരവും ജയിച്ചിട്ടില്ല എട്ട് ടീമും ക്വാർട്ടറിലെത്തിയത്. ആദ്യഘട്ടത്തിലേറ്റ ഞെട്ടിക്കുന്ന തോൽവിയിൽ നിന്നുള്ള തിരിച്ചറിവും മുന്നൊരുക്കവും എട്ടു ടീമിന്‍റെയും പ്രീക്വാർട്ടർ കളിയിൽ മിന്നിത്തെളിഞ്ഞു. എക്കാലത്തും ലോകകപ്പ് വേദികളിലെ ഫേവറിറ്റുകളായ ബ്രസീൽ ഇക്കുറി ഒരുങ്ങിത്തന്നെയാണ്. യൂറോപ്യൻ ടീമുകൾ കുറച്ചുകാലമായി കുത്തകയാക്കിയിരിക്കുന്ന ചാമ്പ്യൻഷിപ്പ് ആറാം കിരീടത്തോടെ തിരിച്ചുപിടിക്കണമെന്ന് ഉറച്ചാണവർ. കാമറൂൺ ഒന്ന് ഞെട്ടിച്ചു. ശരിയാണ്. അപ്പോഴും ഒരു പോലെ മികവുറ്റ മുന്നേറ്റനിരയും മധ്യനിരയും പ്രതിരോധവും.
സാംബ താളത്തിൽ കോർത്തിണക്കിയാണ് ടിറ്റെയുടെ ടീം എത്തിയിരിക്കുന്നത് എന്നതിൽ രണ്ടഭിപ്രായമില്ല. ടൂർണമെന്‍റിലെ ഏറ്റവും മികച്ച ഗോൾ സമ്മാനച്ചത് റിച്ചാർലിസൻ. സെർബിയക്ക് എതിരെ തികഞ്ഞ അഭ്യാസിയെ പോലെ അടിച്ച ഗോൾ. പ്രീ ക്വാർട്ടറിൽ ദക്ഷിണകൊറിയക്ക് എതിരെ റിച്ചാർലിസൻ അടിച്ചതും സുന്ദരമായ ഗോൾ. ഏറ്റവും നല്ല കാഴ്ചയും ബ്രസീൽ വക, കൊറിയക്ക് എതിരെ ഓരോ ഗോളടിച്ചപ്പോഴും ഓരോ താളത്തിൽ ആഘോഷം. ഗൗരവക്കാരനായ ടിറ്റേ കൂടി ചുവട് വെച്ചപ്പോൾ സംഗതി ജോർ.
മറഡോണ അവതരിച്ച കാലം മുതൽ ഫുട്ബോൾ പ്രേമികളുടെ പ്രിയങ്കരമായ അർജന്‍റീനയെ ആദ്യം സൗദി അറേബ്യ ഒന്ന് വിറപ്പിച്ചു. കാൽപന്തുകളിയിലെ സൗന്ദര്യവും സിദ്ധിയുമായി അവർ തിരിച്ചെത്തി. പ്രതിഭാസ്പർശം ആവോളമുള്ള അവരുടെ നായകൻ ലിയോണൽ മെസി മെക്സിക്കോക്ക് എതിരെ മുന്നിലെത്തിച്ച ഗോൾ നേടിയത് അതിസുന്ദരമായി. അതിലും സുന്ദരമായ മറ്റൊരു ഗോൾ പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിക്ക് എതിരെ. ലോകകപ്പ് വേദിയിലെ മെസിയുടെ ഒമമ്പതാമത് ഗോൾ, നോക്കൗട്ട് ഘട്ടത്തിലെ ആദ്യത്തേത് മെസി അവിസ്മരണീയമാക്കി. പ്രതിരോധനിരയുടെ കാവൽക്കാരെ വെട്ടിക്കാനെടുത്ത കൃത്യത ഗണിത സമവാക്യങ്ങളെ മറികടക്കുന്നതെന്ന് നിരൂപകർ വാഴ്ത്തി.
നെതർലൻഡ്സ് ഗ്രൂപ്പ് മത്സരത്തിൽ ഒന്നിൽ പോലും തോറ്റില്ല. ഇക്വഡോറിനോട് സമനില വഴങ്ങിയെന്നേ ഉള്ളൂ. മൂന്ന് മത്സരങ്ങളിലും ടീമിനെ മുന്നിലെത്തിച്ചത് ഒരു യുവതാരമാണ്. ഗാക്പോ. മൂന്നിൽ മികച്ചത് സെനഗലിന് എതിരെ നേടിയത്. ഗോളടിപ്പിക്കില്ലെന്ന് ഉറപ്പിച്ച് കളിച്ച ആഫ്രിക്കൻ കരുത്തൻമാരുടെ കരുത്തിന് ഗാക്പോ മറുപടി നൽകിയത് 84ആം മിനിറ്റിലെ ഹെഡറിലൂടെ. പന്തും പിന്നെ പോസ്റ്റിനെ കുറിച്ചുള്ള മനക്കണക്കും മാത്രം മനസ്സിലൂന്നി തലതിരിച്ചുള്ള ഹെഡർ സുന്ദരവും അതിശയകരവും. കഴിഞ്ഞ യൂറോ കപ്പിൽ രാജ്യത്തിന് വേണ്ടിയുള്ള അരങ്ങേറ്റം കുറിച്ച ഗാക്പോ എന്തുകൊണ്ടാണ് ഡച്ച് ഫുട്ബോളർ ഓഫ് ദ ഇയർ പുരസ്കാരം നേടിയത് എന്നതിനുള്ള ഉത്തരം ആവർത്തിക്കപ്പെട്ട ഗോൾ. പ്രീക്വാർട്ടർ ഡംഫ്രീസിന്‍റെതായിരുന്നു.
കിരീടം നിലനിർത്താനെത്തുന്ന ഫ്രാൻസിനെ ഞെട്ടിച്ചത് ടൂണീഷ്യ. അപ്പോഴും പോഗ്ബയും കാന്‍റെയും ബെൻസെമയും ഉൾപെടെയുള്ള പ്രമുഖരെ പരിക്കേൽപിച്ച ഇടവേളയിലേക്ക് വിട്ടുകൊടുക്കേണ്ടി വന്ന ഫ്രാൻസിന് പക്ഷേ അതൊരു കുറവേ ആയിരുന്നില്ല മൈതാനത്ത്. രാജ്യത്തിന് വേണ്ടി ഏറ്റവും ഗോളടിച്ച ജിറൂദ്, ഡെൻമാർക്കിന് എതിരെ ഗ്രൂപ്പ് മത്സരത്തിലും പോളണ്ടിന് എതിരെ പ്രീക്വാർട്ടറിലും ഇരട്ടഗോളടിച്ച എംബാപ്പെ, മധ്യനിരയിൽ ചുക്കാൻ പിടിച്ച് ആക്രമണത്തിന് കുന്തമുനയായ ഗ്രീസ്മാൻ. ഫ്രാൻസ് ഫുട്ബോൾ ആരാധകരെ രസിപ്പിച്ചു. 24 തികയുംമുമ്പ് 9 ലോകകപ്പ് ഗോൾ നേടി സാക്ഷാൽ പെലെയുടെ ഏഴ് ഗോളെന്ന റെക്കോഡ് മറികടന്ന എംബപ്പെ സമ്മാനിച്ചത് നല്ല കാഴ്ചകൾ.
പോളണ്ടിന് എതിരെയുള്ളത് അസ്സൽ ഗോൾ. നിലവിലെ റണ്ണർ അപ്പായ ക്രൊയേഷ്യക്ക് ക്വാർട്ടറിലേക്കുള്ള വരവ് അത്ര എളുപ്പമായിരുന്നില്ല. മൊറോക്കോയോടും ബെൽജിയത്തിനോടും ഗോൾ രഹിത സമനില വഴങ്ങിയ അവർ കാനഡക്ക് എതിരെ നേടിയ 4^1ന്റെ വിജയത്തിന്റെ ബലത്തിലാണ് അവസാന പതിനാറിലെത്തിയത്. പോരാട്ടവീര്യത്തിൽ ഖത്തറിൽ പുതിയ ഇതിഹാസമെഴുതിയ ജപ്പാൻ എതിരാളികൾ. ഒന്നാം പകുതിയിൽ പിന്നിൽ നിന്ന ടീമിനെ രണ്ടാം പകുതിയിൽ ഒപ്പമെത്തിച്ചത് ടീമിൽ തലപ്പൊക്കം ഇത്തിരി കൂടുതലുള്ള പെരിസിച്ച്. രാജ്യത്തിന് വേണ്ടി പ്രധാന അന്താരാഷ്ട്ര ടൂർണമെന്റുകളിൽ നേടിയ ഗോളുകളിൽ ജപ്പാന് എതിരെയുള്ള അത്യുഗ്രൻ ഹെഡറിന് തിളക്കം കൂടും.
മൂന്നാമത്തെ മാത്രം ക്വാർട്ടറിലെത്തുന്ന പോർച്ചുഗലിന് ഏറ്റവും ആത്മവിശ്വാസമേറ്റുന്നത് പ്രീ ക്വാട്ടറിൽ മികച്ച ടീമായ സ്വിറ്റ്സർലൻഡിന് എതിരെ നേടിയ മിന്നും ജയം. സ്റ്റാർ പ്ലെയർ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഇല്ലാതിരുന്ന, ഒത്തിണക്കുമുള്ള ടീമായി കളിച്ച , ഖത്തറിലെ ആദ്യ ഹാട്രിക് ഗോൺസാലോ റാമോസിലൂടെ പിറന്ന മത്സരം. ഉറുഗ്വെക്ക് എതിരായ മത്സരത്തിൽ ആദ്യം റൊണാൾഡോക്കും പിന്നെ തെറ്റുതിരുത്തി ബ്രൂണോ ഫെർണാണ്ടസിന്റേയും പേരിൽ കുറിച്ച ഗോൾ സുന്ദരമായിരുന്നു.
ലോകകപ്പ് വേദിയിൽ ആദ്യ ക്വാർട്ടർ കളിക്കാൻ മൊറോക്കോ എത്തിയത് തോൽവിയറിയാതെ, ആദ്യമത്സരം ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ച ആദ്യമത്സരത്തിന് പിന്നാലെ ബെൽജിയത്തേയും കാനഡയേയും തോൽപിച്ചെത്തിയ ടീം പ്രീക്വാർട്ടറിൽ സ്പെയിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നു. മൂന്നാമത്തെ ഗ്രൂപ്പ് മത്സത്തിൽ കാനഡക്ക് എതിരെ കളി തുടങ്ങി നാല് മിനിറ്റ് തികയും മുമ്പ് ടീമിനെ മുന്നിലെത്തിച്ച ഗോളടിച്ച ഹാക്കിം സിയെച്ച്, ഒരു ആഫ്രിക്കൻ രാജ്യം ലോകകപ്പിൽ നേടുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഗോൾ എന്ന രേഖപ്പെടുത്തലിനും അർഹനായി.
ഇംഗ്ലണ്ട് തുടങ്ങിയത് ഗോൾമഴ പെയ്യിച്ചാണ്. ഇറാനെ 6-2ന് തോൽപിച്ച വീര്യത്തിലെത്തിയ അവരെ പക്ഷേ അമേരിക്ക ഗോൾരഹിത സമനിലയി. പൂട്ടിയിട്ടു.മൂന്നാംമത്സരത്തിൽ അയൽപക്കമായ വെയ്ൽസിനെ 3-0ന് തോൽപിച്ച് പ്രീക്വാർട്ടറിലെത്തിയ ഇംഗ്ലണ്ട് അവസാന എട്ടിൽ ഒന്നായത് സെനഗലിന് എതിരെയും അതേ സ്കോറിന് ജയിച്ചു. റാഷ്ഫോര്‍ഡും സാകയും ഇതുവരെ മൂന്ന് ഗോളടിച്ചു. അതിൽ വെയ്ൽസിന് എതിരെ റാഷ്ഫോര്‍ഡ് നേടിയ ഫ്രീകിക്ക് ഗോൾ ഉഗ്രൻ.
പിക്‌ഫോര്‍ഡ്. ബെക്കർ, കോസ്റ്റ, ലോറിസ്, നോപ്പർട്ട്, മാർട്ടിനെസ് ആരും മോശായിരുന്നില്ല വലയം കാക്കാൻ. പക്ഷേ കൂട്ടത്തിൽ ക്രൊയേഷ്യയുടെ ലിവാകോവിച്ചിനും മൊറോക്കോയുടെ യാസിൻ ബോനുവിനും ഇത്തിരി പെരുമ കൂടും. കാരണം ടീം ക്വാർട്ടറിലെത്തിയത് അവരുടെ കരുതലിലാണ്. ഗോളടിച്ചവരുടെയും ഗോളടിപ്പിക്കാതിരുന്നവരുടെയും മാത്രമായിരുന്നില്ല സംഭാവന. മധ്യനിരയിൽ തന്ത്രങ്ങള്‍ മെനഞ്ഞ ബെല്ലിങ്ഹാം, ക്ലാസൻ, കാസിമെറോ തുടങ്ങിയവരും ടീമിനെ ജയിപ്പിച്ചവരാണ്. ഇനി കാത്തിരിക്കാം. എട്ടിൽ നിന്ന് നാലായി ചുരുങ്ങുന്ന പട്ടികയിലേക്കുള്ള യാത്രയിൽ വിരിയുന്ന സുന്ദരമുഹൂർത്തങ്ങൾക്കായി.